Headlines

വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ്; ഭൂവുടമകൾക്ക് ആശ്വാസം, 45 ദിവസത്തിനകം നഷ്‌ടപരിഹാരം | Vizhinjam Navaikulam Outer Ring Road; Relief For Landowners Compensation Within 45 Days


Kerala

oi-Nidhin Illikkambath

തിരുവനന്തപുരം: വർഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായി ഭൂമി വിട്ടുനൽകിയവരുടെ നഷ്‌ടപരിഹാര വിഷയത്തിൽ നിർണായക പുരോഗതി. 45 ദിവസത്തിനകം നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ നാല് വർഷമായി നഷ്‌ടപരിഹാരത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത് നാല് വർഷം പിന്നിട്ടിട്ടും ഏകദേശം 6,500 കുടുംബങ്ങൾക്കാണ് നഷ്‌ടപരിഹാരം ലഭിക്കാതെ തുടരുന്നത്. പൊതുതാൽപര്യം മുൻനിർത്തി ഭൂമി വിട്ടുനൽകിയെങ്കിലും ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും നഷ്‌ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഭൂവുടമകൾ നിരവധി തവണ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.

vizhinjam navaikulam outer ring road

നഷ്‌ടപരിഹാര വിതരണം സംബന്ധിച്ച കാര്യത്തിൽ കേരള ഹൈക്കോടതി അടുത്തിടെ ശക്തമായ ഇടപെടലാണ് നടത്തിയത്. നഷ്‌ടപരിഹാരം എപ്പോൾ നൽകുമെന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ പലതവണ നിർദേശിച്ചിട്ടും ദേശീയപാത അതോറിറ്റി അത് പാലിക്കാതിരുന്നതിനെ തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഇതിന്റെ തുടർച്ചയായി ചൊവ്വാഴ്‌ച നടന്ന വാദത്തിനിടെ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ സെക്രട്ടറി വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരായി. നഷ്‌ടപരിഹാര പാക്കേജിന് ആവശ്യമായ ധനകാര്യ സെക്രട്ടറിയുടെ അനുമതി ഇതിനകം ലഭിച്ചിട്ടുണ്ടെന്നും ഇനി കേന്ദ്ര ധനമന്ത്രിയുടെയും കേന്ദ്ര മന്ത്രിസഭയുടെയും അന്തിമ അനുമതി മാത്രമാണ് ശേഷിക്കുന്നതെന്നും കോടതിയെ അറിയിച്ചു.

45 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കും

നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിന് ആവശ്യമായ എല്ലാ അനുമതികളും 45 ദിവസത്തിനകം നേടിയെടുക്കുമെന്നും അതിനുശേഷം ഭൂവുടമകൾക്ക് നഷ്‌ടപരിഹാരം വിതരണം ചെയ്യുന്ന നടപടികൾ ആരംഭിക്കുമെന്നും കേന്ദ്ര സർക്കാർ കോടതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതോടെ വർഷങ്ങളായി അനിശ്ചിതത്വത്തിൽ കഴിയുന്ന ഭൂവുടമകൾക്ക് നഷ്‌ടപരിഹാരം ലഭിക്കുന്നതിനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്.

വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് കേരളത്തിലെ തന്നെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 78 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ പാത വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയപാത ശൃംഖലയുമായും ദേശീയപാത 66-ഉമായും ബന്ധിപ്പിക്കുന്ന പ്രധാന റോഡായിരിക്കും.

തിരുവനന്തപുരം നഗരത്തിലേക്കുള്ള ഗതാഗത സമ്മർദ്ദം കുറയ്ക്കുക, ചരക്ക് വാഹനങ്ങൾക്ക് തടസമില്ലാത്ത യാത്ര ഉറപ്പാക്കുക, വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള ചരക്ക് നീക്കം വേഗത്തിലാക്കുക, വ്യവസായ-ലോജിസ്‌റ്റിക് വികസനത്തിന് പുതിയ സാധ്യതകൾ സൃഷ്‌ടിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

പദ്ധതി യാഥാർഥ്യമാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനക്ഷമത വർധിക്കുന്നതിനൊപ്പം തിരുവനന്തപുരം, ആറ്റിങ്ങൽ, നാവായിക്കുളം ഉൾപ്പെടെയുള്ള മേഖലകളിലെ ഗതാഗതക്കുരുക്കിനും വലിയ പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നഷ്‌ടപരിഹാര വിതരണം പൂർത്തിയായാൽ പദ്ധതി കൂടുതൽ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതരും ഭൂവുടമകളും.



Source link

Leave a Reply

Your email address will not be published. Required fields are marked *