Headlines

ഖത്തര്‍ മുന്നില്‍; മികച്ച ജീവിത നിലവാരത്തില്‍ യുഎഇ 11ാം സ്ഥാനത്ത്, സൗദി അറേബ്യ 26, ഒമാന്‍ പിന്നില്‍ | Qatar Is First Country From GCC In Living Standards; UAE Gets 11, Saudi Arabia At 26th, Details


Gulf

oi-Ashif N

മികച്ച ജീവിത നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ജിസിസി രാജ്യങ്ങളില്‍ നിന്ന് ആദ്യമെത്തിയത് ഖത്തര്‍. പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും രാജ്യങ്ങളിലും ഖത്തറിന് മുന്നില്‍ മറ്റാരുമില്ല. ജിസിസിയിലെ ആറ് രാജ്യങ്ങളും പട്ടികയിലെ ആദ്യ 50ല്‍ ഇടം നേടിയിട്ടുണ്ട്. ആദ്യമെത്തിയത് ഖത്തറാണ്. ഏറ്റവും ഒടുവില്‍ ഒമാനും. ലോക വികസന സൂചികയില്‍ ഖത്തറിന് എട്ടാം സ്ഥാനമാണുള്ളത്.

‘ലെഗാറ്റം പ്രോസ്‌പെരിറ്റി സൂചിക 2026’ലാണ് ജിസിസിയില്‍ നിന്ന് ഖത്തര്‍ ഒന്നാം സ്ഥാനം നേടിയത്. മൊത്തം രാജ്യങ്ങളിലെ കണക്കില്‍ ഖത്തര്‍ നാലാം സ്ഥാനത്താണ്. യുഎഇ 11ാം സ്ഥാനത്തും. കുവൈത്ത് 22, സൗദി അറേബ്യ 26, ബഹ്‌റൈന്‍ 32, ഒമാന്‍ 46 എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍. അതേസമയം, വികസന സൂചികയില്‍ യുഎഇ 13ാം സ്ഥാനത്താണ്.

qatar living standerd rank in 2026

സമ്പത്തോ ആളോഹരി വരുമാനമോ മാത്രമല്ല ഖത്തറിനെ ജീവിത നിലവാര സൂചികയില്‍ നാലാം സ്ഥാനത്ത് എത്തിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക അവസരം, വ്യക്തി സ്വാതന്ത്ര്യം, സാമൂഹിക ഘടകങ്ങള്‍, നിക്ഷേപ-സംരംഭക സാഹചര്യം എന്നിവയെല്ലാം പരിഗണിച്ചിട്ടുണ്ട്. ലോക ജനസംഖ്യയുടെ 98 ശതമാനം ഉള്‍പ്പെടുന്ന 161 രാജ്യങ്ങളിലാണ് പഠനം നടത്തിയത്.

ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ജനസംഖ്യ കുറവും ആവശ്യത്തിലേറെ പണവുമുള്ളതാണ് ഖത്തറിനെ സമ്പന്നമാക്കുന്നത്. സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികളുള്ള രാജ്യം കൂടിയാണിത്. ഇവിടെയുള്ള സ്വദേശികളേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഖത്തറിന്റെ പ്രധാന വരുമാന മാര്‍ഗം പ്രകൃതി വാതകമാണ്. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ വാതക പാടം.

രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ ഖത്തര്‍ പ്രേത്യക പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ആണ് ഇതില്‍ പ്രധാനം. ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം ഒറ്റയ്ക്ക് ഏറ്റെടുത്ത് നടത്തിയതും ഖത്തറിന്റെ സംഘാടക മികവ് തെളിയിക്കുന്നതായിരുന്നു. സാമൂഹികവും മാനുഷികവുമായ വികസനമാണ് രാജ്യത്തിന്റെ സുസ്ഥിര ഭാവി ഉറപ്പാക്കുന്നത് എന്ന് ഖത്തര്‍ നാഷണല്‍ പ്ലാനിങ് കൗണ്‍സില്‍ വിശദീകരിച്ചു.

അതേസമയം, പശ്ചിമേഷ്യയില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യം മേഖലയുടെ മൊത്തം വികസനത്തെ ബാധിച്ചിട്ടുണ്ട്. ഇറാന്‍-അമേരിക്ക യുദ്ധം ഏറ്റവും വലിയ തിരിച്ചടി നല്‍കിയ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ജിസിസിയിലെ ആറ് രാജ്യങ്ങളും യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്നുണ്ട്. വ്യാപാരം വഴിമുട്ടിയ സാഹചര്യത്തില്‍ ഖത്തര്‍ ഉള്‍പ്പെടെ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ്. നേരത്തെ ഇന്ത്യ ഏറ്റവും കൂടുതല്‍ എല്‍എന്‍ജി ഇറക്കിയിരുന്നത് ഖത്തറില്‍ നിന്നായിരുന്നു. ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം ഈ സ്ഥാനം അമേരിക്ക നേടി.



Source link

Leave a Reply

Your email address will not be published. Required fields are marked *