Headlines

ചിറയിന്‍കീഴിലെ തമ്മിലടി; പാളയം പ്രദീപിനും സജാദിനും സസ്പെന്‍ഷന്‍, കേസ് ഒതുക്കാന്‍ ശ്രമം | Ramya Haridas Involved Infighting In Chirayinkeezhu: Congress Suspended Palayam Pradeep and Sajad


Kerala

oi-Ashif N

തിരുവനന്തപുരം: രമ്യാ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മിലടിയില്‍ നടപടിയെടുത്ത് കെപിസിസി. രമ്യാ ഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും സംഭവം നടന്ന വീടിന്റെ ഉടമയും കോണ്‍ഗ്രസ് പ്രദേശിക നേതാവുമായ എസ് സജാദിനെയും സസ്‌പെന്‍ഡ് ചെയ്തു. എംഎം ഹസന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടി. ചിറയിന്‍കീഴിലെ സംഭവം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി എന്നാണ് അന്വേഷണ സമിതിയുടെ വിലയിരുത്തല്‍.

വിവാദത്തില്‍ ഭാഗമായ എല്ലാവരില്‍ നിന്നും അന്വേഷണ സമിതി മൊഴി എടുത്തു. രമ്യ ഹരിദാസില്‍ നിന്ന് ഫോണിലൂടെയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. പാളയം പ്രദീപ്, സജാദ്, പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലം എന്നിവര്‍ മൊഴി നല്‍കി. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞ ശേഷവും സസ്‌പെന്റ് ചെയ്തതില്‍ വേദനയുണ്ടെന്ന് സജാദ് പ്രതികരിച്ചു.

ramya haridas congress

ചിറയിന്‍കീഴിലെ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതാണ് അതിവേഗമുള്ള നടപടിക്ക് കാരണമായത്. രണ്ട് വാദങ്ങള്‍ ഉയര്‍ന്നതോടെ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സജാദിന്റെ വീട്ടില്‍ വച്ചായിരുന്നു രമ്യാ ഹരിദാസും പ്രവര്‍ത്തകരും തമ്മിലടിച്ചത്. പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചെന്ന് രമ്യയും, എംഎല്‍എ അടിച്ചതായി പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലവും ആരോപിക്കുകയായിരുന്നു. പുറത്തുവന്ന വീഡിയോ രണ്ടും ശരിവെക്കുന്നതാണ്.

ഇരു വിഭാഗവും നല്‍കിയ കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. രമ്യ എംഎല്‍എ ആയതിനാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടിക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, പാളയം പ്രദീപ് തന്റെ ഔദ്യോഗിക പേഴ്സണല്‍ സ്റ്റാഫ് അംഗമാണെന്ന രമ്യാ ഹരിദാസിന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു.

എംഎല്‍എയ്ക്ക് സര്‍ക്കാര്‍ നല്‍കുന്നത് മൂന്നംഗ സ്റ്റാഫിനെയാണ്. മണ്ഡലം പ്രതിനിധി വിമല്‍ ഡെപ്യൂട്ടേഷനില്‍ വന്ന ആളാണ്. ഡ്രൈവര്‍ അടക്കം മറ്റ് 2 പേര്‍ കൂടി സ്റ്റാഫ് അംഗങ്ങളിലുണ്ട്. ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല. എംപി ആയിരിക്കുന്ന കാലം തൊട്ടേ പാളയം പ്രദീപ് തന്റെ സ്റ്റാഫ് ആണെന്നാണ് രമ്യ ഹരിദാസ് പറഞ്ഞത്.

ചിറയന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ പാളയം പ്രദീപ് പങ്കെടുത്തത് ചട്ടവിരുദ്ധമായാണ് എന്നും ആരോപണമുണ്ട്. ഔദ്യോഗിക പിഎയ്ക്ക് മാത്രമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളത്. പാളയം പ്രദീപ് യോഗത്തില്‍ പങ്കെടുത്തത് സജിത്ത് മുട്ടപ്പാലം ചോദ്യം ചെയ്തിരുന്നു. തമ്മിലടിയുമായി ബന്ധപ്പെട്ട കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നുണ്ട്. എംഎല്‍എ ഇത്തരം കേസില്‍പെടുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകും. കേസുമായി മുന്നോട്ട് പോകുമെന്നാണ് സജാദും കുടുംബവും പറയുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *