മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും കൃത്യമായ തെളിവുകളോടെ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അൻസിബ പറഞ്ഞു
താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിച്ച് നടി അൻസിബ ഹസൻ. മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും കൃത്യമായ തെളിവുകളോടെ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അൻസിബ പറഞ്ഞു. യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻസിബ.
സംഘടനയിലെ വരവുചെലവ് കണക്കുകളെ കുറിച്ച് ആദ്യം മുതൽ ഞാൻ ചോദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഭരണസമിതിക്ക് കൃത്യമായ കണക്കുകൾ ബോധിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. കൂടുതൽ സമയം വേണമെന്ന ബാലിശമായ ആവശ്യങ്ങൾ ജനറൽ ബോഡി തള്ളിക്കളഞ്ഞതാണ് കമ്മിറ്റിയുടെ കൂട്ടരാജിക്ക് കാരണം.
32 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും അമ്മയിൽ ഇങ്ങനെ ഉള്ള സംഭവങ്ങൾ നടന്നതും എല്ലാ കാര്യങ്ങളും അംഗങ്ങളെ വിശദമായി അറിയിക്കുകയും ചെയ്തിട്ടുണ്ടാകുക. എല്ലാ അംഗങ്ങളും അവരുടെ അഭിപ്രായം കൃത്യമായി രേഖപ്പെടുത്തിയ ജനറൽ ബോഡിയാണ് നടന്നത്.
കണക്കിനെക്കുറിച്ച് കമ്മിറ്റിയംഗങ്ങൾ ഒരുപാട് തവണ ചോദിച്ചിരുന്നു. 45 ദിവസം സമയം നീട്ടിച്ചോദിക്കുകയായിരുന്നു. ആ ചോദ്യങ്ങളൊന്നും ജനറൽ ബോഡിയിൽ വിലപ്പോയില്ല. വരവ് ചിലവ് കണക്കിലെ കൃത്യത കുറവ് തന്നെയായിരുന്നു പ്രധാന പ്രശ്നമായി നിലനിന്നിരുന്നത്. നീനാ കുറുപ്പ് ചേച്ചിയുടെ കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. ഞാൻ ഉന്നയിച്ച കാര്യങ്ങളുണ്ടായിരുന്നു.
ഉച്ചവരെ സംസാരിക്കാൻ അവസരം നൽകിയില്ല. ഉച്ചയ്ക്ക് ശേഷമാണ് അവസരം കിട്ടിയത്. അത് ഞാൻ ചോദിച്ചുവാങ്ങിയതാണ്. അതിന് അമ്മയിലെ ഓരോ അംഗങ്ങളോടും ഞാൻ നന്ദി പറയുകയാണ്.
ഏതൊക്കെ വിഷയങ്ങളിൽ ആരൊക്കെയാണ് ഉൾപ്പെട്ടിരുന്നതെന്ന് കൃത്യമായി പറയാൻ കഴിഞ്ഞു. എല്ലാം തുറന്നുപറയാനായതിൽ സമാധാനമുണ്ട്. ഒരു നീതിന്യായ വ്യവസ്ഥയിൽ മുന്നോട്ടുപോകുമ്പോൾ ഒരുപാട് നടപടിക്രമങ്ങളുണ്ട്. അതെല്ലാം തരണംചെയ്തിട്ടുവേണം എനിക്ക് നീതി ലഭിക്കാൻ. ആ നീതിക്കായി ഇനിയും മുന്നോട്ടുപോകും.
സംഘടനയോട് ഒരൊറ്റ കാര്യം കൂടിയാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. ഇപ്പോൾ രാജിവെച്ച് പോയ കമ്മിറ്റി കഴിഞ്ഞ ഓഗസ്റ്റിൽ ചുമതലയേറ്റപ്പോൾ, ഇവിടുന്ന് പോയ ‘അതിജീവിത’ ഉൾപ്പെടെയുള്ള എല്ലാവരെയും തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട്, ഇനി വരാൻ പോകുന്ന പുതിയ ഭരണസമിതിയോട് അഭ്യർത്ഥിക്കുന്നു. ഇവിടെ നിന്ന് പോയ എല്ലാവരെയും തിരികെവിളിക്കണം. ഒഫിഷ്യലി തന്നെ വിളിക്കണം. വരുന്നതും വരാത്തതും അവരുടെ ഇഷ്ടമാണ്. സംഘടന ചെയ്യാനുള്ളത് ചെയ്യണം. വരാനിരിക്കുന്ന കമ്മിറ്റി അത് ചെയ്യുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അൻസിബ പറഞ്ഞു.
Ernakulam,Kerala
Jun 22, 2026 10:47 AM IST
‘വരവുചെലവ് കണക്കുകളിലെ കൃത്യതകുറവ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു, സംസാരിക്കാൻ അവസരം നൽകിയില്ല’: അൻസിബ