Headlines

ഖത്തറിലേക്ക് ആറ് കാലിക്കപ്പലുകള്‍ എത്തുന്നു; ഗള്‍ഫില്‍ സന്തോഷ വാര്‍ത്ത, പാത പ്രഖ്യാപിക്കാന്‍ ഇറാന്‍ | Happy News For Qatar; Six LNG Ships Coming To Qatar Coast; Iran Appreciate Doha Effort To Peace


Gulf

oi-Ashif N

ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധികള്‍ തീരുന്നോ? ക്രൂഡ് ഓയിലും പ്രകൃതി വാതകവും പ്രധാന വരുമാന മാര്‍ഗമായുള്ള ജിസിസി രാജ്യങ്ങള്‍ക്ക് ശുഭ പ്രതീക്ഷ നല്‍കി ഖത്തറിലേക്ക് ആറ് കപ്പലുകള്‍ എത്തുന്നു. കാലിയായ കപ്പലുകളാണ് വരുന്നത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കയറ്റുമതി വീണ്ടും ആരംഭിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു എന്ന സൂചനയായി ഇതിനെ വിലയിരുത്തുന്നു.

ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയ ശേഷം ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും താളംതെറ്റിയിരിക്കുകയാണ്. വില വര്‍ധനവ് പ്രതിസന്ധി ഒരു ഭാഗത്ത് നേരിടുമ്പോള്‍ വരുമാനത്തിലുള്ള ഇടിവ് മറുഭാഗത്ത് വെല്ലുവിളിയായി നില്‍ക്കുന്നു. യുദ്ധം അവസാനിച്ചാല്‍ മാത്രമേ പ്രതിസന്ധി തീരൂ. ഈ വേളയില്‍ രണ്ട് പ്രധാന മാറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് വന്നിരിക്കുന്നത്…

qatar lng shipc coming to coast

ഖത്തറിലേക്ക് ആറ് കാലിക്കപ്പലുകള്‍ വരുന്നു എന്നതാണ് ബ്ലൂംബെര്‍ഗ് വാര്‍ത്ത. കപ്പല്‍ ട്രാക്കിങ് ഏജന്‍സിയായ കെപ്ലറിന്റെ ഡാറ്റ ഉദ്ധരിച്ചാണ് വാര്‍ത്ത. പ്രകൃതി വാതകം കയറ്റുന്ന കപ്പലുകളാണ് വരുന്നത്. ഒമാന്‍ ഗള്‍ഫിലേക്ക് ഈ കപ്പലുകള്‍ അടുത്തിരിക്കുകയാണ്. മറ്റൊരു കപ്പല്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന് ഖത്തറിന്റെ തീരത്തേക്ക് എത്തി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയും ഇറാനുമാണ് ഹോര്‍മുസ് കടലിടുക്കില്‍ തടസം സൃഷ്ടിക്കുന്നത്. അമേരിക്ക സൗഹൃദ രാജ്യമായതിനാല്‍ ഖത്തറിന്റെ വാതക കപ്പലുകള്‍ തടയില്ല എന്നാണ് പ്രതീക്ഷ. അതേസമയം, ഇറാനുമായി രമ്യതയില്‍ എത്തുന്നതിന് കഴിഞ്ഞ ദിവസവും ഖത്തറില്‍ നിന്നുള്ള പ്രതിനിധികള്‍ തെഹ്‌റാനിലെത്തി ചര്‍ച്ച നടത്തി. ഖത്തറിന്റെ ഈ ശ്രമങ്ങളെ ഇറാന്‍ അഭിനന്ദിക്കുകയും ചെയ്തു.

മാര്‍ച്ച് ആദ്യത്തിലാണ് ഖത്തറിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി കേന്ദ്രമായ റാസ് ലഫാന് നേരെ ആക്രമണമുണ്ടായത്. ഇതോടെ എല്ലാ കയറ്റുമതിയും ഖത്തര്‍ നിര്‍ത്തിവച്ചു. ജൂലൈയിലാണ് വീണ്ടും കയറ്റുമതി ശ്രമം തുടങ്ങിയത്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് പുറപ്പെട്ട ഖത്തറില്‍ നിന്നുള്ള കപ്പലുകള്‍ പല രാജ്യങ്ങളില്‍ കുടുങ്ങിയിരുന്നു. ഇവയാണ് ഇപ്പോള്‍ തിരിച്ചെത്തുന്നത് എന്നാണ് കരുതുന്നത്.

യുദ്ധം അവസാനിച്ചാല്‍ ഒരു മാസത്തിനകം 50 ശതമാനം കയറ്റുമതി പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷ. രണ്ട് മാസത്തിനകം 80 ശതമാനം കയറ്റുമതി പുനരാരംഭിക്കാമെന്നും ഖത്തര്‍ കണക്കു കൂട്ടുന്നു. ഇറാനുമായി ചര്‍ച്ച നടത്തി ചരക്കുകപ്പലുകള്‍ക്ക് പാത ഒരുക്കാനാണ് ഖത്തറിന്റെ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് ഖത്തര്‍ പ്രതിനിധികള്‍ ഇറാന്‍ സന്ദര്‍ശിക്കുന്നത്.

അതേസമയം, ഹോര്‍മുസ് പാത ഉടന്‍ തുറക്കുമെന്ന് ഇറാന്‍ സൂചന നല്‍കിയതാണ് മറ്റൊരു സന്തോഷ വാര്‍ത്ത. ഒമാനുമായി ഈ വിഷയം ഇറാന്‍ ചര്‍ച്ച നടത്തിയിരുന്നു. നിയന്ത്രണത്തോടെ തുറക്കാനാണ് ഖത്തര്‍ ആലോചിക്കുന്നത്. നിയന്ത്രിത മേഖല ഇറാന്‍ ഉടന്‍ പ്രഖ്യാപിക്കും. അതോടൊപ്പം ഒമാനുമായുള്ള കരാറിന്റെ ഭാഗമായി പുതിയ കപ്പല്‍ പാതയും വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് ഇറാന്‍ സുരക്ഷാ ഓഫീസര്‍ മുഹ്‌സിന്‍ റസാഇ പറഞ്ഞു. ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചാല്‍ അമേരിക്കയുമായി ബന്ധമുള്ള എല്ലാ ഇന്ധന കേന്ദ്രങ്ങളും തിരിച്ച് ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.



Source link

Leave a Reply

Your email address will not be published. Required fields are marked *