Headlines

തൃശൂർ കയ്‌പമംഗലത്ത് നാടിനെ നടുക്കി വാഹനാപകടം; നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു, 8 പേർക്ക് ദാരുണാന്ത്യം | Shocking Road Accident In Kaipamangalam Thrissur; Car Crashes Into Parked Lorry 8 Killed


Kerala

oi-Nidhin Illikkambath

തൃശൂർ: കയ്‌പമംഗലത്ത് കാര്‍ റോഡരികിൽ നിർത്തിയിട്ട ചരക്ക് ലോറിയില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. പനമ്പിക്കുന്ന് സെന്ററിൽ പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. ഇവിടെ നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചു കയറിയത്.

മരിച്ചവരില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു. അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സേലം സ്വദേശി വിശ്വം (20), ഡിണ്ടിഗല്‍ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ഡിണ്ടിഗല്‍ സ്വദേശി യുവസഞ്ജിത് (20) എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. എല്ലാവരും ഡിണ്ടിഗൽ പിഎസ്എന്‍എ എഞ്ചിനീറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്.

accident

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിരുന്നു. അപകട വിവരം അറിഞ്ഞയുടൻ അഗ്നിശമന സേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരും അപ്പോഴേക്കും ഓടികൂടിയിരുന്നു. ഇതിന് പിന്നാലെ കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.

സംഭവത്തെ തുടർന്ന് കയ്‌പമംഗലം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. അപകടത്തിന്റെ കൃത്യമായ കാരണം ഉൾപ്പെടെ വ്യക്തമല്ല. അപകടത്തിന്റെ കാരണങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ച് വരികയാണ് എന്നാണ് ലഭ്യമായ വിവരം.

അപകടത്തിന്റെ ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിട്ടുണ്ട്. അപകടത്തിന് കാരണം ദേശീയ പാത അതോറ്റിയുടെ വീഴ്‌ചയെന്നാണ് ഉയരുന്ന പ്രധാന ആരോപണം. കൃത്യമായ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ലെന്നതും അനധികൃതമായി ലോറി പാര്‍ക്ക് ചെയ്‌തതുമാണ് അപകടത്തിന് പ്രധാന കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കൂടാതെ സംഭവ സ്ഥലത്ത് ലോറി നിര്‍ത്തിയിരുന്നത് അലക്ഷ്യമായെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അമിത വേഗതയിൽ എത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചുകറിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ദേശീയ പാതയുടെ സ്‌പീഡ് ട്രാക്കിലായിരുന്നു ലോറി നിര്‍ത്തിയിരുന്നത്. കൂടാതെ വാഹനം വിഴിതിരിച്ചു വിടുന്ന സ്ഥലത്ത് കൃത്യമായ മുന്നറിയിപ്പ് ബോര്‍ഡും ഇല്ലായിരുന്നു എന്നാണ് ആക്ഷേപം.



Source link

Leave a Reply

Your email address will not be published. Required fields are marked *