Last Updated:
ഇന്ത്യൻ പാസ്പോർട്ടിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങളും ടെറിട്ടറികളും ഏറ്റവും വേഗത്തിൽ സന്ദർശിച്ച വ്യക്തി എന്ന നേട്ടമാണ് സംഗീതജ്ഞൻ സ്വന്തമാക്കിയത്
തന്റെ ലോക റെക്കോർഡ് യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ സംഗീതജ്ഞനും ലോകസഞ്ചാരിയുമായ ബെന്നി പ്രസാദ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയനാവുകയാണ്. വിസകളും ഇമിഗ്രേഷൻ സ്റ്റാമ്പുകളും കൊണ്ട് നിറഞ്ഞ തന്റെ 16 പാസ്പോർട്ടുകൾ അദ്ദേഹം കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘എംടിപി – മോസ്റ്റ് ട്രാവൽഡ് പീപ്പിൾ’ (MTP – Most Traveled People) എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലാണ് ബെന്നി പ്രസാദിന്റെ ഈ അപൂർവ്വ നേട്ടം വിവരിക്കുന്നത്. ഇന്ത്യൻ പാസ്പോർട്ടിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങളും ടെറിട്ടറികളും ഏറ്റവും വേഗത്തിൽ സന്ദർശിച്ച വ്യക്തി എന്ന നേട്ടമാണ് ബെന്നി സ്വന്തമാക്കിയത്.
ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് എങ്ങനെ ലോക യാത്രാ റെക്കോർഡ് തകർക്കാം എന്ന ചോദ്യത്തോടെയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പ് ആരംഭിക്കുന്നത്. വെറും 6 വർഷവും 6 മാസവും 22 ദിവസവും കൊണ്ട് ഭൂമിയിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച ബെന്നി പ്രസാദ്, ലോകം മുഴുവൻ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിനിടയിലാണ് 16 പാസ്പോർട്ടുകൾ വിസകളും സ്റ്റാമ്പുകളും കൊണ്ട് നിറച്ചത്. പല സഞ്ചാരികൾക്കും യാത്ര എന്നാൽ വിമാനം ബുക്ക് ചെയ്യുക എന്നത് മാത്രമായിരിക്കുമ്പോൾ, മറ്റു ചിലർക്ക് അതിനായി കഠിനാധ്വാനം ചെയ്യേണ്ടി വരുന്നുണ്ട്. ആ യാഥാർത്ഥ്യം ബെന്നിക്ക് മറ്റാരേക്കാളും നന്നായി അറിയാമെന്നും പോസ്റ്റിൽ പറയുന്നു.
അന്റാർട്ടിക്ക ഉൾപ്പെടെ 245 രാജ്യങ്ങളും ആശ്രിത പ്രദേശങ്ങളും താൻ സന്ദർശിച്ചതായി ബെന്നി വീഡിയോയിൽ വിവരിക്കുന്നുണ്ട്. വിവിധ നിറങ്ങളിലുള്ള ഇമിഗ്രേഷൻ സ്റ്റാമ്പുകൾ നിറഞ്ഞ പാസ്പോർട്ട് പേജുകൾ അദ്ദേഹം മറിച്ചു കാണിക്കുമ്പോൾ, കാലപ്പഴക്കം കൊണ്ട് മഞ്ഞനിറമായ പഴയ പേജുകളും അതിൽ കാണാമായിരുന്നു.
ബെന്നിയുടെ ഈ യാത്രാ ചരിത്രം ജനങ്ങളിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. അദ്ദേഹം ഒരു വലിയ പ്രചോദനമാണെന്ന് പലരും കമന്റ് ചെയ്തു. ഇതിനായി ചെയ്യേണ്ടി വന്ന പേപ്പർ വർക്കുകളെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് മറ്റൊരാൾ കുറിച്ചത്. സോഷ്യൽ മീഡിയ നിലവിൽ വരുന്നതിന് മുൻപുള്ള ‘യഥാർത്ഥ ട്രാവൽ ഇൻഫ്ലുവൻസർ’ എന്നാണ് ഇന്റർനെറ്റ് ലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അദ്ദേഹം വലിയൊരു കോടീശ്വരനൊന്നും ആയിരുന്നില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ കഴിവും പ്രശസ്തമായ ഗിറ്റാർ വായനയും അദ്ദേഹത്തെ ലോകത്തിന്റെ വിവിധ കോണുകളിൽ എത്തിക്കുകയായിരുന്നുവെന്നും പരിചയമുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.
1975 ഓഗസ്റ്റ് 6-ന് ബംഗളൂരുവിൽ ജനിച്ച ബെന്നി പ്രസാദിന്റെ ജീവിതം സാഹസികതകൾ നിറഞ്ഞത് മാത്രമല്ല, കടുത്ത പ്രതിസന്ധികളെ അതിജീവിച്ച ഒന്നുകൂടിയാണ്. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, കുട്ടിക്കാലം മുതൽ കടുത്ത ആസ്ത്മ ബാധിതനായിരുന്ന അദ്ദേഹം ദീർഘകാലത്തെ സ്റ്റിറോയ്ഡ് ചികിത്സയ്ക്ക് വിധേയനായിരുന്നു. ഇത് പിന്നീട് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന വാതരോഗത്തിലേക്കും, 60 ശതമാനം ശ്വാസകോശ തകരാറിലേക്കും, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നതിലേക്കും നയിച്ചു.
രോഗപീഡകളും സമ്മർദ്ദങ്ങളും കാരണം 16-ാം വയസ്സിൽ കടുത്ത വിഷാദരോഗത്തിലായ ബെന്നി ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. എന്നാൽ പിന്നീട് ഒരു യൂത്ത് റിട്രീറ്റിൽ പങ്കെടുത്തതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി മാറിയത്. അവിടെവച്ച് അദ്ദേഹം സംഗീതത്തെ കണ്ടെത്തുകയും ആ സംഗീതം അദ്ദേഹത്തെ ലോകം മുഴുവൻ ചുറ്റിക്കറങ്ങാനുള്ള വലിയൊരു ഊർജ്ജമായി മാറുകയും ചെയ്തു.
Bangalore,Karnataka
