Kerala
oi-Rakhi
മലയാള വാർത്താചാനൽ രംഗത്ത് വർഷങ്ങളായി അപ്രമാദിത്വം പുലർത്തിയിരുന്ന ഏഷ്യാനെറ്റ് ന്യൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൻ്റെ ഈ വർഷത്തെ പരസ്യ വരുമാനത്തിൽ വലിയ ഇടിവ് ഉണ്ടായേക്കുമെന്ന് ‘ബിസിനസ് ബെഞ്ച് മാർക്ക് ന്യൂസ്’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
2026 സാമ്പത്തിക വർഷത്തിൽ 2.64 കോടി രൂപയുടെ അറ്റനഷ്ടവും 3.82 കോടി രൂപയുടെ പ്രവർത്തന നഷ്ടവുമാണ് ഏഷ്യാനെറ്റ് നേരിടാൻ പോകുന്നതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 2025 ഡിസംബർ വരെയുള്ള 9 മാസങ്ങളിൽ വരുമാനവും പ്രകടനവും മോശമായതാണ് കമ്പനിക്ക് ഈ നഷ്ടമുണ്ടാക്കിയത്.

2024 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ മൊത്തം വരുമാനം 183.72 കോടിയിൽ നിന്ന് 177.21 കോടിയായി കുറഞ്ഞു. അതേസമയം അറ്റലാഭത്തിൽ വളർച്ച രേഖപ്പെടുത്തി. അറ്റലാഭം 10.13 കോടിയിൽ നിന്ന് 18.60 കോടിയായി ഉയർന്നത് നേരിയ തോതിൽ ആശ്വാസകരമായിരുന്നു. എന്നാൽ നടപ്പ് വർഷത്തിൽ കഴിഞ്ഞ 9 മാസവും സാമ്പത്തികമായി വലിയ നഷ്ടമാണ് കമ്പനി നേരിട്ടത്. ഇതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.
സാമ്പത്തിക റേറ്റിങ്ങിലും ഇടിവ്
വരുമാനം കുറയുകയും പ്രവർത്തന ലാഭത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തതോടെ പ്രമുഖ റേറ്റിംഗ് ഏജൻസിയായ അക്യൂട്ട് റേറ്റിംഗ്സ് ഏഷ്യാനെറ്റ് ന്യൂസിന്റെ സാമ്പത്തിക ഭദ്രതാ റേറ്റിംഗിൽ ഇടിവ് വരുത്തി. സ്ഥിരത (സ്റ്റേബിൾ) എന്ന റേറ്റിംഗ് ഔട്ട്ലുക്ക് ‘നെഗറ്റീവ്’ എന്ന നിലയിലേക്കാണ് താഴ്ത്തിയത്. മാത്രമല്ല മലയാള വാർത്ത രംഗത്ത് ഇപ്പോൾ നിലനിൽക്കുന്ന മത്സരത്തിൽ തങ്ങളുടെ നില മെച്ചപ്പെടുത്താൻ ഏഷ്യാനെറ്റിന് സാധിക്കില്ലെന്ന മുന്നറിയിപ്പും ഏജൻസി നൽകുന്നുണ്ട്.
തിരിച്ചടിയായത് റിപ്പോർട്ടർ ചാനലിൻ്റെ വരവ്?
കേരളത്തിലെ വാർത്താചാനലുകൾക്കിടയിൽ വർഷങ്ങളായി റേറ്റിംഗിൽ ഒന്നാം സ്ഥാനത്തായിരുന്നു ഏഷ്യാനെറ്റ് ന്യൂസ്. 24 ന്യൂസ് ചാനലിൻ്റെ കടന്നുവരവ് ബാർക്ക് റേറ്റിംഗിൽ മത്സരം കടുപ്പിച്ചെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തന്നെ തുടർന്നു. എന്നാൽ റിപ്പോർട്ടർ ചാനലിൻ്റെ കടന്നുവരവോടെ ഏഷ്യാനെറ്റിന് അടിതെറ്റി. ബാർക്ക് റേറ്റിംഗിൽ പലതവണ റിപ്പോർട്ടർ ഏഷ്യാനെറ്റിനെ മറികടന്ന് ഒന്നാം സ്ഥാനം പിടിച്ചടക്കി. ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുന്ന മാസങ്ങളിൽ പോലും ഇരുചാനലുകളും തമ്മിലുള്ള റേറ്റിംഗിൽ നേരിയ വ്യത്യാസം മാത്രമാണ് രേഖപ്പെടുത്തിയത്. വ്യൂവർഷിപ്പിലുണ്ടായ ഈ ഇടിവ് തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസിന് തിരിച്ചടിയായി മാറിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാർത്താ അവതരണത്തിലെ നൂതന സാങ്കേതിക വിദ്യകളും ആധുനിക രീതികളും യുവ മാധ്യമപ്രവർത്തകരുടെ ന്യൂജെൻ ശൈലിയുമെല്ലാമാണ് റിപ്പോർട്ടർ ചാനലിലേക്ക് പ്രേക്ഷകരെ ആകർഷിച്ചത്. ഇതോടെ ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഗ്രാഫ് ഇടിഞ്ഞു. മാത്രമല്ല മുതിർന്ന മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ പടിയിറക്കവും ചാനലിന് തിരിച്ചടിയായി. കാഴ്ചക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് ചാനലിൻ്റെ പരസ്യവരുമാനത്തെ നേരിട്ട് ബാധിച്ചത്.
മാറുന്ന ട്രെൻ്റും തിരിച്ചടി
ദൃശ്യമാധ്യമങ്ങളിൽ നിന്ന് പ്രേക്ഷകർ അകലുകയാണ്, പ്രത്യേകിച്ച് യുവാക്കൾ. ഡിജിറ്റൽ മാധ്യമങ്ങളാണ് ജെൻസികൾക്കിടയിൽ സ്വീകാര്യത നേടുന്നത്. ഇത് ഭാവിയിൽ ചാനലുകളുടെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മലയാളത്തിലെ വാർത്താ ചാനലുകളില ഒന്നാം സ്ഥാനക്കാരായ ഏഷ്യാനെറ്റ് ന്യൂസിന് പോലും പ്രവർത്തനലാഭം ഉണ്ടാക്കാൻ സാധിക്കുന്നില്ലെങ്കിൽ ചെറിയ ചാനലുകളുടെ കാര്യം കൂടുതൽ കഷ്ടത്തിലായേക്കുമെന്ന കാര്യത്തിൽ തർക്കമില്ല.