Headlines

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നടക്കില്ലെന്ന് ജപ്പാന്‍ മുന്‍മന്ത്രി; ‘ഇന്ത്യയ്ക്ക് അശ്രദ്ധ’ | Mumbai-Ahmedabad Bullet Train: Ex-Japan minister Slams India For Delays in Bullet Train Project


India

oi-Jithin TP

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വേ പദ്ധതിയിലെ കാലതാമസത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തി ജപ്പാന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും കൂടിക്കാഴ്ചകളിലും ഇന്ത്യയുടെ ഭാഗത്ത് നിന്ന് അങ്ങേയറ്റത്തെ അശ്രദ്ധ പ്രകടമായിരുന്നുവെന്നും ന്യൂഡല്‍ഹി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ആരോപിച്ച് ജപ്പാന്‍ മുന്‍ സാമ്പത്തിക-വ്യാപാര-വ്യവസായ സഹമന്ത്രി ഹിഡെക്കി മക്കിഹാര രംഗത്തെത്തിയിരുന്നു.

മക്കിഹാരയായിരുന്നു ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത്. ജൂലൈ 15-നാണ് ഇത് സംബന്ധിച്ചൊരു കുറിപ്പ് മക്കിഹാര സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജാപ്പനീസ് എന്‍ജിനീയറായ ഇസാവോ സുജിമുറ എഴുതിയ ഒരു ഓണ്‍ലൈന്‍ ലേഖനത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

Mumbai-Ahmedabad Bullet Train

പദ്ധതിക്കുള്ള ധനസഹായത്തിന്റെ ഭൂരിഭാഗവും ജപ്പാനാണ് നല്‍കുന്നതെങ്കിലും, ആദ്യഘട്ടം ആരംഭിക്കുന്നതിനായി യൂറോപ്യന്‍ നിര്‍മ്മിത സിഗ്‌നലിംഗ് ഉപകരണങ്ങളും പുതിയൊരു ഇന്ത്യന്‍ അതിവേഗ ട്രെയിനുമാണ് ഇന്ത്യ തിരഞ്ഞെടുക്കുന്നതെന്ന് ആ ലേഖനത്തില്‍ പറഞ്ഞിരുന്നു.

യൂറോപ്യന്‍ നിര്‍മ്മിത സിഗ്‌നലിംഗ് സംവിധാനം ജപ്പാന്റെ ഷിങ്കന്‍സെന്‍ ബുള്ളറ്റ് ട്രെയിനുകളുമായി പൊരുത്തപ്പെടില്ലെന്നും, ‘ഇന്ത്യയുടെ ഷിങ്കന്‍സെന്‍ പദ്ധതി ഒടുവില്‍ വെറുമൊരു സ്വപ്നം മാത്രമായി അവശേഷിക്കാനാണ് സാധ്യത’ എന്നും സുജിമുറ പറഞ്ഞിരുന്നു. ഇന്ത്യയിലെ ഷിങ്കാന്‍സെന്‍ (ബുള്ളറ്റ് ട്രെയിന്‍) പദ്ധതിയുമായി താന്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് മക്കിഹാര വ്യക്തമാക്കി.

എന്നാല്‍, അന്താരാഷ്ട്ര യോഗങ്ങളിലും ചര്‍ച്ചകളിലും ഇന്ത്യന്‍ പക്ഷത്തുനിന്നുണ്ടായ അങ്ങേയറ്റത്തെ അശ്രദ്ധയും ഉത്തരവാദിത്തമില്ലായ്മയുമാണ് ആവര്‍ത്തിച്ചു പ്രകടമായതെന്ന് അദ്ദേഹം പറഞ്ഞു. ‘അവര്‍ എന്തുതന്നെയായാലും നല്‍കിയ വാക്ക് പാലിക്കാറില്ല. ഒരു വാക്ക് നല്‍കിയാല്‍ത്തന്നെ ഉടന്‍തന്നെ അവര്‍ അതില്‍നിന്ന് പിന്മാറും. അവസാനം വരെയും സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.

ചുമതലയുള്ള മന്ത്രിയുടെ പെരുമാറ്റം തീര്‍ത്തും മോശമായിരുന്നു. തലപ്പത്തുള്ളയാള്‍ അത്തരമൊരാളാകുമ്പോള്‍, കാര്യക്ഷമമായ ഒരു ഇടപാടും സാധ്യമല്ല,’ മക്കിഹാര കൂട്ടിച്ചേര്‍ത്തു. പദ്ധതി മുന്നോട്ട് പോകാത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇന്ത്യക്കാണെന്ന് തനിക്ക് നൂറു ശതമാനം ഉറപ്പുണ്ടെന്നും മക്കിഹാര ആരോപിച്ചു. എന്നാല്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം നന്നായി മുന്നോട്ട് പോകുന്നുണ്ടെന്നും പദ്ധതിയുടെ ആദ്യ ഘട്ടം 2027-ല്‍ ആരംഭിക്കാന്‍ ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.

മക്കിഹാരയുടെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അതൊരു ‘വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും വസ്തുതകളുമായി ബന്ധമില്ല’ എന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞത്. പദ്ധതിക്കാവശ്യമായ ഇ20 സീരീസ് ട്രെയിനുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍ 2030-കളുടെ തുടക്കത്തില്‍ മാത്രമേ ജപ്പാന്‍ അവ ലഭ്യമാക്കാന്‍ പ്രാപ്തമാകൂ എന്നതിനാല്‍, ഇന്ത്യന്‍ അതിവേഗ ട്രെയിന്‍ ഉപയോഗിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇരുപക്ഷവും ധാരണയിലെത്തി എന്ന് ജയ്സ്വാള്‍ പറഞ്ഞു.

‘അതനുസരിച്ച് സിഗ്‌നലിംഗ് ഉപകരണങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. അവ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ്. ഇക്കാര്യത്തില്‍ ജപ്പാനില്‍ നിന്ന് യാതൊരുവിധ നിര്‍ദ്ദേശമോ വാഗ്ദാനമോ ലഭിച്ചിട്ടില്ല,’ ജയ്സ്വാള്‍ പറഞ്ഞു. അതിവേഗ ട്രെയിന്‍ പദ്ധതി എത്രയും വേഗം ആരംഭിക്കുക എന്ന പൊതുലക്ഷ്യത്തിന് അനുസൃതമായാണ് പദ്ധതി നടപ്പിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയെയും ഗുജറാത്തിനെയും തമ്മില്‍ അതിവേഗം ബന്ധിപ്പിക്കുന്ന 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈ-സ്പീഡ് റെയില്‍ ഇടനാഴിയാണ് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഈ ട്രെയിനിന് 10 സ്റ്റോപ്പുകള്‍ ഉണ്ടാകും. കൂടാതെ മുംബൈ, വാപി, സൂറത്ത്, ആനന്ദ്, വഡോദര, അഹമ്മദാബാദ് എന്നീ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *