Last Updated:
വിവാദമായ രംഗങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും സംവിധായകൻ
ജാൻവി കപൂറിനെ അതിരുകടന്ന ഗ്ലാമർ ചിത്രീകരണത്തിലൂടെ അവതരിപ്പിച്ചുവെന്ന വിമർശനങ്ങൾക്കിടെ, ‘പെദ്ധി’യുടെ സംവിധായകൻ ബുച്ചി ബാബു സന ആദ്യപ്രതികരണവുമായി രംഗത്ത്. വിഷയത്തിൽ ജാൻവി കപൂറോ രാം ചരണോ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, ഉയർന്നുവന്ന വിമർശനങ്ങളെ സിനിമാസംഘം ഗൗരവത്തോടെ കാണുന്നതായി അദ്ദേഹം വ്യക്തമാക്കി. വിവാദമായ രംഗങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും സംവിധായകൻ ഉറപ്പുനൽകി.
സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ബുച്ചി ബാബു സന നിലപാട് വ്യക്തമാക്കിയത്.
“ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ, സിനിമ പ്രേക്ഷകരെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും അവരുടെ മനസ്സുമായി സംവദിക്കുകയും ചെയ്യേണ്ടതാണെന്നാണ് എന്റെ വിശ്വാസം. ഒരു വിഭാഗം ആളുകളെ അസ്വസ്ഥരാക്കുകയോ അവരോട് അനാദരവ് കാണിക്കുകയോ ചെയ്യുക എന്നത് ഒരിക്കലും സിനിമയുടെ ലക്ഷ്യമാകരുത്. ‘പെദ്ധി’യിലെ ചില രംഗങ്ങളെക്കുറിച്ച് ഉയർന്ന അഭിപ്രായങ്ങളും വിമർശനങ്ങളും ഞങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അവയെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
തിരശ്ശീലയ്ക്ക് മുന്നിലും പിന്നിലും സ്ത്രീകളോട് എപ്പോഴും വലിയ ആദരവാണ് ഞാൻ പുലർത്തിയിട്ടുള്ളത്. ഒരു സ്ത്രീ കഥാപാത്രത്തെയും വെറും കാഴ്ചവസ്തുവായി അവതരിപ്പിക്കുകയോ അവരോട് അനാദരവ് കാണിക്കുകയോ ചെയ്യുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല,” ബുച്ചി ബാബു സന കുറിച്ചു.
സിനിമയിലെ ഏതെങ്കിലും ഭാഗം അപ്രകാരമൊരു അനുഭവമോ അസ്വസ്ഥതയോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, ആ വികാരങ്ങളെ ഞങ്ങൾ ആദരവോടെ അംഗീകരിക്കുന്നു. ഉയരുന്ന ആശങ്കകൾ ഞങ്ങൾ മനസ്സിലാക്കുന്നു, അതിനോടൊപ്പം ആത്മാർത്ഥമായ ക്ഷമാപണവും അറിയിക്കുന്നു. ലഭിച്ച പ്രതികരണങ്ങൾ വിശദമായി വിലയിരുത്തിയതിന് ശേഷം ബന്ധപ്പെട്ട രംഗങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രേക്ഷകരുമായുള്ള ബന്ധത്തിലൂടെയാണ് സിനിമ വളരുന്നത്. അതിനാൽ, കഥാകൃത്തുക്കൾ എന്ന നിലയിൽ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക കാഴ്ചപ്പാടുകളെയും സംവേദനശീലങ്ങളെയും കുറിച്ച് ബോധവാന്മാരായിരിക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
As a filmmaker, I believe cinema should entertain, inspire, and connect with audiences. It should never make anyone feel uncomfortable or disrespected. We have heard the feedback regarding certain scenes in Peddi and have taken it seriously.
I have always had immense respect for…
— BuchiBabuSana (@BuchiBabuSana) June 6, 2026
“ഓരോ സ്ത്രീയും ആദരിക്കപ്പെടാനും മൂല്യവത്തായി പരിഗണിക്കപ്പെടാനും അന്തസ്സോടെ പ്രതിനിധീകരിക്കപ്പെടാനും അർഹരാണ്. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ ആഘോഷിക്കുകയും ആ മൂല്യങ്ങളെ ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്ന കഥകൾ പറയാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സത്യസന്ധമായും ആത്മാർത്ഥമായും അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാവർക്കും നന്ദി,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പ്രസ്താവന എക്സ് പ്ലാറ്റ്ഫോമിൽ വൈറലായിട്ടുണ്ട്. ഇതിനെ തുടർന്ന് വ്യത്യസ്ത അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉയർന്നുവരുന്നുണ്ട്.
ആ രംഗങ്ങൾ പ്രേക്ഷകർ ഇത്രയും നെഗറ്റീവ് ആയി സ്വീകരിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റാം ചരണും ജാൻവി കപൂറും തമ്മിലുള്ള ഒരു രസകരമായ പ്രണയകഥ അവതരിപ്പിക്കുകയെന്നതായിരുന്നു തന്റെ ഉദ്ദേശമെന്ന് അദ്ദേഹം സ്ക്രീനിനോട് പറഞ്ഞു.
അന്തിമഫലം പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായിരുന്നുവെന്ന് അദ്ദേഹം അംഗീകരിച്ചു. അതിനാൽ ഭാവിയിൽ കൂടുതൽ സൂക്ഷ്മത പുലർത്തുകയും മികച്ച സൃഷ്ടികൾ ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിലെ വിവാദമായ ഭാഗങ്ങൾ തിരുത്തുമെന്ന് നിർമ്മാതാവ് ഇപ്പോൾ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും, എഡിറ്റ് ചെയ്ത പതിപ്പ് എപ്പോൾ തിയേറ്ററുകളിൽ എത്തുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
Thiruvananthapuram,Kerala
നായികയെ അമിതമായി ഗ്ലാമർവത്കരിച്ചു; വിമർശനങ്ങൾക്കിടെ മാറ്റങ്ങൾ വരുത്താനൊരുങ്ങി ‘പെദ്ധി’ സംവിധായകൻ
