Headlines

ഷോപ്പിംഗ് ബാഗ് ചുമക്കാൻ മണിക്കൂറിന് 79 രൂപ; ഡൽഹിയിലെ ‘കാരിമെൻ’ സ്റ്റാർട്ടപ്പ് വിവാദത്തിൽ | Buzz News


ഈ സേവനത്തെക്കുറിച്ചുള്ള വീഡിയോകൾ പ്രചരിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നത്

ന്യൂഡൽഹി: തിരക്കേറിയ വിപണികളിൽ പണം നൽകി ഷോപ്പിംഗ് സഹായികളെ (Shopping Assistants) ലഭ്യമാക്കുന്ന ഡൽഹി ആസ്ഥാനമായുള്ള ഒരു പുത്തൻ സ്റ്റാർട്ടപ്പ് ഓൺലൈൻ ലോകത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ‘കാരിമെൻ’ (Carrimen) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനത്തെ അനുകൂലിക്കുന്നവർ ഇതൊരു മികച്ച നഗര സൗകര്യമാണെന്ന് വിശേഷിപ്പിക്കുമ്പോൾ, ചിലർ ഇതിനെ വിമർശിക്കുകയാണ്.

News18

എന്താണ് ‘കാരിമെൻ’ സേവനം?

നിലവിൽ ഡൽഹിയിലെ പ്രശസ്തമായ ലജ്പത് നഗർ സെൻട്രൽ മാർക്കറ്റിലാണ് ഈ സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്നത്. വിപണിയിലെ പ്രത്യേക ബൂത്തുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഈ സഹായികളെ ബുക്ക് ചെയ്യാം. 30 മിനിറ്റിന് 79 രൂപയിൽ തുടങ്ങി ബുക്കിംഗ് സമയത്തിന് അനുസരിച്ച് ഏകദേശം 400 രൂപ വരെയാണ് നിരക്ക്. മണിക്കൂറിന് 149 രൂപ നിരക്കിലും ഇവരെ നിയമിക്കാം.

ഈ സഹായികൾ ചെയ്യുന്ന പ്രധാന ജോലികൾ:

  • ഉപഭോക്താക്കളുടെ കനത്ത ഷോപ്പിംഗ് ബാഗുകൾ ചുമക്കുക.
  • തിരക്കേറിയ ഭക്ഷണശാലകളിൽ അവർക്ക് വേണ്ടി ക്യൂ നിൽക്കുക.
  • മെട്രോ സ്റ്റേഷനുകളിലേക്കോ പാർക്കിംഗ് ഏരിയകളിലേക്കോ വഴി കാണിക്കുക.
  • തിരക്കുള്ള വിപണിയിൽ ഇരിക്കാൻ ഇടം കണ്ടെത്തുക.
  • നീണ്ട ഷോപ്പിംഗിനിടയിൽ വിശ്രമിക്കാൻ മടക്കാവുന്ന പോർട്ടബിൾ കസേരകൾ ഒരുക്കുക.

ഇതിനുപുറമെ കുടകൾ, പവർ ബാങ്കുകൾ, മാസ്കുകൾ, ബേബി പ്രാമുകൾ (Baby prams) എന്നിവയും ഇവർ ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്. എന്നാൽ കുട്ടികളെ നോക്കേണ്ട ചുമതല സഹായികൾക്കില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ഐഡന്റിറ്റി പരിശോധനയ്ക്ക് ശേഷം കൃത്യമായ പരിശീലനം നൽകിയാണ് ഇവരെ നിയോഗിക്കുന്നത് എന്നും ഇവർക്ക് പ്രതിമാസം 18,000 രൂപ വരെ സമ്പാദിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഈ സേവനത്തെക്കുറിച്ചുള്ള വീഡിയോകൾ പ്രചരിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നത്. പണവും സൗകര്യവും മനുഷ്യനെ മടിയനാക്കുകയാണെന്നും ഇത്തരം കമ്പനികൾ മനുഷ്യരെ ചരക്കുവൽക്കരിക്കുകയാണെന്നും വിമർശകർ ആരോപിക്കുന്നു.

“ഇതൊരു സ്റ്റാർട്ടപ്പല്ല, മറിച്ച് ബ്രാൻഡഡ് നാമത്തിലും മൊബൈൽ ആപ്പിലും പാക്കേജ് ചെയ്ത് വിൽക്കുന്ന ആധുനിക കാലത്തെ ചൂഷണമാണ്. സമ്പന്നർക്ക് വേണ്ടി ബാഗ് ചുമക്കാനും ക്യൂ നിൽക്കാനും യുവാക്കൾ നിർബന്ധിതരാകുന്നത് രാജ്യത്തെ തൊഴിലില്ലായ്മയുടെ പ്രതീകമാണ്.” – സോഷ്യൽ മീഡിയയിലെ ഒരു പ്രതികരണം. യഥാർത്ഥ സാങ്കേതിക നവീകരണങ്ങൾ നടത്തുന്നതിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ പരാജയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇത്തരം സേവനങ്ങളെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ഡൽഹിയിലെ കടുത്ത തിരക്കുള്ള വിപണികളുടെ യാഥാർത്ഥ്യം മനസ്സിലാക്കാതെയാണ് വിമർശനം എന്നാണ് അനുകൂലിക്കുന്നവരുടെ വാദം. ലജ്പത് നഗർ, സരോജിനി നഗർ, ചാന്ദ്‌നി ചൗക്ക് തുടങ്ങിയ വിപണികളിലെ വലിയ തിരക്കും കിലോമീറ്ററുകളോളമുള്ള നടത്തവും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്.

പ്രായമായവർ, ഗർഭിണികൾ, ചെറിയ കുട്ടികളുമായി എത്തുന്ന മാതാപിതാക്കൾ എന്നിവർക്ക് ഈ സേവനം വലിയൊരു അനുഗ്രഹമാണെന്ന് ഇവർ പറയുന്നു. കഴിഞ്ഞ ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ച ഈ സ്റ്റാർട്ടപ്പിൽ ആദ്യമാസം തന്നെ 50-ലധികം ബുക്കിംഗുകൾ നടന്നിരുന്നു. ഇതിൽ ഭൂരിഭാഗവും തുണികളും ഗൃഹോപകരണങ്ങളും വാങ്ങാൻ എത്തിയ പ്രായമായ ഉപഭോക്താക്കളായിരുന്നു. ഓൺലൈൻ ഷോപ്പിംഗിലേക്ക് ആളുകൾ മാറുന്ന ഈ കാലത്ത്, ഇത്തരം സൗകര്യങ്ങൾ പരമ്പരാഗത വിപണികളെ സജീവമായി നിലനിർത്താൻ സഹായിക്കുമെന്നും അനുകൂലിക്കുന്നവർ വാദിക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *