Headlines

ബങ്കിപ്പൂർ തോൽവിക്ക് കാരണം? ജാതി വിവേചനത്തിനെതിരെയുളള യുജിസി ചട്ടങ്ങൾ പുന:പരിശോധിക്കാൻ കേന്ദ്രം| Reason for Bankipur Defeat? Centre to Reconsider UGC Rules Against Caste Discrimination.


India

oi-Sajitha Gopie

ന്യൂ ഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം തടയുന്നതിനായി ഈ വർഷമാദ്യം യുജിസി പുറത്തിറക്കിയ ചട്ടങ്ങൾ പുന:പരിശോധിക്കുകയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിലാണ് യുജിസി ചട്ടങ്ങൾ പുനഃപരിശോധിച്ചു വരികയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കിയിരിക്കുന്നത്.

ഈ വർഷം ജനുവരി 13നാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമത്വം ഉറപ്പാക്കൽ) ചട്ടങ്ങൾ പുറത്തിറക്കിയത്. രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന രീതിയിൽ തയ്യാറാക്കിയ ഈ ചട്ടങ്ങൾ ക്യാമ്പസ്സുകളിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ മാർഗനിർദേശങ്ങൾ ഉൾപ്പെടുന്നതാണ്.

എസ് സി, എസ് ടി വിഭാഗങ്ങൾ, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നത്, ശാരീരിക വൈകല്യങ്ങളുളളവർ എന്നിവരടക്കമുളളവർക്ക് നേരെ ജാതി, മതം, ലിംഗം, ജനനസ്ഥലം, ശാരീരിക വൈകല്യങ്ങൾ എന്നിവയുടെ പേരിലുളള വിവേചനം തുടച്ച് നീക്കാനും ഉന്നവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൂർണ സമത്വം ഉറപ്പ് വരുത്താനും ലക്ഷ്യമിട്ടുളളതാണ് യുജിസിയുടെ ഈ ചട്ടങ്ങൾ.

Bankipur

രോഹിത് വെമുലയുടേയും പായൽ തദ്വിയുടേയും അമ്മമാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജികളുടെ അടിസ്ഥാനത്തിലാണ് യുജിസി ജാതി വിവേചനം തടയാനുളള ചട്ടങ്ങൾ കൊണ്ടുവന്നത്. 2016ൽ രോഹിത് വെമുലയും 2019ൽ പായലും വിദ്യാർത്ഥികളായിരിക്കെ ജാതി വിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ക്യാമ്പസ്സുകളിൽ സമത്വ കമ്മിറ്റികളും തുല്യ അവസര സെല്ലുകളും രൂപീകരിക്കണമെന്നും ചട്ടങ്ങളിൽ വ്യവസ്ഥയുണ്ടായിരുന്നു.

പിന്നോക്ക വിഭാഗങ്ങൾ യുജിസിയുടെ പുതിയ ചട്ടങ്ങളെ സ്വാഗതം ചെയ്ത് മുന്നോട്ട് വന്നു. എന്നാൽ സവർണ ജാതി വിഭാഗങ്ങളിൽ നിന്നും വലിയ പ്രതിഷേധമാണ് യുജിസി ചട്ടങ്ങൾക്ക് എതിരെ ഉയർന്നത്. ജയ്പൂരിൽ കർണി സേന എന്ന സംഘടന സവർണ ന്യായ് പദയാത്ര സംഘടിപ്പിച്ചാണ് പ്രതിഷേധിച്ചത്. യുജിസി ചട്ടങ്ങളിലെ ചില വ്യവസ്ഥകൾക്കെതിരെ ചോദ്യങ്ങൾ ഉയർന്നതിന് പിന്നാലെ സുപ്രീം കോടതി ഇത് സ്റ്റേ ചെയ്തിരിക്കുകയാണ്.

അതിനിടെയാണ് യുജിസി ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ പുനപരിശോധനയ്ക്ക് ഒരുങ്ങുന്നത്. ബിജെപി സർക്കാരിന്റെ ഈ പിന്നോക്കം പോകലിന് പിന്നിൽ അടുത്തിടെ ബിഹാറിലെ ബങ്കിപ്പൂർ സീറ്റിലേറ്റ തോൽവിയും ഒരു കാരണമാകാമെന്ന വിലയിരുത്തലുകളും ഉണ്ട്. മണ്ഡലം രൂപീകരിച്ച കാലം മുതൽ ഏതാണ്ട് 30 വർഷത്തോളം കയ്യടക്കി വെച്ച സീറ്റിലാണ് ബിജെപി സ്ഥാനാർത്ഥി പ്രശാന്ത് കിഷോറിനോട് തോറ്റത്. 35 ശതമാനം ഉന്നത ജാതി വോട്ടർമാരുളള മണ്ഡലമാണ് ബങ്കിപ്പൂർ. യുജിസി ചട്ടങ്ങളോടുളള എതിർപ്പ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടാകും എന്നാണ് ബിജെപിയിലെ ഒരു വിഭാഗം വിലയിരുത്തുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *