Headlines

തൊഴിലുറപ്പ് ജോലിക്കാര്‍ മണ്ണ് നീക്കിയപ്പോള്‍ സ്വര്‍ണ നാണയങ്ങള്‍; ഓരോന്നും 4 ഗ്രാം, 1000 വര്‍ഷം പഴക്കം | Gold Treasure Found In Karnataka By Workers; Government Officials Examine Value And History


India

oi-Ashif N

കര്‍ണാടകയിലെ ബെലഗാവിയില്‍ തൊഴിലുറപ്പ് ജോലിക്കാര്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ കിട്ടി. ജോലിക്കിടെ മണ്ണ് നീക്കിയപ്പോഴാണ് സ്വര്‍ണ നാണയങ്ങള്‍ കണ്ടത്. 14 നാണയങ്ങള്‍ ലഭിച്ചത് നാലുപേര്‍ക്കാണ്. സംഭവം അറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടി. സ്വര്‍ണപ്പണിക്കാരന്‍ എത്തി പരിശോധിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് സ്വര്‍ണം എന്ന് അദ്ദേഹം പറഞ്ഞു. ഓരോ നാണയവും 4 ഗ്രാമിന് അടുത്ത് തൂക്കം വരും.

സാവദട്ടി താലൂക്കിലെ ഇഞ്ചാല ഗ്രാമത്തിലെ തൊഴിലുറപ്പുകാര്‍ക്കാണ് ‘സ്വര്‍ണ നിധി’ കിട്ടിയത്. സംഭവം നിമിഷ നേരം കൊണ്ട് എല്ലാവരും അറിഞ്ഞു. എന്തു ചെയ്യണം എന്ന് ആര്‍ക്കും അറിവുണ്ടായിരുന്നില്ല. തൊഴിലുറപ്പുകാര്‍ പ്രൊജക്ട് ഓഫീസറെ വിവരം അറിയിച്ചു. അദ്ദേഹം പഞ്ചായത്ത് ഓഫീസിലേക്കും. ശേഷം റവന്യൂ ഉദ്യോഗസ്ഥരെത്തി. പോലീസിന്റെ സാന്നിധ്യത്തില്‍ നാണയങ്ങള്‍ അധികൃതര്‍ക്ക് കൈമാറി.

gold treasure found by workers-

(പ്രതീകാത്മക ചിത്രം)

ഒരേ മാതൃകയിലുള്ള 14 കോയിനുകളാണ് കണ്ടെത്തിയത്. ഒരു ഭാഗത്ത് ആനയുടെ ചിത്രമാണുള്ളത് എന്ന് തഹസില്‍ദാര്‍ മല്ലികാര്‍ജുന്‍ ഹെഗ്ഗന്നവര്‍ പറഞ്ഞു. നിലവിലെ വിലയില്‍ മൂല്യം കണക്കാക്കിയാല്‍ ഒമ്പത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണമുണ്ടെന്ന് സ്വര്‍ണപ്പണിക്കാര്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ കാലപ്പഴക്കം, പ്രധാന്യം എന്നിവ പരിശോധിച്ചാല്‍ മാത്രമാണ് യഥാര്‍ഥ മൂല്യം കണക്കാക്കാന്‍ സാധിക്കുക.

കാലപ്പഴക്കം, ആരാണ് നിര്‍മിച്ചത്, എങ്ങനെ ഇവിടെ എത്തി എന്നീ കാര്യങ്ങള്‍ പരിശോധിച്ച് കണ്ടെത്താന്‍ പുരാവസ്തു വകുപ്പിനെ ചുമതലപ്പെടുത്തി. 1000 വര്‍ഷം വരെ പഴക്കമുള്ളതാകും സ്വര്‍ണാനണയങ്ങള്‍ എന്ന് ഉദ്യോഗസ്ഥര്‍ അനുമാനിക്കുന്നു. അപ്പണ്ണ തല്‍വാര്‍, യല്ലപ്പ കരിഗാര്‍, കഞ്ചപ്പ ബന്തഗി, ഭീമണ്ണ തല്‍വാര്‍ എന്നീ നാലുപേര്‍ക്കാണ് നാണയങ്ങള്‍ കിട്ടിയത്. ഇവര്‍ക്ക് പാരിതോഷികം നല്‍കണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

തൊഴിലാളികളുടെ സത്യസന്ധതയെ എല്ലാ ഉദ്യോഗസ്ഥരും പ്രശംസിച്ചു. സ്വര്‍ണ നായണത്തിന്റെ അളവ് മാത്രം നോക്കി മൂല്യം കണക്കാക്കാന്‍ സാധിക്കില്ലെന്നും ചരിത്ര പ്രാധാന്യം കൂടി പരിശോധിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എങ്ങനെയാണ് ഇത് ഇവിടെ എത്തിയത് എന്നും പരിശോധിക്കും. ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ പരിശോധനയില്‍ എല്ലാം തെളിയുമെന്നാണ് കരുതുന്നത്. സംഭവസ്ഥലം കാണാന്‍ നിരവധി പേരാണ് എത്തുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *