Headlines

വിജയിയുടെ സ്വപ്‌ന പദ്ധതി; ടെണ്ടര്‍ കിട്ടിയത് കേരളത്തിലെ ജ്വല്ലറികള്‍ക്ക്, ഒരു മോതിരത്ത് വെറും ഒരു പൈസ! | Gold Ring Scheme: Joy Alukkas Just 1 Paise For One Ring To Win Vijay Govt’s Rs 755-Cr Gold Ring Contract


India

oi-Jithin TP

വിജയ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ‘തായ് മാമന്‍ തങ്ക മോതിരം പദ്ധതി’യുടെ ടെണ്ടര്‍ കേരളത്തിലെ ജ്വല്ലറികള്‍ക്ക്. ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സുമാണ് പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുത്തിരിക്കുന്നത്. തമിഴ്നാട് സര്‍ക്കാരിന്റെ 755 കോടി രൂപയുടെ ക്ഷേമപദ്ധതിയാണ് ‘തായ് മാമന്‍ തങ്ക മോതിരം പദ്ധതി’. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു മോതിരം നല്‍കുന്ന പദ്ധതിയാണിത്.

ജൂണ്‍ 22 മുതല്‍ ഓരോ കുഞ്ഞിനും ഈ പദ്ധതി പ്രകാരം ഒരു മോതിരം നല്‍കുന്നുണ്ട്. ഈ പദ്ധതിക്കായാണ് സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചത്. ഇതില്‍ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിക്കൊണ്ടാണ് കേരളത്തിലെ ഈ രണ്ട് ജ്വല്ലറികളും തങ്ങളുടെ പ്രാദേശിക എതിരാളികളെ പിന്തള്ളിയിരിക്കുന്നത്. ജോയ് ആലുക്കാസ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി.

Gold Ring Scheme

ഇതിനെ തുടര്‍ന്ന് ബിഡില്‍ പങ്കെടുത്ത മറ്റ് 10 കമ്പനികളോടും ആ നിരക്കുമായി ഒത്തുപോകാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതില്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് മാത്രമാണ് ആ നിരക്ക് അംഗീകരിക്കാന്‍ തയ്യാറായത്. തുടര്‍ന്ന്, തിരഞ്ഞെടുത്ത കമ്പനികളായ ജോയ് ആലുക്കാസിനും കല്യാണ്‍ ജ്വല്ലേഴ്‌സിനും 70:30 എന്ന അനുപാതത്തില്‍ വര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കി.

ആദ്യ നാല് മാസത്തിനുള്ളില്‍ 1,28,499 മോതിരങ്ങള്‍ വിതരണം ചെയ്യാനാണ് ഈ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. സ്വര്‍ണത്തിന്റെ വില നിലവിലുള്ള വിപണി നിരക്കില്‍ തമിഴ്നാട് സര്‍ക്കാര്‍ വഹിക്കും. ടെന്‍ഡറില്‍ പങ്കെടുത്ത 11 പ്രമുഖ ജ്വല്ലറികളില്‍, ഒരു ഗ്രാം ഭാരമുള്ള 22 കാരറ്റ് സ്വര്‍ണ മോതിരത്തിന് വെറും 1 പൈസ മാത്രം സേവന നിരക്ക് രേഖപ്പെടുത്തിയാണ് ജോയ് ആലുക്കാസ് ബിഡില്‍ വിജയിച്ചത്.

ഈ കരാറിന് ഏകദേശം 755 കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിലവിലുള്ള വില ഒഴികെ, പണിക്കൂലി, ഇന്‍ഷുറന്‍സ്, ഗതാഗതം, ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് തുടങ്ങിയ അധിക ചെലവുകള്‍ ഉള്‍പ്പെടെ ഒരു മോതിരത്തിന് 0.01 രൂപ എന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ജോയ് ആലുക്കാസ് രേഖപ്പെടുത്തിയത്. ഓരോ മോതിരത്തിലും സംസ്ഥാനത്തിന്റെ ചിഹ്നവും മുഖ്യമന്ത്രിയുടെ ചിത്രവും ഉണ്ടായിരിക്കണം.

മോതിരങ്ങളുടെ ഏതെങ്കിലും ബാച്ച് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടാല്‍, കരാര്‍ മൂല്യത്തിന്റെ 10 ശതമാനം വരെ നിശ്ചയിച്ചിട്ടുള്ള പിഴത്തുകയ്ക്ക് പുറമേ, യഥാര്‍ത്ഥ വിലയോ നിലവിലുള്ള ബെഞ്ച്മാര്‍ക്ക് നിരക്കോ (ഇതില്‍ ഏതാണോ കൂടുതല്‍) ആ തുകയ്ക്ക് അവ തിരിച്ചെടുക്കാന്‍ വ്യവസ്ഥയുണ്ട്. അതേസമയം ഈ പദ്ധതിയില്‍ പങ്കെടുക്കാനുള്ള തീരുമാനം കേവലം വാണിജ്യപരമായ നേട്ടങ്ങള്‍ക്കപ്പുറമുള്ളതാണ് എന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു.

‘ശക്തമായ സാമൂഹിക ലക്ഷ്യമുള്ള ഒരു പദ്ധതിയിലേക്ക് തങ്ങളുടെ കഴിവുകള്‍ ഉപയോഗിച്ച് സംഭാവന നല്‍കാന്‍ കഴിയുന്നതില്‍ കമ്പനിക്ക് സന്തോഷമേയുള്ളൂ. ഞങ്ങളുടെ ബ്രാന്‍ഡ് കരുത്ത്, റീട്ടെയില്‍ രംഗത്തെ പരിചയസമ്പത്ത്, നിലവിലുള്ള ഉപഭോക്തൃ അടിത്തറ എന്നിവ പ്രയോജനപ്പെടുത്തിക്കൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മൂല്യം സൃഷ്ടിക്കാനുള്ള ഒരു അവസരമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലിയ തോതിലുള്ള ഉല്‍പ്പാദനം മൂലം ലഭിക്കുന്ന നേട്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കമ്പനികള്‍ക്കുണ്ടാകുന്ന സാമ്പത്തിക ആഘാതം അത്ര വലുതായിരിക്കില്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ മോതിരങ്ങള്‍ ഏകീകൃത മാതൃകയിലുള്ളവയും കുറഞ്ഞ ഡിസൈന്‍ ജോലികള്‍ മാത്രം ആവശ്യമുള്ളവയുമാണ്. അതേസമയം, തമിഴ്നാട്ടിലുടനീളം മികച്ച ബ്രാന്‍ഡ് ദൃശ്യതയും വ്യാപകമായ സ്വീകാര്യതയും നേടിക്കൊടുക്കാന്‍ ഈ കരാര്‍ സഹായിക്കുമെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *