Last Updated:
2022-ലും ചൈനയിൽ ഇതുപോലൊരു സംഭവം നടന്നിരുന്നു
ജീവനക്കാരനുമായി പ്രണയത്തിലാവുകയും, അയാളുടെ വിവാഹമോചനം ഒത്തുതീർപ്പാക്കാൻ 3.6 കോടി രൂപ (3 ദശലക്ഷം യുവാൻ) നൽകുകയും ചെയ്ത ചൈനീസ് ബിസിനസുകാരിക്ക് ഒടുവിൽ വൻ നഷ്ടം. ഒപ്പമുണ്ടായിരുന്ന കാമുകൻ പിരിഞ്ഞുപോയപ്പോൾ പണം തിരികെ വേണമെന്ന ഇവരുടെ ആവശ്യം ചൈനീസ് ഹൈക്കോടതി തള്ളി.
ചൈനയിലെ ചോങ്‌കിംഗിൽ കമ്പനി നടത്തുന്ന ഷു എന്ന ബിസിനസുകാരിയാണ് തന്റെ ജീവനക്കാരനായ ‘ഹി’ എന്ന യുവാവുമായി പ്രണയത്തിലായത്. ഇരുവരും വിവാഹിതരായിരുന്നെങ്കിലും, പഴയ ബന്ധങ്ങൾ ഉപേക്ഷിച്ച് ഒന്നിച്ച് ജീവിക്കാൻ ഇവർ തീരുമാനിച്ചു. യുവാവിന് ഭാര്യയും ഒരു കുട്ടിയുമുണ്ടായിരുന്നു. തുടർന്ന് ഭാര്യയ്ക്ക് വിവാഹമോചന നഷ്ടപരിഹാരമായി നൽകാനാണ് ഷു 3.6 കോടി രൂപ കാമുകന് നൽകിയത്.
എന്നാൽ പിന്നീട് ഇവർ തമ്മിൽ പിരിഞ്ഞു. ഇതോടെ താൻ നൽകിയ പണം തിരികെ വേണമെന്ന് ഷു ആവശ്യപ്പെട്ടു. യുവാവും മുൻഭാര്യയും പണം നൽകാൻ തയാറാകാത്തതിനെ തുടർന്ന് കേസ് കോടതിയിലെത്തി.
ആദ്യ കോടതി പണം തിരികെ നൽകാൻ വിധിച്ചെങ്കിലും, ഹൈക്കോടതി ഈ വിധി റദ്ദാക്കി. ഈ പണം ഒരു വ്യക്തിഗത സമ്മാനമല്ലെന്നും, വിവാഹമോചനത്തിനും കുട്ടിയുടെ സംരക്ഷണത്തിനുമായി നൽകിയതാണെന്നും കോടതി നിരീക്ഷിച്ചു. ആദ്യം പണം നൽകി സഹായിച്ചിട്ട് പിന്നീട് അത് തിരികെ ചോദിക്കുന്നത് അധാർമ്മികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിസിനസുകാരിയുടെ പരാതി കോടതി തള്ളിയത്.
2022-ലും ചൈനയിൽ ഇതുപോലൊരു സംഭവം നടന്നിരുന്നു. അന്ന് വിവാഹിതനായ കാമുകന്റെ ഭാര്യയ്ക്ക്, ഭർത്താവിനെ ഉപേക്ഷിക്കാനായി മറ്റൊരു സ്ത്രീ 1.4 കോടി രൂപ നൽകി. ഭാര്യ പണം വാങ്ങിയെങ്കിലും വിവാഹമോചനത്തിന് തയാറായില്ല. ഒടുവിൽ ഒരു വർഷം ഒന്നിച്ച് ജീവിച്ച ശേഷം പൊരുത്തപ്പെടാൻ കഴിയാതെ കാമുകനും കാമുകിയും വേർപിരിയുകയായിരുന്നു.
