Headlines

“ഒന്നുകിൽ കരാർ, അല്ലെങ്കിൽ ഇറാനെ പൂർണ്ണമായി തകർക്കും”; ട്രംപിന്റെ കടുത്ത ഭീഷണി|”Make A Deal Or We Finish The Job”: Donald Trump Issues Fresh Threat To Iran


International

oi-Aromal R

ഇറാനെതിരെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഒന്നുകിൽ തങ്ങളുമായി പുതിയൊരു ആണവ കരാറിൽ ഒപ്പുവെക്കുക, അല്ലെങ്കിൽ ഇറാന്റെ കഥ പൂർണ്ണമായി അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിലാപയാത്ര ചടങ്ങുകൾ ഇറാനിൽ നടക്കുന്നതിനിടയിലാണ് വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് ഈ വിവാദ പ്രസ്താവന നടത്തിയത്. “ഞങ്ങൾ ഏതുവിധേനയും ഈ പോരാട്ടത്തിൽ വിജയിക്കും. ഒന്നുകിൽ അവരുമായി ഒരു കരാറിലെത്തും, അല്ലെങ്കിൽ തുടങ്ങിയ ജോലി ഞങ്ങൾ പൂർത്തിയാക്കും. ഇറാനെ ഇല്ലാതാക്കുക എന്നത് ഞങ്ങൾക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല,” ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

9 കോടിയിലധികം വരുന്ന ഇറാന്റെ ജനസംഖ്യയെ ദോഷകരമായി ബാധിക്കാൻ താൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് ഒരു കരാറിനായി ശ്രമിക്കുന്നതെന്നും ഇറാന്റെ വലിയ പാലങ്ങളെല്ലാം വെറും ഒരു മണിക്കൂർ കൊണ്ട് തകർത്തു തരിപ്പണമാക്കാൻ അമേരിക്കൻ സൈന്യത്തിന് സാധിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ പക്കൽ ഇനി ആണവായുധങ്ങൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, അവരുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച ആണവ വസ്തുക്കൾ അമേരിക്കയ്ക്ക് കൈമാറേണ്ടി വരുമെന്നും പറഞ്ഞു. എന്നാൽ ഇറാനിൽ ഒരു ഭരണമാറ്റമല്ല താൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം ഒപ്പുവെച്ച താൽക്കാലിക സമാധാന കരാറിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും ട്രംപ് നിരന്തരം ഇറാനെതിരെ ഭീഷണികൾ മുഴക്കുകയാണ്.

donald-trump-36801783362344 jpg

ജൂലൈ 3-ന് നടന്ന ആയത്തുള്ള ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇറാന്റെ മുഴുവൻ ഭരണാധികാരികളും മതനേതാക്കളും ഒത്തുകൂടിയത് ഒരു വലിയ സൈനിക അവസരമായിരുന്നു എന്നാണ് ട്രംപ് പരോക്ഷമായി പറഞ്ഞത്. “അവിടെ ഇറാന്റെ പ്രധാനപ്പെട്ട എല്ലാവരും ഒത്തുകൂടിയിട്ടുണ്ടായിരുന്നു. ഒരൊറ്റ ഷോട്ടിൽ അവരെയെല്ലാം ഞങ്ങൾക്ക് തീർക്കാമായിരുന്നു. എന്നാൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ പിന്നീട് അവിടെ ആരും അവശേഷിക്കില്ല എന്നതിനാലാണ് ഞങ്ങൾ അതിന് മുതിരാത്തത്,” ട്രംപ് യുഎസ് മാധ്യമമായ ആക്സിയോസിനോട് പറഞ്ഞു. ഖമേനിയുടെ മരണത്തിൽ ഇത്രയധികം ജനങ്ങൾ കണ്ണീരൊഴുക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇത് ഒരുപക്ഷേ ഇറാന്റെ വ്യാജ കണ്ണീരായിരിക്കാം എന്നും ട്രംപ് പരിഹസിച്ചു.

സംസ്കാരമില്ലാത്ത രാജ്യമാണ് അമേരിക്കയെന്ന് ഇറാൻ

ഡൊണാൾഡ് ട്രംപിന്റെ ഈ കടുത്ത ഭീഷണികൾക്കും പരിഹാസങ്ങൾക്കും എതിരെ ഇറാൻ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. അമേരിക്കയ്ക്ക് സ്വന്തമായി ഒരു ചരിത്രമോ സംസ്കാരമോ ഇല്ലെന്ന് അർമേനിയയിലെ ഇറാൻ എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ തുറന്നടിച്ചു. ജൂലൈ 4-ന് തങ്ങളുടെ 250-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച അമേരിക്കയ്ക്ക് ഖമേനിയുടെ മരണത്തിലുള്ള ജനങ്ങളുടെ യഥാർത്ഥ ദുഃഖം മനസ്സിലാകില്ലെന്ന് ഇറാൻ വ്യക്തമാക്കി.

“മനുഷ്യരെ നിങ്ങൾക്ക് കൊല്ലാം, എന്നാൽ അവരുടെ ആശയങ്ങളെ കൊല്ലാൻ കഴിയില്ല. നിങ്ങൾ ആയത്തുള്ള ഖമേനിയെ കൊലപ്പെടുത്തിയിട്ടുണ്ടാകാം, എന്നാൽ യഥാർത്ഥത്തിൽ നിങ്ങൾ ചെയ്തത് ഒരു പെർഫ്യൂം കുപ്പി അടിച്ചുപൊട്ടിക്കുകയാണ്. അതിന്റെ സുഗന്ധം ഇപ്പോൾ എല്ലാ ഇടങ്ങളിലേക്കും പടർന്നു കഴിഞ്ഞു. സ്വന്തമായി സംസ്കാരമോ ചരിത്രമോ അന്തസ്സോ ഇല്ലാത്ത നിങ്ങൾക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല,” വലിയ ജനക്കൂട്ടത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇറാൻ എംബസി കുറിച്ചു. നിലവിൽ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും ട്രംപിന്റെ പുതിയ പ്രസ്താവനകൾ പശ്ചിമേഷ്യയിൽ വീണ്ടും കനത്ത യുദ്ധഭീതി വിതച്ചിരിക്കുകയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *