Headlines

ഈജിപ്ത് വരും; വെളിപ്പെടുത്തി തുര്‍ക്കി, ആര്‍4 നേരത്തെ റെഡി, ഇറാന്‍ ലക്ഷ്യമിട്ടല്ല നീക്കം | Egypt Will Join New Defence Alliance Which Include Saudi, Pakistan; Turkish Minister Says Future Plan


International

oi-Ashif N

അങ്കാറ: സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സൈനിക സഖ്യത്തില്‍ ഈജിപ്ത് അംഗമാകും. തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാങ്കേതികമായ ചില തടസങ്ങളുണ്ട്. അത് നീക്കിയാല്‍ ഈജിപ്ത് സഖ്യത്തില്‍ ചേരും. മേഖലയിലെ സുപ്രധാന രാജ്യമാണ് ഈജിപ്ത്. കൂടുതല്‍ രാജ്യങ്ങളെ പുതിയ സൈനിക സഖ്യത്തില്‍ ഉള്‍പ്പെടുത്തുമെന്നും തുര്‍ക്കി മന്ത്രി പറഞ്ഞു.

സഖ്യത്തില്‍ അംഗങ്ങളായ ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ എല്ലാവരെയും ആക്രമിച്ചതിന് തുല്യമായി കണക്കാക്കും എന്നതാണ് സൈനിക കൂട്ടായ്മയുടെ കാതല്‍. എന്നാല്‍ ഏത് രീതിയിലാണ് ഇടപെടേണ്ടത് എന്ന് സഖ്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ഫിദാന്‍ പറഞ്ഞു. പുതിയ കൂട്ടായ്മ ഇറാന് എതിരല്ല, ഒരു രാജ്യത്തെയും ശത്രുവായി കണ്ടല്ല സഖ്യം രൂപീകരിച്ചത് എന്നും മന്ത്രി വ്യക്തമാക്കി.

egypt join new alliance turkey says

വെള്ളിയാഴ്ചയാണ് സൗദി അറേബ്യയിലെ മക്കയില്‍ പുതിയ സൈനിക സഖ്യം രൂപീകരിക്കപ്പെട്ടത്. മക്ക സംയുക്ത പ്രതിരോധ കരാര്‍ ഒപ്പുവച്ചു കൊണ്ടായിരുന്നു തുടക്കം. അംഗരാജ്യങ്ങളുടെ സുരക്ഷയാണ് സഖ്യത്തിന്റെ പ്രധാന അജണ്ട. അമേരിക്കയും ഇറാനും തമ്മില്‍ ശക്തമായ യുദ്ധം നടക്കുകയും ചെങ്കടലും ഹോര്‍മുസ് പാതയും പ്രതിസന്ധി നേരിടുകയും ചെയ്യുന്ന വേളയില്‍ കൂടിയാണ് സൈനിക സഖ്യം രൂപീകരിച്ചിരിക്കുന്നത്.

”സഖ്യത്തില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തും. ഈജിപ്ത് ആയിരിക്കും ആദ്യം ചേരുക. കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തണം എന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന് താല്‍പ്പര്യമുണ്ട്. ഇറാന് എതിരല്ല പുതിയ കൂട്ടായ്മ. ഏതെങ്കിലും അംഗരാജ്യം ആക്രമിക്കപ്പെട്ടാല്‍ എങ്ങനെ പ്രതികരിക്കണം എന്ന് കൂടിയാലോചിക്കും. മൂന്ന് വര്‍ഷത്തോളമായി നടന്ന ചര്‍ച്ചയുടെ ഫലമാണ് പുതിയ സൈനിക സഖ്യം” എന്നും ഫിദാന്‍ തുര്‍ക്കി മാധ്യമമായ അനദോളുവിനോട് പറഞ്ഞു.

സൗദിയില്‍ സെക്രട്ടേറിയറ്റ്, മന്ത്രിതല സമിതി യോഗം ചേരും

നാറ്റോ സൈനിക സഖ്യത്തില്‍ 32 രാജ്യങ്ങളാണുള്ളത്. ഇപ്പോള്‍ തങ്ങള്‍ തുടങ്ങിയത് മൂന്ന് രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ്. മന്ത്രിമാരുടെ ഒരു സമിതി ഉടന്‍ രൂപീകരിക്കും. സൗദി അറേബ്യ കേന്ദ്രമായി പുതിയ ജനറല്‍ സെക്രട്ടറിയേറ്റ് ഒരുക്കും. സമിതിയുടെ ആദ്യ യോഗത്തില്‍ തുടര്‍ നടപടികള്‍ക്ക് അന്തിമ രൂപം നല്‍കുമെന്നും തുര്‍ക്കി മന്ത്രി ഫിദാന്‍ പറഞ്ഞു.

തുര്‍ക്കി, സൗദി, പാകിസ്താന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു കൂട്ടായ്മ നേരത്തെയുണ്ട്. ആര്‍4 എന്നാണ് ഈ ഗ്രൂപ്പിനെ തുര്‍ക്കി മന്ത്രി വിശേഷിപ്പിച്ചത്. പുതിയ സൈനിക സഖ്യത്തില്‍ ആര്‍4 കൂട്ടായ്മയിലെ ഈജിപ്ത് മാത്രമാണ് പുറത്തു നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ വൈകാതെ ഈജിപ്ത് കൂടി സൈനിക സഖ്യത്തിലെത്തുമെന്ന് ഫിദാന്‍ പറയുന്നു.

ജിസിസി രാജ്യങ്ങളായ കുവൈത്ത്, ഖത്തര്‍ എന്നിവരും വൈകാതെ പുതിയ സൈനിക സഖ്യത്തില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, യുഎഇ ചേരുമോ എന്നത് സംശയമാണ്. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച രാജ്യങ്ങളാണ് യുഎഇയും ബഹ്‌റൈനും. എന്നാല്‍ ഇസ്രായേലുമായി ബന്ധമുള്ള ഈജിപ്ത് സഖ്യത്തില്‍ വരുമെന്ന് തുര്‍ക്കി മന്ത്രി പറയുന്ന സാഹചര്യത്തില്‍ യുഎഇക്കും സാധ്യതയുണ്ടെന്ന് പശ്ചിമേഷ്യയിലെ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *