Last Updated:
സിനിമയുടെ ഉള്ളടക്കം പരിശോധിച്ച് ചില ഭാഗങ്ങള്‍ പൂർണ്ണമായി നീക്കം ചെയ്യാനും ചില അശ്ലീല സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാനും സെന്‍സര്‍ ബോർഡ് നേരത്തെ കടുപ്പിച്ചു നിർദേശം നൽകിയിരുന്നു
തിരുവനന്തപുരം: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) അനുമതിപത്രം ലഭിച്ച ശേഷം സിനിമയിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തി പ്രദർശിപ്പിച്ചെന്ന പരാതിയിൽ ‘മോളിവുഡ് ടൈംസ്’ സിനിമയുടെ സംവിധായകനും നിർമാതാവിനുമെതിരെ പോലീസ് കേസെടുത്തു. സിബിഎഫ്‌സി നിയമങ്ങൾ ലംഘിച്ചെന്ന് കാണിച്ച് റീജിയണൽ ഓഫിസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലം പൊലീസാണ് അണിയറപ്രവർത്തകർക്കെതിരെ കടുത്ത നടപടിയെടുത്തത്.
കേന്ദ്ര വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻസർ ബോർഡിൽ നിന്നും ‘UA 16+’ കാറ്റഗറിയിലുള്ള അനുമതിപത്രമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചിരുന്നത്. എന്നാൽ സിനിമ തിയേറ്ററുകളിൽ എത്തിയപ്പോൾ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് പ്രദർശിപ്പിച്ചതെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. സെൻസർ സർട്ടിഫിക്കറ്റ് കൈപ്പറ്റിയ ശേഷം സിനിമയിലെ ചില നിർണ്ണായക രംഗങ്ങളിൽ ഭേദഗതി വരുത്തുകയും, ബോർഡ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട അശ്ലീല സംഭാഷണങ്ങൾ വീണ്ടും ഉൾപ്പെടുത്തി കൃത്രിമം കാണിക്കുകയുമായിരുന്നു. സിനിമാറ്റോഗ്രാഫ് നിയമപ്രകാരമാണ് നിലവിൽ സംവിധായകനെയും നിർമാതാവിനെയും പ്രതിചേർത്ത് കേസെടുത്തിരിക്കുന്നത്.
സിനിമയുടെ ഉള്ളടക്കം പരിശോധിച്ച് ചില ഭാഗങ്ങള്‍ പൂർണ്ണമായി നീക്കം ചെയ്യാനും ചില അശ്ലീല സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാനും സെന്‍സര്‍ ബോർഡ് നേരത്തെ കടുപ്പിച്ചു നിർദേശം നൽകിയിരുന്നു. പക്ഷേ ഈ നിർദേശങ്ങളെയെല്ലാം അണിയറക്കാര്‍ തള്ളിക്കളഞ്ഞു. തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച പതിപ്പിൽ, സെൻസർ ബോർഡ് കത്രിക വെച്ച ഭാഗങ്ങളെല്ലാം അതുപോലെ തന്നെ കോര്‍ത്തിണക്കുകയും മ്യൂട്ട് ചെയ്ത ഭാഗങ്ങളുടെ ശബ്ദം പുനഃസ്ഥാപിക്കുകയുമാണ് ചെയ്തത്. തികച്ചും നിയമവിരുദ്ധമായി തിയേറ്ററുകളിൽ അശ്ലീല പതിപ്പ് പ്രദർശിപ്പിച്ചതിനാണ് ഇപ്പോൾ അണിയറപ്രവർത്തകർ നിയമനടപടി നേരിടുന്നത്.
Thiruvananthapuram,Kerala
സെൻസർ ചെയ്ത അശ്ലീല സംഭാഷണങ്ങൾ പ്രദർശിപ്പിച്ചു; ‘മോളിവുഡ് ടൈംസ്’ സംവിധായകനും നിർമാതാവിനുമെതിരെ കേസ്
