Headlines

വഖഫ് ബോര്‍ഡിലെ അമുസ്ലിം അംഗങ്ങള്‍; സര്‍ക്കാര്‍ കോടതിയെ നിലപാട് അറിയിച്ചു, ശിയാ അംഗങ്ങള്‍? | Waqf Board: Non-Muslim Members Appointment After Supreme Court Final Decision, Government Informs HC


Kerala

oi-Ashif N

കൊച്ചി: കേരളത്തിലെ വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതുമായ ബന്ധപ്പെട്ട ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ നിലപാട് അറിയിച്ചു. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ അന്തിമ തീരുമാനം വന്ന ശേഷം നടപടി എടുക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമായി സുപ്രീംകോടതി തീരുമാനം എടുത്താല്‍ വീണ്ടും വിഷയം സങ്കീര്‍ണമാകുമെന്ന കാര്യമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്ലിം അംഗങ്ങള്‍ വേണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം. ഇത് ചോദ്യം ചെയ്ത് സമസ്തയും മുസ്ലിം ലീഗും ഉള്‍പ്പെടെയുള്ള കക്ഷികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. തമിഴ്‌നാട്ടില്‍ വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ചപ്പോള്‍ അമുസ്ലിം അംഗങ്ങളെ നിയമിച്ചിരുന്നില്ല. ഈ നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

waqf board kerala

വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാണ്. നിലവില്‍ മധ്യപ്രദേശില്‍ മാത്രമാണ് അമുസ്ലിം അംഗങ്ങളെ വഖഫ് ബോര്‍ഡില്‍ നിയമിച്ചിട്ടുള്ളത്. കൂടാതെ മുസ്ലിങ്ങളിലെ എല്ലാ ഷിയാ വിഭാഗക്കാര്‍ക്കും ബോര്‍ഡില്‍ പ്രാതിനിധ്യം വേണം എന്ന നിബന്ധനയുണ്ട്. ഇതിന് തടസമില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.

എന്നാല്‍ കേരളത്തില്‍ ഷിയാ വിഭാഗക്കാര്‍ വളരെ കുറവാണ്. മാത്രമല്ല, ഇവര്‍ക്ക് വഖഫ് സ്വത്തുക്കള്‍ എത്രത്തോളമുണ്ട് എന്ന കാര്യവും പഠന വിധേയമാക്കണം. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്, ഒരു ക്രൈസ്തവ സംഘടന എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അമുസ്ലിം അംഗങ്ങളെ നിയമിക്കുന്ന വിഷയം ഹൈക്കോടതി പരിഗണിക്കുന്നത്. ചട്ടവിരുദ്ധമായി നടന്ന പുനസംഘടന റദ്ദാക്കണം എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

കേരളത്തിലെ വഖഫ് ബോര്‍ഡില്‍ 11 അംഗങ്ങളാണ് വേണ്ടത്. ഒമ്പത് അംഗങ്ങള്‍ നിലവിലുണ്ട്. അമുസ്ലിം അംഗങ്ങളെ നിയമിച്ചിട്ടില്ല. 11 അംഗങ്ങളുടെ നിയമനം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചുകൂടെ എന്ന് കോടതി ചോദിച്ചു. ഈ വേളയിലാണ് സുപ്രീംകോടതിയിലെ നിയമ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.

നിലവില്‍ കേരള വഖഫ് ബോര്‍ഡിലുള്ള മൂന്ന് അംഗങ്ങളുടെ നിയമത്തിലെ സംശയവും സര്‍ക്കാരിനുണ്ട്. ഇവരെ മാറ്റുന്ന കാര്യവും ആലോചനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. എല്ലാ വിഷയത്തിലും ആറാഴ്ച്ചയ്ക്കകം തീരുമാനം എടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഉമര്‍ ഫൈസി മുക്കം ഉള്‍പ്പെടെയുള്ളവരെ വഖഫ് ബോര്‍ഡില്‍ നിന്ന് നീക്കിയേക്കും. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഉടനെയുണ്ടാകുമെന്നാണ് കരുതുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *