Headlines

‘എന്തിനാണ് സാധാരണക്കാരെ ഇങ്ങനെ ദ്രോഹിക്കുന്നത്?’കോട്ടയം മെഡിക്കൽ കോളേജിലെ ദുരവസ്ഥക്കെതിരെ പൊതുപ്രവർത്തകൻ | Buzz News


Last Updated:

ആൻജിയോഗ്രാമിനായി രാവിലെ 8 മണിക്ക് എത്തുന്ന രോഗിക്ക് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാൻ ഉച്ചയ്ക്ക് 12 മണിയോളം ആകേണ്ടി വരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

News18
News18

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ദുരവസ്ഥക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകനും കലാകാരനുമായ നന്ദകുമാർ എ.പി. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ നേരിട്ട് അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പങ്കുവെച്ചത്. ഇത് രാഷ്ട്രീയ ആരോപണമല്ലെന്നും ആയിരക്കണക്കിന് സാധാരണക്കാർ എത്തുന്ന ആശുപത്രിയിലെ സിസ്റ്റത്തിന്റെ പരാജയത്തിനെതിരെയുള്ള ശബ്ദമാണെന്നും അദ്ദേഹം കുറിച്ചു.

ആൻജിയോഗ്രാമിനായി രാവിലെ 8 മണിക്ക് എത്തുന്ന രോഗിക്ക് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാൻ ഉച്ചയ്ക്ക് 12 മണിയോളം ആകേണ്ടി വരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒ.പി ടിക്കറ്റ്, ഡോക്ടറെ കാണൽ, അഡ്മിഷൻ ബുക്ക് വാങ്ങൽ, എക്കോ പരിശോധന, അഡ്മിഷൻ പൂർത്തിയാക്കൽ അഞ്ച് വ്യത്യസ്ത ക്യൂകളിൽ മണിക്കൂറുകളോളം രോഗികളും കൂട്ടിരിപ്പുകാരും അലയേണ്ടി വരുന്നു. ഒരു ക്യു.ആർ കോഡോ സിംഗിൾ വിൻഡോ സിസ്റ്റമോ വഴി മിനിറ്റുകൾക്കുള്ളിൽ തീർക്കാവുന്ന കാര്യത്തിനാണ് ഗുരുതര രോഗമുള്ളവരെപ്പോലും ഇങ്ങനെ കറക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കാരുണ്യ ഇൻഷുറൻസ് വഴി 5 ലക്ഷം രൂപയുടെ പരിരക്ഷ കടലാസിലുണ്ടെങ്കിലും ആശുപത്രി ഫാർമസിയിൽ പ്രൊസീജറിന് ആവശ്യമായ ഒരു സർജിക്കൽ സാധനം പോലുമില്ലെന്ന് കുറിപ്പിൽ പറയുന്നു. ആൻജിയോഗ്രാം,ആൻജിയോപ്ലാസ്റ്റി ചികിത്സകൾക്ക് വേണ്ട 13,500 ഓളം വരുന്ന സർജിക്കൽ കിറ്റുകളും മരുന്നുകളും രോഗികൾ പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് കാശ് കൊടുത്ത് വാങ്ങേണ്ടി വരുന്നു. ആശുപത്രി ഫാർമസിയിൽ ലഭ്യമല്ലാത്ത സാധനങ്ങൾ പുറത്തെ സ്വകാര്യ കടകളിൽ യഥേഷ്ടം ലഭ്യമാകുന്നത് ആരെ സഹായിക്കാനാണെന്നും ഔദ്യോഗിക സീലോ രേഖകളോ ഇല്ലാതെ വെറും വെള്ളക്കടലാസിലാണ് പുറത്തുനിന്ന് മരുന്നുകൾ വാങ്ങാൻ കുറിപ്പ് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അറിയാൻ വേണ്ടി മൂന്ന് ആവശ്യങ്ങളും അദ്ദേഹം കുറിച്ചിട്ടുണ്ട്.

  • പൊതിച്ചോറ് വിതരണത്തിന്റെ പബ്ലിസിറ്റിക്ക് പിന്നാലെ പോകാതെ ആശുപത്രി മാനേജ്‌മെന്റ് സിസ്റ്റവും ഫാർമസി സ്റ്റോക്കുകളും കൃത്യമാക്കാൻ മുൻകൈ എടുക്കുക.
  • രോഗികളെയും കൂട്ടിരിപ്പുകാരെയും ബുദ്ധിമുട്ടിക്കുന്ന ക്യൂ രീതി അവസാനിപ്പിച്ച് ഡിജിറ്റൽ ടോക്കൺ സംവിധാനം നടപ്പിലാക്കുക.
  • കാരുണ്യ ഇൻഷുറൻസ് വഴി ലഭിക്കേണ്ട സർജിക്കൽ കിറ്റുകളും മരുന്നുകളും മെഡിക്കൽ കോളേജിൽ തന്നെ ലഭ്യമാക്കുക.

പൊതുജനങ്ങൾ അടയ്ക്കുന്ന നികുതിപ്പണത്തിൽ നിന്നാണ് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതെന്നും ആ പരിരക്ഷ നിലനിൽക്കുമ്പോഴും പതിനായിരങ്ങൾ പുറത്ത് കടം വാങ്ങേണ്ടി വരുന്നത് ഭരണസംവിധാനത്തിന്റെ വമ്പൻ പരാജയമാണെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/

‘എന്തിനാണ് സാധാരണക്കാരെ ഇങ്ങനെ ദ്രോഹിക്കുന്നത്?’കോട്ടയം മെഡിക്കൽ കോളേജിലെ ദുരവസ്ഥക്കെതിരെ പൊതുപ്രവർത്തകൻ



Source link

Leave a Reply

Your email address will not be published. Required fields are marked *