Last Updated:
താൻ അടിയുറച്ച കോൺഗ്രസുകാരനാണെന്നു തുറന്നുപറയാൻ സലിമിനു മടിയില്ലായിരുന്നു
കേരളത്തിലെ കലാകാരന്മാർ ഇടതുപക്ഷക്കാരാണ് എന്ന പൊതുധാരണ തിരുത്തിയ നടനായിരുന്നു സലിം കുമാർ. താൻ അടിയുറച്ച കോൺഗ്രസുകാരനാണെന്നു തുറന്നുപറയാൻ സലിമിനു മടിയില്ലായിരുന്നു. അതിനുമപ്പുറത്തായി മാത്രമല്ല താൻ കെ.കരുണാകരന്റെ ആരാധകനാണെന്നും അദ്ദേഹം പറയുമായിരുന്നു. കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയ പ്രവർത്തകനുമാണ് അദ്ദേഹം.
10 വയസ്സുള്ളപ്പോൾതന്നെ കെ.കരുണാകരനു നോട്ടുമാലയിട്ട ആളാണ് സലിംകുമാർ. കരുണാകരനെതിരെ രാജൻസംഭവം വിവാദമായ കാലം. കരുണാകരനു കേസ് നടത്തുന്നതിനുള്ള പണപ്പിരിവു നടക്കുന്നു. പറവൂരിൽ സമ്മേളനസ്ഥലത്തെത്തിയ കരുണാകരന് സലിമിനെക്കൊണ്ടാണു മാലയിടീച്ചത്. പ്രസംഗം കേട്ട് കരുണാകരനോട് സലിമിന് ആരാധനയായി. പിൽക്കാലത്ത് സലിം അപകടം പറ്റി കിടന്നപ്പോൾ കരുണാകരൻ വിളിച്ച് ഏറെനേരം സംസാരിച്ചത് സന്തോഷത്തോടെ പറയാറുണ്ടായിരുന്നു സലിം.
‘ഞാനൊരു കോൺഗ്രസുകാരന്റെ മകനായി ജനിച്ചു. അതുകൊണ്ടു കോൺഗ്രസായി. കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായും അവസാനമായും തെരുവുനാടകം എഴുതി അവതരിപ്പിച്ച കലാകാരൻ ഞാനാണ്. തെരുവുനാടകമെല്ലാം ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന കാലമാണത്. ഞാനൊക്കെ അല്ലറ ചില്ലറ നാടകവും മിമിക്രിയുമായി നടക്കുന്നു. ആയിടയ്ക്കാണ് തിരഞ്ഞെടുപ്പു വന്നത്. എം.ഐ. ഷാനവാസ് ആണ് സ്ഥാനാർഥി. അദ്ദേഹം നാടകം എഴുതാൻ പറഞ്ഞു. രാത്രി 12 ആയപ്പോൾ നാടകം എഴുതിത്തീർത്തു-‘ഉണർത്തുപാട്ട്’. പിറ്റേന്നുതന്നെ നാടകം അവതരിപ്പിച്ചു. വൻ ഹിറ്റ്. കവലയിൽ ആളുകൾ തടിച്ചുകൂടി. എല്ലാ മണ്ഡലത്തിലും നാടകം വേണം.
മാളയിൽ അന്ന് കരുണാകരൻ മത്സരിക്കുകയാണ്. അദ്ദേഹവും നാടകത്തിന് ആളെ അയച്ചു. പ്രചാരണം അവസാനിക്കുംമുൻപ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പു മാറ്റി. അതോടെ നാടകം അവസാനിപ്പിച്ചു. വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ രാജീവ് ഗാന്ധിയെ കഥാപാത്രമാക്കി ‘ഉണർത്തുപാട്ട്’ വീണ്ടും അവതരിപ്പിച്ചു’ -സലിം സലിംകുമാറിന്റെ ഓർമ്മ ഇങ്ങനെ.
രാജീവ് ഗാന്ധി മരിച്ചപ്പോൾ 55 ദിവസം സലിം തിരഞ്ഞെടുപ്പു പ്രചാരണം നടത്തി. കാർക്കിച്ചുതുപ്പിയപ്പോൾ ചോര. ആരെയും അറിയിക്കാതെ ആശുപത്രിയിൽ പോയി. തൊണ്ടയിൽ മുഴുവൻ മുറിവായിരുന്നു, അതായിരുന്നു സലിംകുമാർ എന്ന രാഷ്ട്രീയ പ്രവർത്തകൻ.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
പത്താം വയസ്സിൽ കരുണാകരന് നോട്ടുമാലയിട്ടു; പ്രചാരണത്തിനിടയിൽ ചോര തുപ്പിയിട്ടും പിന്മാറിയില്ല; സലിം കുമാർ എന്ന രാഷ്ട്രീയക്കാരൻ
