Last Updated:
സാധാരണ കുടുംബ ചിത്രം മാത്രമാണു ‘തുടക്കം’ എന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പറഞ്ഞിരുന്നു
പച്ചപ്പുല്ലുകളാൽ നിറഞ്ഞ മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ കാണാം. സൂക്ഷിച്ചു നോക്കിയാൽ അതിലൊരാളെ മനസ്സിലാകും; വിസ്മയാ മോഹൻലാൽ. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്ററാണിത്. സാധാരണ ഒരു കുടുംബത്തിലെ അംഗങ്ങളാണിവരെന്ന് ഈ പുതിയ അപ്ഡേഷനിലൂടെ മനസ്സിലാക്കാൻ കഴിയും.
സാധാരണ കുടുംബ ചിത്രം മാത്രമാണു ‘തുടക്കം’ എന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പറഞ്ഞിരുന്നു. ചിത്രത്തിൻ്റെ ലോഞ്ചിംഗ് വേളയിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അതിനോട് ഏറെ താതാത്മ്യം പുലർത്തി കൊണ്ടുതന്നെയാണ് ഓരോ അപ്ഡേഷനും അണിയറപ്രവർത്തകർ നൽകിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലാണ് പുറത്തുവരുന്നതെങ്കിലും ചിത്രത്തിൻ്റെ ഉള്ളറകളിൽ എന്തൊക്കെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നത് പ്രദർശനത്തിനെത്തുന്നതു വരേയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
വിസ്മയാ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രത്തിലൂടെ മറ്റൊരു പുതുമുഖത്തേയും സംവിധായകനായ ജൂഡ് ആൻ്റണി ജോസഫ് അവതരിപ്പിക്കുന്നുണ്ട്;
ആശിഷ് ജോ ആൻ്റണി. എമ്പുരാൻ സിനിമയിൽ നിർണ്ണായകമായ ഒരു സീനിൽ മാത്രം പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു ആശിഷ് ജോ ആൻ്റണി. ഇന്നിപ്പോൾ ‘തുടക്കം’ സിനിമയിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മെഗാ ഹിറ്റായ 2018 എന്ന ചിത്രത്തിനു ശേഷം ജൂഡ് ആൻ്റണി ജോസഫ് അണിയിച്ചൊരുക്കുന്ന സിനിമയാണിത്. സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ഡോ. എമിൽ ആൻ്റണിയും, ഡോ. അനീഷ ആൻ്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം – ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്യൂം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ് സി. എബ്രഹാം, ഫിനാൻസ് കൺട്രോളർ – മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ; പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്; പി.ആർ.ഒ.- വാഴൂർ ജോസ്.
Thiruvananthapuram,Kerala
