Artificial Intelligence
oi-Nidhin Illikkambath
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ഉപയോഗം വേഗത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങളുമായി ചൈന. ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ചട്ടങ്ങൾ പ്രകാരം എഐ കാമുകി, വെർച്വൽ പ്രണയ പങ്കാളി, വെർച്വൽ കുടുംബാംഗങ്ങൾ തുടങ്ങിയ മനുഷ്യസമാന എഐ കൂട്ടുകാരെ സൃഷ്ടിക്കാൻ അനുവദിക്കുന്ന നിരവധി ഫീച്ചറുകൾ ചൈന നിരോധിക്കുകയാണ്.
ഇതിന്റെ ഭാഗമായി അലിബാബ, ബൈറ്റ്ഡാൻസ്, ടെൻസെന്റ് തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾ അവരുടെ എഐ ചാറ്റ്ബോട്ടുകളിലെ കസ്റ്റമൈസ് ചെയ്യാവുന്ന പെർസോണ ഫീച്ചറുകൾ പിൻവലിക്കുമെന്ന് അറിയിച്ചു. ബൈറ്റ്ഡാൻസിന്റെ ഡുവോബാവോ, അലിബാബയുടെ ക്വൻ എന്നിവ ജൂലൈ 15 മുതൽ ഈ സൗകര്യം ഒഴിവാക്കും. ടെൻസെന്റ് കഴിഞ്ഞ ആഴ്ച തന്നെ സമാന ഫീച്ചർ നീക്കം ചെയ്തിരുന്നു. മറ്റൊരു ആപ്പായ മിയോഷി ജൂലൈ 14 മുതൽ സേവനം പൂർണമായി അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.

ഈ ഫീച്ചറുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എഐയുടെ സ്വഭാവം, സംസാരശൈലി, വ്യക്തിത്വം, അറിവിന്റെ മേഖല എന്നിവ സ്വയം ക്രമീകരിക്കാനായിരുന്നു സൗകര്യം. ഇതിലൂടെ വ്യക്തിഗത അസിസ്റ്റന്റ്, അധ്യാപകൻ, വെർച്വൽ ബന്ധു, പ്രണയ പങ്കാളി തുടങ്ങിയ വിവിധ കഥാപാത്രങ്ങളെ സൃഷ്ടിച്ച് സംഭാഷണം നടത്താൻ കഴിയുമായിരുന്നു.
എന്നാൽ, അടുത്തിടെ കുട്ടികൾ, കൗമാരക്കാർ, പ്രായമായവർ തുടങ്ങി നിരവധി പേർ ഇത്തരം എഐ കൂട്ടുകാരെ അമിതമായി ആശ്രയിക്കുന്ന പ്രവണത വർധിച്ചതോടെയാണ് ചൈന കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങിയത്. ഇതിന് പിന്നിലെ പ്രധാന കാരണം ‘എഐ സൈക്കോസിസ്’ എന്നറിയപ്പെടുന്ന അവസ്ഥയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഇത് ഔദ്യോഗിക മെഡിക്കൽ രോഗനിർണയമല്ലെങ്കിലും, എഐ ചാറ്റ്ബോട്ടുകളുമായും റോൾപ്ലേ സംവിധാനങ്ങളുമായും അമിതമായി ഇടപഴകുന്നതിലൂടെ ചില ഉപയോക്താക്കൾ യാഥാർഥ്യവും സാങ്കൽപ്പിക ലോകവും തമ്മിലുള്ള അതിർത്തി തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന അവസ്ഥയെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്.
പുതിയ ചട്ടങ്ങൾ പ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് വെർച്വൽ പ്രണയബന്ധങ്ങളോ കുടുംബബന്ധങ്ങളോ നൽകുന്ന എഐ സേവനങ്ങൾ പൂർണമായും നിരോധിക്കും. കൂടാതെ 14 വയസിന് താഴെയുള്ള കുട്ടികൾക്ക് മനുഷ്യസമാന എഐ സേവനങ്ങൾ നൽകുന്നതിന് മുമ്പ് മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുമതി നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.
എഐ മനുഷ്യരുടെ വികാരങ്ങളെയും സാമൂഹിക ഇടപെടലുകളെയും സ്വാധീനിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ചൈന ഈ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ജൂലൈ 15 മുതൽ രാജ്യത്തെ എല്ലാ എഐ സേവനദാതാക്കളും പുതിയ മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതായിരിക്കും. ഭാവി മുന്നിൽ കണ്ടാണ്ചൈനയുടെ ഈ നീക്കം.