Kerala
oi-Rakhi
കണ്ണൂർ: ദേശീയപാത-66 ലെ ബൈപ്പാസുകളുടെ പൂർത്തികരണ കാലാവധി നീട്ടി നൽകി. പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ ബൈപാസുകളുടെ പ്രവർത്തന കാലാവധിയാണ് നീട്ടിയത്. ഇതോടെ ബൈപ്പാസ് നിർമ്മാണം പൂർത്തിയാകാൻ 2028 വരെ കാത്തിരിക്കേണ്ടി വരും.
പയ്യന്നൂരിൽ 3.82 കിമി നീളത്തിലും തളിപ്പറമ്പിൽ 5.66 കിമി ദൂരത്തിലും കണ്ണൂരിൽ 14.01 കിമി ദൂരത്തിലുമാണ് ബൈപ്പാസുകൾ നിർമ്മിക്കുന്നത്. നീലേശ്വരം – തളിപ്പറമ്പ് റീച്ചിലെ പൂർത്തീകരണ കാലാവധി 2027 മാർച്ച് വരെയും തളിപ്പറമ്പ് – മുഴപ്പിലങ്ങാട് റീച്ചിലെ പൂർത്തീകരണ കാലാവധി 2028 മാർച്ച് വരെയുമാണ് നീട്ടി നൽകിയത്.

ചതുപ്പുനിലങ്ങളിലൂടെയുള്ള നിർമ്മാണത്തിലുണ്ടായ സാങ്കേതിക തടസങ്ങളും രൂപരേഖയിലെ തിരുത്തലുകളുമാണ് പലയിടത്തും പണി വൈകാൻ കാരണമായത്. ചതുപ്പ് നിലങ്ങളിൽ പാലം നിർമ്മിക്കുന്നതിനുള്ള രൂപരേഖയിൽ ദേശീയപാത അതോറിറ്റി മാറ്റം വരുത്തിയിരുന്നു. ഇതോടെ നേരത്തെ മണ്ണിട്ട് ഉയർത്തിയ ചതുപ്പ് പ്രദേശങ്ങളിൽ വീണ്ടും തൂണുകൾ സ്ഥാപിച്ച് പണി തുടങ്ങേണ്ടതുണ്ട്. ഇതെല്ലാമാണ് കാലതാമസത്തിന് വഴിവെച്ചത്.
ദൂരയാത്ര പോകുന്ന വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ ബൈപ്പാസുകൾ വഴി തിരിച്ചുവിടാൻ സാധിച്ചാൽ മാത്രമേ ജില്ലയിലെ ഗതാഗതക്കുരിക്കിന് പരിഹാരം കാണാനാകൂ. അതുകൊണ്ട് തന്നെ നഗരത്തിലെ കുരുക്കഴിയാൻ ഇനിയും ഒരു വർഷത്തിന് മുകളിൽ കാത്തിരിക്കേണ്ടി വരും.
ഗതാഗതക്കുരുക്ക് രൂക്ഷം
ജില്ലയിലെ പ്രധാന നഗരമായ തളിപ്പറമ്പിൽ 5.66 കിമിയിലാണ് ബൈപ്പാസ് നിർമ്മിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ ‘അപകട വളവുകൾ’ നിവരും. ഇത് നഗരത്തിലൂടെയുള്ള ഗതാഗതം സുഖമാക്കും. പയ്യന്നൂർ-കണ്ണൂർ യാത്ര വേഗത്തിലാക്കുകയും ചെയ്യും. കോത്തായിമുക്ക് പുതിയങ്കാവിൽനിന്ന് തുടങ്ങി എടാട്ട് കണ്ണങ്ങാട്ട് വരെയാണ് പയ്യന്നൂർ ബൈപ്പാസ്. 3.82 കിലോമീറ്റർ നീളത്തിലുള്ള ഈ ബൈപ്പാസിൻ്റെ പെരുമ്പ പാലത്തിൻ്റെ ഭാഗത്തുള്ള പണികളാണ് പൂർത്തിയാക്കാനുള്ളത്. പാലത്തിൻ്റെ ഇരുവശത്തും പുതുതായി വയഡക്ട് നിർമ്മിക്കണം. ഇതാണ് പണികൾ വൈകിപ്പിക്കുന്നത്.
പാപ്പിനിശ്ശേരി തൊട്ട് കിഴുത്തള്ളി വഴി വരെ നീളുന്നതാണ് കണ്ണൂർ ബൈപ്പാസ്.പാപ്പിനിശേരിയിൽ നിന്ന് തുടങ്ങുന്ന ഗതാഗതക്കുരുക്ക് അവസാനിക്കണമെങ്കിൽ കണ്ണൂർ ബൈപ്പാസ് യാഥാർത്ഥ്യമാകണം. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇടമാണ് പുതിയതെരു. വളപട്ടണം പാലത്തിലെ കുരുക്കിൽ നിന്നും രക്ഷപ്പെട്ട് വരുന്ന വാഹനങ്ങൾ പുതിയതെരുവിലെ പഴയ ധൻരാജ് തീയറ്റർ മുതൽ സ്റ്റൈലോ കോർണർ വരെ കുടുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. കാൽടെക്സ് ജങ്ങ്ഷനിലും താണയിലുമെല്ലാം ഇത് തന്നെയാണ് സാഹചര്യം. ദേശീയ പാത കണ്ണൂർ നഗരത്തിൽ തൊടാതെ പോയാൽ മാത്രമേ ഈ ഗതാഗതക്കുരുക്കിൽ നിന്നും യാത്രക്കാർക്ക് രക്ഷയുള്ളൂ.