Headlines

‘യുപിഎ സർക്കാരിന് 10 വർഷം കൊണ്ട് 50,000 ശൗചാലയങ്ങൾ പോലും നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല’; പ്രധാനമന്ത്രി | PM Modi Says The UPA Government Could Not Build Even 50000 Toilets In 10 Years


India

oi-Nidhin Illikkambath

വഡോദര: സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നവർക്കെതിരായ പരിഹാസ പരാമർശം വീണ്ടും ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമർശകരെ വിശേഷിപ്പിക്കാൻ നേരത്തെ ഉപയോഗിച്ച ‘നാരാസ് ഫൂഫാ ജി’ (ദേഷ്യക്കാരനായ അമ്മാവൻ) എന്ന പ്രയോഗം ഇന്നും പ്രധാനമന്ത്രി ആവർത്തിച്ചു. ഗുജറാത്തിലെ വഡോദരയിൽ നടന്ന ‘നമോ ഫോർ വികസിത് ഭാരത്’ പരിപാടിയിലായിരുന്നു മോദിയുടെ പരാമർശം.

ഏകദേശം 35,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുകയും തറക്കല്ലിടുകയും ചെയ്‌തിരുന്നു. പദ്ധതികളിൽ 2800 കിലോമീറ്റർ ദൈർഘ്യമുള്ള ഡെഡിക്കേറ്റഡ് റെയിൽ ഫ്രെയ്റ്റ് കോറിഡോറും ഉൾപ്പെടുന്നു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ചരിത്രപരമായ നേട്ടം എന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.

pm modi

ഫ്രെയ്റ്റ് കോറിഡോർ പദ്ധതിയെ ബിജെപി, കോൺഗ്രസ് സർക്കാരുകളുടെ പ്രവർത്തന രീതി താരതമ്യം ചെയ്യുന്നതിനായി ഉപയോഗിച്ച മോദി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ കാലത്താണ് പദ്ധതി വിഭാവനം ചെയ്‌തതെങ്കിലും മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് ആരോപിച്ചു.

ഫ്രെയ്റ്റ് കോറിഡോർ പദ്ധതി 2004ൽ വിഭാവനം ചെയ്‌തതാണ്. എന്നാൽ 2014ൽ ബിജെപി അധികാരത്തിലെത്തുന്നതുവരെ ഒന്നും മുന്നോട്ട് പോയില്ല’ മോദി പറഞ്ഞു. പദ്ധതിയുടെ പ്രയോജനത്തെ ചോദ്യം ചെയ്യുന്ന വിമർശകരെ പരാമർശിച്ച് പേരെടുത്തുപറയാതെയും പ്രധാനമന്ത്രി പരിഹസിച്ചു. വിമർശകരെ അദ്ദേഹം പരിഹസിക്കുകയും ചെയ്‌തു.

സ്വാതന്ത്ര്യത്തിന് ശേഷവും റെയിൽ കണക്റ്റിവിറ്റി ലഭിക്കാതിരുന്ന പ്രദേശങ്ങളിലേക്ക് ഫ്രെയ്റ്റ് കോറിഡോർ വഴി റെയിൽ ബന്ധം എത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ആത്മനിർഭരത ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ സപ്ലൈ ചെയിൻ വികസിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

2014ന് ശേഷം ഇന്ത്യ 50,000 ആധുനിക റെയിൽവേ കോച്ചുകൾ നിർമിച്ചു. എന്നാൽ മുൻ സർക്കാരിന് 10 വർഷം കൊണ്ട് 50,000 ശൗചാലയങ്ങൾ പോലും നിർമ്മിക്കാൻ കഴിഞ്ഞില്ലെന്നും മോദി പറഞ്ഞു. ഇന്ത്യ ഇപ്പോൾ ‘ചിപ്പുകൾ മുതൽ കപ്പലുകൾ വരെ’ എന്ന പുതിയ നിർമ്മാണ യുഗത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഘടകങ്ങളും അന്തിമ ഉൽപന്നങ്ങളും രാജ്യത്ത് തന്നെ നിർമ്മിക്കുന്ന സാഹചര്യം ശക്തമാകുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, വിമർശകരെ പരിഹസിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉപയോഗിച്ചുവരുന്ന വിവിധ വിശേഷണങ്ങളിൽ ഏറ്റവും പുതിയതാണ് ‘നാരാസ് ഫൂഫാ ജി’. അടുത്തിടെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്‌ദി ആഘോഷച്ചടങ്ങിലാണ് മോദി ആദ്യമായി ഈ പ്രയോഗം നടത്തിയത്. യുവ വോട്ടർമാരിലേക്കുള്ള ആശയവിനിമയത്തിന്റെ ഭാഗമായി ജെൻ-സി ഭാഷയും പ്രയോഗങ്ങളും പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.

2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യ പ്രതീക്ഷിച്ചതിലും ശക്തമായ 7.8 ശതമാനം ജിഡിപി വളർച്ച നേടിയതിനെ ചോദ്യം ചെയ്‌തവരെ വിമർശിക്കുമ്പോഴായിരുന്നു അന്ന് മോദി ‘നാരാസ് ഫൂഫാ’ എന്ന പ്രയോഗം നടത്തിയത്. സർക്കാർ പദ്ധതികളെ എതിർക്കുന്നത് ചില ‘നെഗറ്റീവ്’ ആളുകൾ ഒരു വിനോദമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഈ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ പോരായ്‌മകളിൽ നിന്ന് ശ്രദ്ധ തിരിക്കാനായി പ്രധാനമന്ത്രി ഓരോ വർഷവും പുതിയ വിശേഷണങ്ങൾ കണ്ടെത്തുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും പ്രതികരിച്ചിരുന്നു. എന്നാൽ ഇന്ന് വീണ്ടും നരേന്ദ്ര മോദി തന്റെ നിലപാട് ആവർത്തിച്ചിരിക്കുകയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *