Headlines

രണ്ടാമതൊരു ബെംഗളൂരു നഗരം കൂടി നിര്‍മിക്കണം; കര്‍ണാടക സര്‍ക്കാരിനോട് നീതി ആയോഗ് | Bengaluru: NITI Aayog Vice Chairperson Asks Karnataka CM Dk Shivkumar To Build Second Bengaluru, Details


India

oi-Jithin TP

കര്‍ണാടകയില്‍ രണ്ടാമതൊരു ബെംഗളൂരു നഗരം നിര്‍മ്മിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയര്‍പേഴ്സണ്‍ അശോക് കുമാര്‍ ലാഹിരി. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനോടാണ് ലാഹിരി ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. ‘വികസിത് കര്‍ണാടക @2047’ എന്ന വിഷയത്തിലുള്ള അവതരണത്തിനായി ലാഹിരി, ശിവകുമാര്‍, ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ, ചീഫ് സെക്രട്ടറി ശാലിനി രജനീഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

‘കര്‍ണാടകയുടെ വികസനത്തില്‍ എനിക്ക് അഭിമാനമുണ്ട്. ബെംഗളൂരുവിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി, കര്‍ണാടകയില്‍ രണ്ടാമതൊരു ബെംഗളൂരു നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്,’ എന്ന് ലാഹിരി പറഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വേഗത്തില്‍ വളരാനുള്ള എല്ലാ സാധ്യതകളും കര്‍ണാടകയ്ക്കുണ്ട്.

Bengaluru

സംസ്ഥാനങ്ങള്‍ വളര്‍ന്നാല്‍ മാത്രമേ രാജ്യത്തിന് വളരാനും വികസിക്കാനും കഴിയൂ. കര്‍ണാടകയില്‍ വലിയൊരു ഭാഗം വരണ്ട ഭൂമിയായതിനാല്‍, അത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ കാര്‍ഷികോല്‍പ്പാദനം നടത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം എന്നും ലാഹിരി കൂട്ടിച്ചേര്‍ത്തു. ‘രണ്ടാമതൊരു ബെംഗളൂരു’ വികസിപ്പിക്കണമെന്ന നീതി ആയോഗിന്റെ നിര്‍ദ്ദേശം സമഗ്രമായ ഒരു പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു.

മുന്‍ കേന്ദ്ര ബജറ്റുകളില്‍ പ്രഖ്യാപിച്ച ഗ്രാന്റുകള്‍ ഉള്‍പ്പെടെ, കര്‍ണാടകയ്ക്ക് ലഭിക്കേണ്ട കേന്ദ്ര ഫണ്ട് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം നീതി ആയോഗിനോട് അഭ്യര്‍ത്ഥിച്ചു. ജി ഡി പി, പ്രതിശീര്‍ഷ വരുമാനം, സാങ്കേതികവിദ്യ, നവീകരണം, നേരിട്ടുള്ള വിദേശ നിക്ഷേപം, കയറ്റുമതി, സ്റ്റാര്‍ട്ടപ്പുകള്‍, ഐടി സേവനങ്ങള്‍ എന്നിവയിലെ മുന്‍നിര സ്ഥാനം ചൂണ്ടിക്കാട്ടി കര്‍ണാടകയ്ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജനസംഖ്യാ നിയന്ത്രണ നടപടികള്‍ വിജയകരമായി നടപ്പിലാക്കിയതിന് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ ഫണ്ട് വിഹിതത്തിന്റെ കാര്യത്തില്‍ ശിക്ഷിക്കുന്ന നടപടി ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, കാര്‍ഷിക സാധ്യതകള്‍, പൊതുസേവനം-വിദേശ നിക്ഷേപം-വിനോദസഞ്ചാരം എന്നീ മേഖലകളിലെ പുതിയ സംരംഭങ്ങള്‍ എന്നിവയും മുഖ്യമന്ത്രി പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കിടെ, 2025-26-ല്‍ കര്‍ണാടകയുടെ ജിഎസ്ഡിപി (സംസ്ഥാന മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) 8.1 ശതമാനം വളര്‍ച്ചയോടെ 32.81 ലക്ഷം കോടി രൂപയിലെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ മൈസൂരുവില്‍ ബെംഗളൂരുവിന് സമാനമായ വികസന പദ്ധതികള്‍ കൊണ്ടുവരും എന്ന് ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു.

‘ബെംഗളൂരുവിനേക്കാള്‍ മികച്ച ആസൂത്രണമുള്ള നഗരമാണ് മൈസൂരു. ഇവിടെ പുതിയ പദ്ധതികള്‍ നടപ്പിലാക്കും,’ എന്നായിരുന്നു ഗ്രേറ്റര്‍ മൈസൂരു പദ്ധതിയെക്കുറിച്ച് സംസാരിക്കവെ ശിവകുമാര്‍ പറഞ്ഞത്.



Source link

Leave a Reply

Your email address will not be published. Required fields are marked *