Headlines

കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; ലക്ഷദ്വീപിലെ ഭൂമി ഏറ്റെടുക്കല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി | Setback For The Central Government; Kerala High Court Quashes Land Acquisition Order In Lakshadweep


Kerala

oi-Ashif N

കൊച്ചി: പണ്ടാരഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി. ടൂറിസം പദ്ധതികള്‍ക്കായി പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നൂറിലധികം ലക്ഷദ്വീപ് നിവാസികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ലക്ഷദ്വീപില്‍ വിപുലമായ ടൂറിസം പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പണ്ടാര ഭൂമി സര്‍ക്കാരിന്റേതാണ് എന്ന് ചൂണ്ടിക്കാട്ടി പിടിച്ചെടുക്കാന്‍ നീക്കം നടത്തിയത്.

പണ്ടാരഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയ്ക്കും ഭൂമിയുടെ പുനര്‍വര്‍ഗീകരണ നടപടികള്‍ക്കും ഹൈക്കോടതി വിധി തിരിച്ചടിയായി. ലക്ഷദ്വീപിലെ പകുതിയില്‍ അധികം ഭൂമി പണ്ടാരം വകയാണ് എന്നാണ് കരുതപ്പെടുന്നത്. ഇത് ഭരണകൂടം പിടിച്ചെടുത്താല്‍ അവിടെ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ ബാധിക്കുമായിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവോടെ ഇക്കാര്യത്തില്‍ ആശ്വാസമായി.

LAKSHWADEEP pandaram LAND kerala high court verdict

പണ്ടാരഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അറക്കല്‍ രാജകുടുംബം ദ്വീപ് നിവാസികള്‍ക്ക് കൃഷിക്കും താമസത്തിനുമായി വിട്ടുനല്‍കിയതാണത്രെ ഭൂമി. ബ്രിട്ടീഷ് ഭരണകാലത്തും ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതോടെ 1965ല്‍ ദ്വീപ് നിവാസികള്‍ക്ക് അനുകൂലമായി നിയമനിര്‍മാണം വന്നു.

പതിറ്റാണ്ടുകളായി ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഉടമസ്ഥാവകാശമുണ്ട് എന്ന വാദമാണ് ദ്വീപ് വാസികള്‍ക്കുള്ളത്. എന്നാല്‍ താമസക്കാര്‍ക്ക് കൈവശത്തിനുള്ള അവകാശം മാത്രമേയുള്ളൂ എന്നും ഉടമസ്ഥാവകാശം അഡ്മിനിസ്‌ട്രേഷനാണ് എന്നും ഭരണകൂടം വാദിക്കുന്നു. ലക്ഷദ്വീപില്‍ ടൂറിസം വിപുലീകരിക്കുന്നതിനുള്ള കേന്ദ്ര നീക്കം ശക്തമായിരിക്കെയാണ് ഹൈക്കോടതി വിധി. പുതിയ ടൂറിസം പദ്ധതികള്‍ക്ക് ഭൂമി കണ്ടെത്തുന്നതിനും വിധി തിരിച്ചടിയാകും.

പണ്ടാരം വക ഭൂമി സര്‍ക്കാരിന്റേതാണ്. ഭൂമിയുടെ പൂര്‍ണ ഉടമസ്ഥത സര്‍ക്കാരിനാണ്. പാട്ടത്തിന് നല്‍കുക മാത്രമാണ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ വിവിധ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട് എന്നായിരുന്നു അഡ്മിനിസ്‌ട്രേഷന്റെ നിലപാട്. ഇക്കാര്യം കോടതി അംഗീകരിച്ചില്ല. ഭൂമി ഏറ്റെടുക്കുന്നതിന് അഡ്മിനിസ്‌ട്രേഷന്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു.

അതേസമയം, ഇടയ്ക്കിടെ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ദ്വീപ് ഭരണകൂടം. ലക്ഷദ്വീപ് ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിങ് റഗുലേഷന്‍ എന്ന നിയമം രാഷ്ട്രപതി ഒപ്പുവച്ചതോടെ കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. പഞ്ചായത്തുകളുടെ അധികാരം കവരുന്നതാണ് പുതിയ നിയമം എന്നാണ് ആക്ഷേപം. പുതിയ അധികാര കേന്ദ്രങ്ങള്‍ വരാന്‍ സൗകര്യം ഒരുക്കുന്നതുമാണ് നിയമം. പ്ലാനിങ് ബോര്‍ഡ്, പ്ലാനിങ് അതോറിറ്റി തുടങ്ങിയ സംവിധാനങ്ങളെല്ലാം ശക്തിപ്പെടുന്നതാണ് പുതിയ നിയമം എന്നും പറയപ്പെടുന്നു. സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കല്‍ എളുപ്പമാക്കുന്ന ഈ നിയമ പ്രകാരം തടസം നില്‍ക്കുന്നവര്‍ നടപടി നേരിടേണ്ടി വരികയും ചെയ്യും.



Source link

Leave a Reply

Your email address will not be published. Required fields are marked *