Kerala
oi-Ashif N
കൊച്ചി: മദ്യ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിഡി സതീശന്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം കോണ്‍ഗ്രസില്‍ വിമത സ്വരത്തിന് ഇടയാക്കുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നുണ്ട് എന്നാണ് വിവരം. മുഖ്യ ഘടകകക്ഷിയായ മുസ്ലിം ലീഗിനും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടത്രെ. ഒരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുന്നത് ജനാധിപത്യ മര്യാദയല്ല എന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍.
പല വിഷയങ്ങളിലും നിലപാട് കൃത്യതയോടെ പറയുന്ന നേതാവാണ് ജിന്റോ. ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ മുഖമാണ് അദ്ദേഹം. എന്നാല്‍ വീര്യം കുറഞ്ഞ മദ്യവും നികുതിയുമെല്ലാം അടങ്ങിയ പുതിയ വിവാദത്തിന് ന്യായീകരണം അസാധ്യമാണെന്ന് സൂചിപ്പിക്കുകയാണ് ജിന്റോ. ലോട്ടറിയും മദ്യവും മണലും അല്ലാതെയുള്ള വികസന മാജികാണ് ജനം കാത്തിരിക്കുന്നതെന്നും ജിന്റോ ഓര്‍മിപ്പിക്കുന്നു.

ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ”ഒറ്റൊരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുക എന്നത് ഒരു ജനാധിപത്യ മാതൃകയല്ല. കൂട്ടായ ആലോചന എന്നത് ജനാധിപത്യത്തില്‍ ഒരു മോശപ്പെട്ട സംസ്‌കാരവുമല്ല. എത്രയോ നല്ല കാര്യങ്ങള്‍ പറയാനും പ്രചരിപ്പിക്കാനുമുള്ള വിലപ്പെട്ട സമയം വ്യക്തതയില്ലാത്ത ന്യായീകരങ്ങള്‍ക്ക് ചിലവഴിക്കുന്നത് വലിയ നഷ്ടമാണ്. ലക്ഷ്യങ്ങള്‍ നല്ലതാകാം കാഴ്ചപ്പാടുകള്‍ മികച്ചതാകാം. പക്ഷേ അതെല്ലാം നടപ്പിലാക്കാനുള്ള വഴികളും നല്ലത് തന്നെയാകണം. നല്ലതെല്ലാം നന്നായി തന്നെ ചെയ്യുമ്പോഴാണ് നന്മകള്‍ വിതരണം ചെയ്യൂക. അല്ലെങ്കില്‍ ഭൂതകാല വീഴ്ചകളുടെ ആവര്‍ത്തന സാമ്യം തോന്നിയേക്കാം.
ശരിതെറ്റുകളുടെ തര്‍ക്കങ്ങള്‍ മാറ്റിനിര്‍ത്തിയാലും ബാര്‍കോഴ ആരോപണം ഒരുപാട് നന്മകളുടെ നേരനുഭവങ്ങള്‍ സമ്മാനിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ തോല്‍പ്പിച്ച ചിലതില്‍ ഒന്നായിരുന്നു. ആ ആരോപണം മറന്ന് അതിനെല്ലാം കാരണമായ പാര്‍ട്ടിയെ സിപിഎം ചുമന്നെങ്കിലും അവരോടുള്ള മറുചോദ്യമാക്കരുത് വര്‍ത്തമാനകാല തീരുമാനങ്ങള്‍.
ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പിണറായിസ്റ്റുകള്‍ക്കും പ്രത്യേകമായി അന്നത്തെ എക്‌സൈസ് മന്ത്രിക്കും തരിമ്പും അവകാശമില്ല. പക്ഷേ പൊതുജനങ്ങള്‍ക്ക് ഉണ്ടെന്ന് ഓര്‍ക്കുന്നത് ജനാധിപത്യത്തിന്റെ മര്യാദ ശീലങ്ങള്‍ ആകണം. ലോട്ടറിയും മദ്യവും മണല്‍ കച്ചവടവും അല്ലാതെയുള്ള മാജിക്ക് ആണ് കേരള വികസനത്തിന്റെ പുതുയുഗത്തില്‍ കാത്തിരിക്കുന്നത്. ബാക്കിയെല്ലാം ഐസക്ക് ഇക്കണോമിക്‌സിന്റെ പ്രേതാവേശം പോലെയാകും. ഇവയില്‍ ഏതായാലും ദൂരവ്യാപക സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കാത്തുവക്കുന്നതാണ്.
സുതാര്യതയില്ലാത്ത ഏത് നിലപാടും, കാരണം ബോധ്യപ്പെടുത്താനാവാത്ത പ്രഖ്യാപനങ്ങളും പൊതുനിരത്തില്‍ മറുപടി ഇല്ലാത്തവരാക്കുന്നത് കയ്യടിച്ചു മുദ്രാവാക്യം വിളിച്ച സാധാരണ പ്രവര്‍ത്തകരാണ്. പത്ത് കൊല്ലങ്ങളുടെ പടവെട്ട് കഴിഞ്ഞ് ഒന്ന് ശ്വാസം എടുത്തിട്ട് ന്യായീകരണത്തിന് ഇറങ്ങിയില്ലെങ്കില്‍ പതറിപ്പോകും ചിലപ്പോള്‍. ചോദ്യങ്ങള്‍ക്ക് ചാട്ടുളി പോലുള്ള ഉത്തരം പറഞ്ഞ് ശീലമുള്ളവര്‍ക്ക് തൊണ്ടയടയുന്ന പരുങ്ങല്‍ സമ്മാനിക്കരുത്… മുന്നില്‍ നിന്ന് ഉത്തരം പറയേണ്ടവര്‍ ഒതുങ്ങി നടക്കുന്ന ഓരോ മണിക്കൂറും ഉത്തരമില്ലാതെ കുഴയുന്നത് ഉത്തരവാദികള്‍ അല്ലാത്തവരാണ്. ഓര്‍ക്കണേ”