Headlines

ഖത്തര്‍ ഖജനാവ് കാലിയാകുന്നു; കടുംവെട്ടുമായി ഭരണകൂടം, സൗദിയിലേക്കുള്ള റെയില്‍ വൈകുമോ? | Qatar Come To Strict Action; Government Cuts Spending, Will Rail Link To Saudi Arabia Be Delayed?


Gulf

oi-Ashif N

ദോഹ: ഖത്തര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ? ചെലവ് വെട്ടിച്ചുരുക്കുകയാണ് ഈ ജിസിസി രാജ്യം. ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നായ ഖത്തറിന് തിരിച്ചടിയായത് ആറ് മാസത്തോളമായി തുടരുന്ന ഇറാന്‍-അമേരിക്ക യുദ്ധമാണ്. യുദ്ധം കാരണം വലിയ തിരിച്ചടി നേരിട്ട ജിസിസി രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. വരുമാനം കുത്തനെ ഇടിഞ്ഞതാണ് ഖത്തര്‍ നേരിടുന്ന വെല്ലുവിളി.

സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച ബജറ്റില്‍ നിന്ന് 30 ശതമാനം കുറച്ചിരിക്കുകയാണ് എന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ രാജ്യങ്ങള്‍ക്ക് ഖത്തര്‍ നല്‍കുന്ന സഹായങ്ങളില്‍ 85 ശതമാനവും വെട്ടിക്കുറച്ചു. എല്‍എന്‍ജി ഉല്‍പ്പാദനം നിര്‍ത്തിവച്ചതാണ് ഖത്തറിന് തിരിച്ചടിയായത്. ഇതോടെ വരുമാനം ലഭിക്കാത്ത സാഹചര്യമാണുള്ളത്.

qatar spending cut

അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചപ്പോള്‍ ഇറാന്‍ തിരിച്ചടിച്ചത് ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ്. ജിസിസിയിലെ അമേരിക്കന്‍ താവളങ്ങള്‍ ഇറാന്‍ ലക്ഷ്യമിടുകയായിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളം ഖത്തറിലാണ്. അല്‍ ഉദൈദ് താവളത്തില്‍ പതിനായിരത്തിലധികം അമേരിക്കന്‍ സൈനികര്‍ തമ്പടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അല്‍ ഉദൈദ് താവളത്തില്‍ ഇറാന്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയിരുന്നു. കൂടാതെ ഖത്തറിന്റെ പ്രധാന വാതക ഉല്‍പ്പാദന കേന്ദ്രവും ആക്രമിച്ചു. ഇതോടെ കൂടുതല്‍ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ഖത്തര്‍ എല്‍എന്‍ജി ഉല്‍പ്പാദനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. മാത്രമല്ല, ഹോര്‍മുസ് പാത അടഞ്ഞതിനാല്‍ വ്യാപാരം സുഗമമായി നടക്കുന്നുമില്ല. യുദ്ധം അവസാനിപ്പിച്ച് വേഗം ഹോര്‍മുസ് തുറക്കണം എന്നാണ് ഖത്തറിന്റെ ആവശ്യം. ഇതിന് മധ്യസ്ഥ ശ്രമങ്ങളിലാണ് ഖത്തര്‍.

ഖത്തറിന്റെ ചെലവ് ചുരുക്കല്‍ സംബന്ധിച്ച് അറിയുന്ന മൂന്ന് വ്യക്തികളെ ഉദ്ധരിച്ചാണ് ഫിനാന്‍ഷ്യല്‍ ടൈംസ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. 2026ലെ ഖത്തറിന്റെ മൊത്തം ബജറ്റ് 6100 കോടി ഡോളറിന്റേതാണ്. ഇതില്‍ എത്രയാണ് വെട്ടിച്ചുരുക്കിയ സംഖ്യ എന്ന് കൃത്യമായി റിപ്പോര്‍ട്ടില്‍ ഇല്ല. അതേസമയം, യുദ്ധം തുടര്‍ന്നാല്‍ അടുത്ത വര്‍ഷം കൂടുതല്‍ ചെലവ് ചുരുക്കലിലേക്ക് ഖത്തര്‍ കടന്നേക്കും.

ഈ വര്‍ഷം ഖത്തര്‍ ജിഡിപി 8.6 ശതമാനം ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രവചിച്ചിരിക്കുന്നത്. ജിസിസിയിലെ ആറ് രാജ്യങ്ങളില്‍ ഇത്രയും പ്രതിസന്ധി ഖത്തറിന് മാത്രമാണ്. ഹോര്‍മുസ് വഴിയാണ് ഖത്തറിന്റെ പ്രധാന കയറ്റുമതി. ഇത് തടസപ്പെട്ടതാണ് ഖത്തറിനെ സാമ്പത്തികമായി ഞെരുക്കുന്നത്. സൗദി അറേബ്യയുമായി സഹകരിച്ച് പുതിയ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ഖത്തര്‍ ആലോചിക്കുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

ജിസിസിയലെ എല്ലാ രാജ്യങ്ങളും കയറ്റുമതിക്കും ഇറക്കുമതിക്കും പുതിയ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണിപ്പോള്‍. അതേസമയം, ദോഹയില്‍ നിന്ന് റിയാദിലേക്കുള്ള റെയില്‍പാത കഴിഞ്ഞ വര്‍ഷം ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയെ ഉള്‍പ്പെടെ പുതിയ പ്രതിസന്ധി ബാധിക്കുമെന്ന സൂചനയാണ് വരുന്നത്. യുദ്ധം തുടര്‍ന്നാല്‍ ജിസിസിയിലെ വന്‍കിട പദ്ധതികളെല്ലാം മന്ദഗതിയിലാകും. പ്രവാസികളുടെ ജോലി സാധ്യതകള്‍ കുറയും.



Source link

Leave a Reply

Your email address will not be published. Required fields are marked *