Headlines

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വരുന്നു; ബ്രിക്‌സ് ഉച്ചകോടിക്കിടെ മോദിയുമായി ചര്‍ച്ച, 7 വര്‍ഷത്തിന് ശേഷം | Chinese President Xi Jinping India Visit For BRICS Summit; Expects Xi-Modi Meet, Details Inside


India

oi-Ashif N

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലേക്ക്. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷി ജിന്‍പിങ് ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷ. ഏഴ് വര്‍ഷത്തിന് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത്. പതിനെട്ടാം ബ്രിക്‌സ് ഉച്ചകോടി ശനി, ഞായര്‍ ദിവസങ്ങളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ് ഷി-മോദി കൂടിക്കാഴ്ച.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്നാണ് ബ്രിക്‌സ് കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. പിന്നീട് ദക്ഷിണാഫ്രിക്ക കൂടി ഈ കൂട്ടായ്മയുടെ ഭാഗമായി. അടുത്ത കാലത്ത് നിരവധി രാജ്യങ്ങള്‍ ബ്രിക്‌സില്‍ ചേര്‍ന്നിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, ഇറാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലം ഇതില്‍പ്പെടും. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഈ രാജ്യങ്ങളുടെ നേതാക്കളെല്ലാം ഒത്തുചേരുന്ന ബ്രിക്‌സ് ഉച്ചകോടി വളരെ നിര്‍ണായകമാണ്.

china india leaders meet in brics summit

ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം സംയുക്ത പ്രഖ്യാപനം ഉണ്ടാകാറുണ്ട്. ആതിഥേയരായ രാജ്യമാണ് പ്രഖ്യാപനം തയ്യാറാക്കുക. യുഎഇ, സൗദി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം കടുത്ത ഭിന്നതയിലാണ്. ഈ സാഹചര്യത്തില്‍ സംയുക്ത പ്രഖ്യാപനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശ്രമകരമാകും. വിഷയത്തില്‍ എല്ലാ രാജ്യങ്ങളുടെയും സമവായത്തിന് വേണ്ടി ഇന്ത്യ ശ്രമിക്കുന്നുണ്ട്.

2019ലാണ് ചൈനീസ് പ്രസിഡന്റ് ഇതിന് മുമ്പ് ഇന്ത്യയില്‍ വന്നത്. നരേന്ദ്ര മോദിയും ഷി ജിന്‍പിങും തമ്മിലുള്ള അന്നത്തെ കൂടിക്കാഴ്ച ലോകം ശ്രദ്ധിച്ചിരുന്നു. ചെന്നൈയിലെ മഹാബലിപുരത്തായിരുന്നു ഇരുവരും കണ്ടത്. സൗഹൃദം കൂടുതല്‍ ദൃഢമാക്കുക എന്ന ലക്ഷ്യങ്ങളോടെ ഇരുനേതാക്കളും പിരിഞ്ഞെങ്കിലും ശത്രുത വര്‍ധിക്കുകയാണുണ്ടായത്. കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യം സൃഷ്ടിച്ച പ്രകോപനമാണ് ബന്ധം വഷളാക്കിയത്.

2020ല്‍ ലഡാക്കിലെ ഗല്‍വാനിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കും നാല് ചൈനീസ് സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. നിയന്ത്രണ രേഖയില്‍ ഏറെ കാലം തര്‍ക്കത്തിന് ഈ സംഭവം കാരണമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളെയും ബാധിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംഘര്‍ഷ സാഹചര്യം കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ തുടരുന്നതിനും ധാരണയായി.

കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദി ചൈന സന്ദര്‍ശിച്ചിരുന്നു. കിര്‍ഗിസ്താനില്‍ ഈ മാസം ആദ്യത്തില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ മോദിയും ഷിയും തമ്മില്‍ അല്‍പ്പനേരം സംഭാഷണം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഷി ഇന്ത്യയിലെത്തുന്നത്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ തീര്‍ത്ത് ബന്ധം ഊഷ്മളമാകുമെന്നാണ് പ്രതീക്ഷ. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ച മറ്റു രാജ്യങ്ങളും പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *