Headlines

ഖത്തര്‍ പ്ലാന്‍ മാറ്റി; പ്രധാനമന്ത്രി ഇറാനില്‍, ഹോര്‍മുസ് വഴി പ്രത്യേക ഇടനാഴി, ഇറാന്‍ പണം വാങ്ങുമോ? | Qatar PM Arrived Iran and Discussed Crucial Matters Including Special Corridor In Hormuz and Toll


Gulf

oi-Ashif N

ടെഹ്‌റാന്‍: അനുരഞ്ജന ചര്‍ച്ചയ്ക്ക് വീണ്ടും വഴി തുറക്കാന്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് അബ്ദുറഹ്മാന്‍ അല്‍ത്താനി ഇറാനില്‍. തെഹ്‌റാനിലെത്തിയ അദ്ദേഹം ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ചര്‍ച്ച നടത്തി. ഹോര്‍മുസ് വഴി പ്രത്യേക ഇടനാഴി സ്ഥാപിക്കുന്ന കാര്യമായിരുന്നു പ്രധാന ചര്‍ച്ച.

അമേരിക്ക ഇറാനെ ആക്രമിച്ചപ്പോള്‍ ഇറാന്‍ തിരിച്ചടിച്ചത് ഖത്തറില്‍ ആയിരുന്നു. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ് എന്നതാണ് കാരണം. ആക്രമണത്തിനിടെ കാണാതയ മൂന്ന് പൈലറ്റുമാരെ ഖത്തര്‍ തടവിലാക്കിയിരിക്കുകയാണ് എന്ന് ഇറാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാദം ശരിയല്ലെന്ന് ഖത്തര്‍ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ഖത്തര്‍ മന്ത്രി ഇറാനിലെത്തിയിരിക്കുന്നത്.

qatar iran talks in tehran updates

സൈനികമായ യുദ്ധത്തില്‍ അമേരിക്കക്ക് മേല്‍ക്കൈ നേടാന്‍ സാധിച്ചില്ല എന്നാണ് വിലയിരുത്തല്‍. ഇറാന്‍ ഭരണകൂടത്തെ മാറ്റും, ആണവ പദ്ധതി അവസാനിപ്പിക്കും എന്നെല്ലാം പ്രഖ്യാപിച്ച് എത്തിയ അമേരിക്ക, ഹോര്‍മുസ് കടല്‍പാത വിഷയത്തില്‍ ഊന്നി നില്‍ക്കുകയാണ് ഇപ്പോഴും. സൈനിക നടപടി ഇനിയുണ്ടാകില്ലെന്ന് സൂചന നല്‍കിയ അമേരിക്ക, സാമ്പത്തിക ഉപരോധം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അമേരിക്കയുടെ സാമ്പത്തിക യുദ്ധവും വിജയിക്കാന്‍ പോകുന്നില്ല എന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗിര്‍ ഗാലിബഫ് പ്രതികരിച്ചു. ഹോര്‍മുസ് പാത തുറക്കുക എന്നതാണ് ഖത്തറിന്റെ പ്രധാന ലക്ഷ്യം. ഇതിന് ഇറാനെ പ്രേരിപ്പിക്കാനാണ് ശൈഖ് മുഹമ്മദ് ഇറാനിലെത്തിയത്. ഹോര്‍മുസിലെ ബോംബുകള്‍ നീക്കാന്‍ സംയുക്തമായ ശ്രമം നടത്താമെന്ന് ഖത്തര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടക്കും.

ഹോര്‍മുസ് വഴി കപ്പലുകള്‍ക്ക് കടന്നുപോകാനുള്ള സുരക്ഷിത പാത ഒരുക്കണം എന്ന് ഖത്തര്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിന് വേണ്ടി പ്രത്യേക ചട്ടക്കൂട് തയ്യാറാക്കും. ഹോര്‍മുസ് തുറക്കുക , ബോംബുകള്‍ നിര്‍വീര്യമാക്കുക, മേഖലയിലെ സംഘര്‍ഷ സാധ്യത കുറയ്ക്കുക, ചര്‍ച്ചകള്‍ക്ക് അനിയോജ്യമായ സാഹചര്യമുണ്ടാക്കുക എന്നിവയെല്ലാമായിരുന്നു ചര്‍ച്ചാ വിഷയങ്ങള്‍.

അതേസമയം, ഹോര്‍മുസില്‍ അതിര്‍ത്തി പങ്കിടുന്ന ഇറാനും ഒമാനും ചരക്കുപാത സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ഇതിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ പിരിക്കാനാണ് ധാരണ. പുതിയ ആവശ്യത്തോട് ഖത്തര്‍ അനുകൂല സമീപനം സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. ഖത്തറിന്റെ കപ്പലുകള്‍ക്ക് കടന്നുപോകണം എങ്കില്‍ ടോള്‍ നല്‍കണം എന്ന ഉപാധി ഇറാന്‍ മുന്നോട്ട് വച്ചേക്കാം. ഇറാന്റെ റിയാലിലോ അല്ലെങ്കില്‍ ജിസിസി രാജ്യങ്ങളിലെ കറന്‍സികളിലോ ഡോളറിലോ ആകും ടോള്‍ പിരിക്കുക എന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

യുദ്ധം കാരണം വലിയ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നും ഇതിന് പകരമായി ടോള്‍ പിരിക്കുമെന്നുമാണ് ഇറാന്‍ നേരത്തെ പറഞ്ഞിരുന്നത്. ടോള്‍ പിരിക്കുന്നത് അംഗീകരിക്കില്ലെന്ന് അമേരിക്ക പറയുന്നു. ഇറാനെതിരെ ഉപരോധം ശക്തമാക്കാനാണ് അമേരിക്കയുടെ നീക്കം. ഇറാനുമായി വ്യാപാര-സാമ്പത്തിക ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ചുമത്താനാണ് അമേരിക്കയുടെ തീരുമാനം.



Source link

Leave a Reply

Your email address will not be published. Required fields are marked *