Headlines

260 വന്ദേഭാരത് സ്ലീപ്പര്‍ വരുന്നു; രാത്രി യാത്രകള്‍ ആഡംബരമാകും, ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും | Vande Bharat Sleeper: 260 Trains Coming Including Bengaluru-Kochi Route, Night Travel To Become Luxury


India

oi-Ashif N

രാജ്യത്തെ ട്രെയിന്‍ യാത്രകള്‍ക്ക് വേഗതയും ആഡംബരവും കൂടിയത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ വരവോടെയാണ്. രാത്രി യാത്ര കൂടുതല്‍ ആനന്ദകരമാക്കാന്‍ ഇനി വന്ദേഭാരത് സ്ലീപ്പറിലാണ് റെയിവെയുടെ ശ്രദ്ധ. രാജ്യത്ത് സുപ്രധാന ദീര്‍ഘദൂര റൂട്ടുകളില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടും. 260 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

അസമിനും ബംഗാളിനുമിടയില്‍ കാമാഖ്യ-ഹൗറ റൂട്ടിലാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. ഇനിയും കൂടുതല്‍ റൂട്ടുകളില്‍ സ്ലീപ്പര്‍ ഉടന്‍ വരുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ബെംഗളൂരു-മുംബൈ റൂട്ടില്‍ ഉള്‍പ്പെടെ പരീക്ഷണം നടക്കുകയും ചെയ്തു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. അതിനിടെയാണ് 260 പുതിയ ട്രെയിനുകള്‍ നിര്‍മിക്കുന്നു എന്ന വാര്‍ത്ത.

vande bharat sleeper construction updates

16 കോച്ചുകളുള്ള 10 സ്ലീപ്പര്‍ ട്രെയിനുകള്‍ ബിഇഎംഎല്‍ നിര്‍മിക്കുന്നുണ്ട്. ചെന്നൈയിലെ ഐസിഎഫില്‍ 50 ട്രെയിനുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ 24 കോച്ചുകളുണ്ടാകും. ഇന്ത്യയും റഷ്യയും സംയുക്തമായി നടത്തുന്ന കിനെറ്റ് റെയില്‍വെ സൊലൂഷന്‍സ് 120 ട്രെയിനുകള്‍ നിര്‍മിക്കും. മഹാരാഷ്ട്രയിലെ ലാഥൂരില്‍ നിന്ന് അടുത്ത മാര്‍ച്ച് 31നകം ഇവ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ബാക്കി 80 എണ്ണം നിര്‍മിക്കുന്നത് ടാറ്റഗഡ്-ഭെല്‍ സംയുക്ത സംരംഭമാണ്.

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്താന്‍ സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക് സാധിക്കും. എങ്കിലും 160 കിലോമീറ്റര്‍ വേഗതയിലാകും സര്‍വീസ്. ഓരോ റൂട്ടുകള്‍ക്കും അനുസരിച്ച് വേഗതയില്‍ വ്യത്യാസം വരും. 16 കോച്ചുകളാണ് മിക്ക സ്ലീപ്പറിലും ഉണ്ടാകുക. ഇതില്‍ 11 3 ടയര്‍ കോച്ചുകളും നാല് 2 ടയര്‍ കോച്ചുകളും ഒരു ഫസ്റ്റ് ക്ലാസ് കോച്ചുമായിരിക്കും. ട്രെയിന്‍ മൊത്തം ശീതീകരിച്ചതാകും.

കേരളത്തിന് ഒരു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കിട്ടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്ന കാര്യം അടുത്തിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ബെംഗളൂരുവില്‍ നിന്ന് എറണാകുളം വഴി തിരുവനന്തപുരം പിന്നിട്ട് നാഗര്‍ഗോവിലിലേക്കാണ് ഈ ട്രെയിന്‍. 12 മണിക്കൂറില്‍ ഓടിത്തീരാന്‍ സാധിക്കുന്ന റൂട്ടുകളാണ് റെയില്‍വെ പരിഗണിക്കുന്നത്.

അതേസമയം, കേരളത്തിലൂടെ സ്ലീപ്പര്‍ വരുന്നത് സമയ നഷ്ടമാണെന്ന് നാഗര്‍കോവിലിലെയും കന്യാകുമാരിയിലെയും ട്രെയിന്‍ യാത്രക്കാരുടെ സംഘടനകള്‍ പറയുന്നു. പകരം ബെംഗളൂരുവില്‍ നിന്ന് തുടങ്ങി തമിഴ്‌നാട്ടിലൂടെ തന്നെ നാഗര്‍കോവിലില്‍ എത്തുന്നതാണ് കൂടുതല്‍ ലാഭകരം എന്നു അവര്‍ പറയുന്നു. ഇക്കാര്യത്തില്‍ റെയില്‍വെ അന്തിമ തീരുമാനം എടുത്തിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്ന് സമ്മര്‍ദ്ദം ശക്തമായാല്‍ കേരളത്തിന് ലഭിക്കേണ്ട ട്രെയിന്‍ വഴിമാറി പോകുമോ എന്ന ആശങ്കയുമുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *