Last Updated:
മനുഷ്യന്റെ കഴിവിന് അതിരുകളില്ലെന്ന് ഓർമ്മിപ്പിക്കുന്നതാണ് തന്റെ ഈ നേട്ടമെന്ന് റോഹ്താഷ് ചൗധരി പറഞ്ഞു
റോഡ് അപകടത്തെ തുടർന്ന് രണ്ടുവർഷത്തോളം കിടപ്പിലായിരുന്ന യുവാവ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. 41കാരനായ റോഹ്താഷ് ചൗധരി എന്ന യുവാവാണ് 847 പുഷ്-അപ്പുകളെടുത്ത് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. ഒരു മണിക്കൂർ കൊണ്ടാണ് 27.21 കിലോഗ്രാം ഭാരമുള്ള ബാക്ക്പാക്ക് ചുമന്ന് 847 പുഷ്-അപ്പുകൾ പൂർത്തിയാക്കി.
റെക്കോർഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവിയയും ഗിന്നസ് വിധികർത്താവ് അയ്നി തൂരബല്ലിയും ചേർന്ന് റോഹ്താഷിന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
മനുഷ്യന്റെ കഴിവിന് അതിരുകളില്ലെന്ന് ഓർമ്മിപ്പിക്കുന്നതാണ് തന്റെ ഈ നേട്ടമെന്ന് റോഹ്താഷ് ചൗധരി പറഞ്ഞു. തന്റെ കഴിവ് സ്വയം വിശ്വസിക്കുകയും പരിശ്രമിക്കുകയും ചെയ്താൽ അസാധ്യമെന്ന് തോന്നുന്നതും സാധ്യമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഈ നേട്ടത്തിനായി മാസങ്ങളോളം കൃത്യമായ പരിശീലനമാണ് റോഹ്താഷ് പിന്തുടർന്നത്. എല്ലാ ദിവസവും പുലർച്ചെ ഭാരമേന്തിയ പുഷ്-അപ്പുകളുടെ നിരവധി സെറ്റുകൾ പരിശീലിക്കുകയും ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം പാലിക്കുകയും ചെയ്തു.
രണ്ട് വർഷങ്ങൾക്ക് മുമ്പുണ്ടായ ഗുരുതരമായ വാഹനാപകടത്തെ തുടർന്ന് റോഹ്താഷിന് ചലിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ ശാരീരികമായും മാനസികമായുമുള്ള ശക്തമായ തിരിച്ചുവരവിന് വേണ്ടി അദ്ദേഹം കഠിനമായി പരിശ്രമിക്കുകയായിരുന്നു.
ലോക റെക്കോർഡുകൾക്ക് പുറമേ കേന്ദ്ര സർക്കാരിന്റെ ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് പദ്ധതിയുടെ അംബാസഡറായും റോഹ്താഷ് പ്രവർത്തിക്കുന്നു. യുവതലമുറയിൽ ശാരീരിക ക്ഷമതയുടെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും പ്രാധാന്യം പ്രചരിപ്പിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.
