Last Updated:
ചില രംഗങ്ങളിൽ ഭാഗ്യരാജ് സാരി ഉടുത്ത് നടക്കുന്നതും അഭിനയിക്കുന്ന രീതിയും പഠിപ്പിച്ചിരുന്നുവെന്നും ഉർവശി
കല്പന, ഉർവശി സഹോദരിമാരെ തമിഴിൽ (Tamil cinema) എത്തിച്ച സംവിധായകനാണ് ഭാഗ്യരാജ് (K. Bhagyaraj). ഉർവശിയെ (Urvashi) തമിഴ് സിനിമയിൽ ആദ്യമായി അവതരിപ്പിച്ച സംവിധായകനും അവരുടെ ആദ്യ നായകനുമാണ് കെ. ഭാഗ്യരാജ്. 1983ൽ, ഭാഗ്യരാജിന്റെ ‘മുന്താനൈ മുടിച്ച്’ (Munthanai Mudichu) എന്ന ചിത്രത്തിലൂടെയാണ് 13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത്.
‘മുന്താനൈ മുടിച്ച്’ സിനിമയിലെ അനുഭവത്തെക്കുറിച്ച് ഉർവശി മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. “ചിത്രത്തിൽ അഭിനയിക്കുമ്പോൾ ക്യാമറ ഓഫ് ആയിരുന്ന സമയത്ത് എനിക്ക് സന്തോഷമായിരുന്നു. പ്രത്യേകിച്ച് സെറ്റിൽ കുട്ടികൾ എന്നെ ചുറ്റിപ്പറ്റി നിൽക്കുമ്പോൾ. പക്ഷേ ഷോട്ട് റെഡിയാണെന്ന് സംവിധായകൻ പറയുന്ന നിമിഷം ഞാൻ ഭയപ്പെടും,” ഉർവശി ഓർക്കുന്നു.
തന്നെ അഭിനയിക്കാൻ പ്രോത്സാഹിപ്പിച്ചതിൽ സംവിധായകൻ ഭാഗ്യരാജിനെ നന്ദിപൂർവം ഓർക്കുന്ന വ്യക്തിയാണ് ഉർവശി. “ഭാഗ്യരാജ് സാറിന്റെ ശ്രമങ്ങളാണ് എന്റെ പ്രകടനത്തെ രൂപപ്പെടുത്തിയത്. സിനിമ വിജയിപ്പിക്കാൻ ഞാൻ പ്രത്യേകമായി ഒന്നും ചെയ്തില്ല. സെറ്റിൽ ആരെങ്കിലും എന്നെ ശകാരിച്ചാൽ ഞാൻ നടന്ന് വീട്ടിലേക്ക് പോകുമായിരുന്നു,” എന്ന് ഉർവശി.
തന്റെ ഭക്ഷണക്രമം പോലും നിയന്ത്രിക്കാൻ ഒരു മാനേജറെ നിയമിച്ചിരുന്നുവെന്നും ഉർവശി പറയുന്നു. “ഞാൻ ശരിയായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു മാനേജറെ നിയമിച്ചിരുന്നു. അദ്ദേഹം ഒരു ലാത്തിയുമായി എന്റെ പിന്നാലെ നടക്കും. ഭാരം കൂട്ടാൻ ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞദ്ദേഹം എന്നെ ഭീഷണിപ്പെടുത്തും,” ഉർവശി ഓർക്കുന്നു.
വൈകാരിക രംഗങ്ങളെക്കുറിച്ച് ഉർവശിക്ക് ഭയമില്ലായിരുന്നു. അതായിരുന്നു അവർക്ക് ഏറ്റവും ഇഷ്ടമുള്ളത്.
“മുന്താനൈ മുടിച്ച് എന്ന ചിത്രത്തിലെ വൈകാരിക രംഗങ്ങൾ എനിക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ഞാൻ വളർന്നത് അച്ഛന്റെ നാടകസംഘത്തിന്റെ അന്തരീക്ഷത്തിലാണ്. അച്ഛനും മറ്റ് കലാകാരന്മാരും അഭിനയിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്,” അവർ പറഞ്ഞു.
ചില രംഗങ്ങളിൽ ഭാഗ്യരാജ് സാരി ഉടുത്ത് നടക്കുന്നതും അഭിനയിക്കുന്ന രീതിയും പഠിപ്പിച്ചിരുന്നുവെന്നും ഉർവശി ഓർക്കുന്നു. “ഇന്നും ഏതു ഷൂട്ടിനുമുമ്പും മേക്കപ്പ് ചെയ്യുന്നതിന് മുൻപ് അദ്ദേഹത്തെ ഞാൻ ഓർക്കാറുണ്ട്,” അവർ പറഞ്ഞു.
“അദ്ദേഹത്തിന്റെ മാർഗനിർദേശം ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ആരാകുമായിരുന്നു എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു,” എന്നും ഉർവശി.
ഭാഗ്യരാജിന്റെ ‘ചിന്ന വീട്’ (1985) ആയിരുന്നു കൽപനയുടെ ആദ്യ തമിഴ് സിനിമ.
Summary: Director K. Bhagyaraj is the one who introduced the sisters Kalpana and Urvashi to Tamil cinema. He is also the filmmaker who first launched Urvashi in Tamil films and was her first co-star. In 1983, 13-year-old Urvashi made her debut as a heroine through Bhagyaraj’s film ‘Munthanai Mudichu’
Thiruvananthapuram,Kerala
Jun 27, 2026 11:36 AM IST
ഉർവശിക്കായി സാരി ചുറ്റി നടന്നു കാട്ടിയ ഭാഗ്യരാജ്; കല്പന, ഉർവശിമാരെ ആദ്യമായി തമിഴിൽ അവതരിപ്പിച്ച സംവിധായകൻ
