Headlines

കൈവശം 10 ആനക്കൊമ്പുകളും 13 ശിൽപ്പങ്ങളും; വനംവകുപ്പിൽ വിവരം രേഖപ്പെടുത്തി മോഹൻലാൽ | സിനിമാ വാർത്ത


Last Updated:

2025ൽ ഈ വസ്തുക്കൾക്കായി നൽകിയിരുന്ന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ നീക്കം

മോഹൻലാൽ
മോഹൻലാൽ

തന്റെ കൈവശമുള്ള 10 ആനക്കൊമ്പുകളും 13 ദന്തശിൽപ്പങ്ങളും സംബന്ധിച്ച വിവരങ്ങൾ നടൻ മോഹൻലാൽ (Mohanlal) കേരള വനംവകുപ്പിനെ ഔദ്യോഗികമായി അറിയിച്ചു. 2025ൽ ഈ വസ്തുക്കൾക്കായി നൽകിയിരുന്ന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ നീക്കം.

2011ൽ മോഹൻലാലിന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്കിടെയാണ് പാരമ്പര്യമായി ലഭിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കിയ ആനക്കൊമ്പുകളും ദന്തശിൽപ്പങ്ങളും കണ്ടെത്തിയത്. വന്യജീവി സംരക്ഷണ നിയമം, 1972 പ്രകാരം സർക്കാർ അനുമതിയില്ലാതെ ആനക്കൊമ്പുകളും അവകൊണ്ട് നിർമിച്ച വസ്തുക്കളും കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായതിനാൽ അവ വനംവകുപ്പ് പിടിച്ചെടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മോഹൻലാലിനെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ഇത്തരം വസ്തുക്കൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

സ്വാഭാവികമായി ചരിഞ്ഞ ആനയിൽ നിന്നാണ് ആനക്കൊമ്പുകൾ ലഭിച്ചതെന്നും, അവ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്നുമുള്ള മോഹൻലാലിന്റെ വിശദീകരണം പരിഗണിച്ചാണ് സർക്കാർ അവ കൈവശം വെച്ചിരിക്കുന്ന വിവരം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയത്. തുടർന്ന് 2016ൽ ആനക്കൊമ്പുകൾക്കും ദന്തശിൽപ്പങ്ങൾക്കുമായി ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകളും അനുവദിച്ചിരുന്നു.

ആനക്കൊമ്പുകൾ നിയമാനുസൃതമായാണ് സ്വന്തമാക്കിയതെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാൽ 2016ലും 2019ലും സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, 2023ൽ സർക്കാർ ഈ ആവശ്യം നിരസിച്ചു. തുടർന്ന്, 2025ൽ മോഹൻലാലിന് നൽകിയിരുന്ന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾക്ക് നിയമസാധുതയില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകിയെങ്കിലും, മോഹൻലാലിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഉത്തരവിട്ടിരുന്നില്ല.

വനംവകുപ്പിന്റെ പുതിയ പ്രഖ്യാപനം

2026ൽ വനംവകുപ്പിന്റെ ആംനെസ്റ്റി പദ്ധതിയുടെ ഭാഗമായി മോഹൻലാൽ തന്റെ കൈവശമുള്ള 10 ആനക്കൊമ്പുകളും 13 ദന്തശിൽപ്പങ്ങളും സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി സമർപ്പിച്ചു. മുമ്പ് നൽകിയ വിവരങ്ങളേക്കാൾ ആറ് വസ്തുക്കൾ കൂടുതലാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രജിസ്റ്റർ ചെയ്യാത്ത വന്യജീവി ഉൽപന്നങ്ങൾ നിയമനടപടി നേരിടാതെ പ്രഖ്യാപിക്കാൻ അവസരം നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് മോഹൻലാൽ ഈ വിവരങ്ങൾ കൈമാറിയതെന്ന് കൊച്ചി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥർ പി.ടി.ഐയോട് വ്യക്തമാക്കി.

മൊത്തം 46 കിലോഗ്രാം ഭാരമുള്ള 13 ദന്തശിൽപ്പങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ള വസ്തുക്കളിൽ ഉൾപ്പെട്ടിരിക്കുന്നത്. ശ്രീകൃഷ്ണൻ, ശ്രീരാമൻ, തിരുപ്പതി ബാലാജി എന്നിവരുടെ രൂപങ്ങളിലുള്ള ശിൽപ്പങ്ങളാണിവ. കൈവശമുള്ള ആനക്കൊമ്പുകളിൽ ഭൂരിഭാഗവും പാരമ്പര്യമായി ലഭിച്ചതോ സമ്മാനമായി ലഭിച്ചതോ ആണെന്നാണ് മോഹൻലാലിന്റെ വിശദീകരണം. ഇവയുടെ ഉത്ഭവവും ആധികാരികതയും പരിശോധിക്കുന്നതിനായി ഡി.എൻ.എ. പരിശോധന നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *