Last Updated:
ജോലി ചെയ്തിരുന്ന അവസാന ആറുമാസം കടുത്ത ദഹനസംബന്ധമായ പ്രശ്നങ്ങളും വയറുവേദനയും കാരണം തനിക്ക് ശരിയായി ഭക്ഷണം പോലും കഴിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് സാരാമേ പറയുന്നു
വൻ തുക ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് മുപ്പത്തിമൂന്നാം വയസ്സിൽ റസ്റ്റോറന്റിൽ വെയിട്രസായി ജോലി നോക്കാൻ തുടങ്ങിയ യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. സാരാമേ കോർണിഷ് എന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറാണ് കോർപ്പറേറ്റ് ലോകത്തെ കടുത്ത മാനസിക സമ്മർദ്ദങ്ങൾ തന്റെ ആരോഗ്യത്തെ എങ്ങനെ ബാധിച്ചുവെന്നും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്നും വെളിപ്പെടുത്തിയത്.
ജോലി ചെയ്തിരുന്ന അവസാന ആറുമാസം കടുത്ത ദഹനസംബന്ധമായ പ്രശ്നങ്ങളും വയറുവേദനയും കാരണം തനിക്ക് ശരിയായി ഭക്ഷണം പോലും കഴിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് സാരാമേ പറയുന്നു. ഇതിനായി നിരവധി മെഡിക്കൽ പരിശോധനകൾ നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. എന്നാൽ ഉയർന്ന ശമ്പളമുള്ള ആ കോർപ്പറേറ്റ് ജോലി രാജിവെച്ചതോടെ എല്ലാ ആരോഗ്യപ്രശ്നങ്ങളും അദ്ഭുതകരമായി മാറിയെന്ന് അവർ പറഞ്ഞു. “അതൊരു വെറും മാനസിക സമ്മർദ്ദം മാത്രമായിരുന്നു എന്ന് എനിക്ക് മനസ്സിലായി. ജോലി ഒഴിഞ്ഞതോടെ എല്ലാ രോഗലക്ഷണങ്ങളും മാറി, ഇപ്പോൾ ഞാൻ പൂർണ്ണ ആരോഗ്യവതിയാണ്,” സാരാമേ കുറിച്ചു.
ഭാവിയെക്കുറിച്ച് ഇപ്പോൾ കൃത്യമായ പദ്ധതികളൊന്നുമില്ലെന്നും എന്നാൽ മറ്റുള്ളവരുടെ മുൻവിധികളെ ഭയന്ന് ജീവിക്കാൻ താല്പര്യമില്ലാത്തതിനാലാണ് ഈ മാറ്റമെന്നും അവർ വ്യക്തമാക്കി. നിലവിൽ റസ്റ്റോറന്റിലെ വെയിട്രസ് ജോലി തനിക്ക് ഏറെ സന്തോഷം നൽകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ലക്ഷക്കണക്കിന് ആളുകളാണ് സാരാമേയുടെ ഇൻസ്റ്റാഗ്രാം വീഡിയോ ഇതിനോടകം കണ്ടത്. കോർപ്പറേറ്റ് മേഖലയിലെ കടുത്ത ജോലിഭാരവും മാനസിക സമ്മർദ്ദവും മൂന്നാംകിട ജോലികളിലേക്ക് മാറാൻ തങ്ങളെ പ്രേരിപ്പിച്ചുവെന്ന് വ്യക്തമാക്കി നിരവധി ഉദ്യോഗസ്ഥരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. ഉയർന്ന ബിരുദങ്ങൾ ഉണ്ടായിട്ടും സമാധാനപരമായ ജീവിതത്തിനായി സാധാരണ ജോലികൾ തിരഞ്ഞെടുക്കേണ്ടി വന്ന സ്വന്തം അനുഭവങ്ങളും പലരും പങ്കുവെക്കുന്നുണ്ട്.
New Delhi,New Delhi,Delhi
‘കടുത്ത മാനസിക സമ്മർദം’; 33 കാരി ലക്ഷങ്ങൾ ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഹോട്ടൽ വെയിട്രസായി
