Headlines

ഇസ്രായേലിനെ പൂട്ടാന്‍ തുര്‍ക്കി; നെതന്യാഹുവിന് ഇന്റര്‍പോള്‍ നോട്ടീസ്, സിറിയയില്‍ സൈനിക കേന്ദ്രം | Turkey Moves To Corner Israel; Plan To Issue Interpol Notice For Netanyahu, Military Base In Syria


International

oi-Ashif N

അങ്കാറ: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇന്റര്‍പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ തുര്‍ക്കിയുടെ ശ്രമം. നീതിന്യായ വകുപ്പ് ഇക്കാര്യം ആഭ്യന്തര വകുപ്പിനോട് അഭ്യര്‍ഥിച്ചു. ഇന്റര്‍പോളിനോട് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് തുര്‍ക്കി ആവശ്യപ്പെടുക. ഇന്റര്‍പോള്‍ ഇക്കാര്യം ശരിവെച്ചാല്‍ ഏജന്‍സിയെ അംഗീകരിക്കുന്ന രാജ്യങ്ങളില്‍ എത്തിയാല്‍ നെതന്യാഹു അറസ്റ്റ് ചെയ്യപ്പെടും.

പല രാജ്യങ്ങളിലും നെതന്യാഹുവിനെതിരെ നിയമനടപടി തുടരുന്നുണ്ട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ വിധി പ്രസ്താവിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ എത്തിയാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മേയര്‍ സുഹ്‌റാന്‍ മംദാനി സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ നെതന്യാഹുവിനെതിരെ ഒരു രാജ്യവും നടപടി എടുത്തിട്ടില്ല. അതിനിടെയാണ് തുര്‍ക്കിയുടെ പുതിയ നീക്കം.

turkey interpol notice to israel pm netanyahu

തുര്‍ക്കി സമീപകാലത്ത് ഇസ്രായേലിനെതിരെ നടപടി ശക്തമാക്കുന്നുണ്ട്. ഒരുകാലത്ത് ഇസ്രായേലുമായി തുര്‍ക്കിക്ക് വ്യാപാര ബന്ധമുണ്ടായിരുന്നു. എന്നാല്‍, തുര്‍ക്കിയില്‍ നിന്ന് പലസ്തീനിലെ ഗാസയിലേക്ക് പുറപ്പെട്ട സമാധാന ദൗത്യസംഘത്തിന്റെ കപ്പല്‍ വ്യൂഹം ഇസ്രായേല്‍ സൈന്യം ആക്രമിച്ചതോടെയാണ് ബന്ധം വഷളായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ സമാന നടപടി സ്വീകരിച്ചപ്പോള്‍ തുര്‍ക്കിയുടെ പ്രതികരണം കടുത്തതായിരുന്നു. കഴിഞ്ഞ മെയിലും സമാധാന സംഘത്തെ ഇസ്രായേല്‍ തടഞ്ഞു.

മെഡിറ്ററേനിയന്‍ കടലില്‍ വച്ച് തുര്‍ക്കിയില്‍ നിന്നുള്ള സംഘത്തെ ഇസ്രായേല്‍ സൈന്യം തടയുകയായിരുന്നു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ സംഘത്തിലുണ്ടായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത ഇസ്രായേല്‍ സൈന്യം കണ്ണുകള്‍ കെട്ടി, കൈകള്‍ പിന്നില്‍ ബന്ധിച്ച് മുട്ടുകുത്തി ഇരുത്തിയ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നിരുന്നു. ഇതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

ഫ്രാന്‍സ്, ഇറ്റലി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇസ്രായേലിനെതിരെ നിയമ നടപടികള്‍ തുടങ്ങാന്‍ ഈ സംഭവം കാരണമായി. 430 സന്നദ്ധ പ്രവര്‍ത്തകരാണ് ഗാസ നിവാസികള്‍ക്ക് സഹായവുമായി അങ്കാറയില്‍ നിന്ന് പുറപ്പെട്ടത്. ഇവരെ അന്താരാഷ്ട്ര കടല്‍പാതയില്‍ കടന്ന് ഇസ്രായേല്‍ അറസ്റ്റ് ചെയ്തതാണ് വിവാദം. കസ്റ്റഡിയിലെടുത്ത ശേഷം എല്ലാവരെയും ഇസ്രായേല്‍ നാടുകടത്തി. കടുത്ത പീഡനവും അപമാനവും ഇസ്രായേലിന്റെ കസ്റ്റഡിയില്‍ നേരിട്ടുവെന്ന് പിന്നീട് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

നെതന്യാഹുവിന് പുറമെ ഇസ്രായേല്‍ സൈനിക ഓഫീസര്‍ അഫിക് മോസ്‌കോവിച്ചിനെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനാണ് തുര്‍ക്കിയുടെ നീക്കം. ഇയാള്‍ ആണ് സമാധാന സംഘത്തെ കപ്പലില്‍ കയറി അറസ്റ്റ് ചെയ്തത്. അതേസമയം, സിറിയയില്‍ തുര്‍ക്കിക്ക് സൈനിക ക്യാമ്പ് ഒരുക്കാന്‍ പദ്ധതിയുണ്ട് എന്നാണ് മറ്റൊരു വിവരം. ഇക്കാര്യത്തില്‍ സൂചന ലഭിച്ചപ്പോഴാണ് ഇസ്രായേല്‍ സിറിയയില്‍ ആക്രമണം നടത്തിയതത്രെ. എന്നാല്‍ സൈനിക ക്യാമ്പ് പണിയുന്നത് തുര്‍ക്കി സ്ഥിരീകരിച്ചിട്ടില്ല.

തുര്‍ക്കി ഹമാസിനെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും ഇസ്രായേലിനെതിരെ നീങ്ങുകയാണെന്നും ഇസ്രായേല്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് നെതന്യാഹു നടത്തുന്നത് എന്ന് തുര്‍ക്കിയും മറുപടി നല്‍കി. ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് ശക്തമാകുകയാണ്. ഇതിനിടെ സൗദി അറേബ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് തുര്‍ക്കി പശ്ചിമേഷ്യയില്‍ പുതിയ പ്രതിരോധ കാരാര്‍ ഒപ്പുവച്ചതും ഇസ്രായേല്‍ ആശങ്കയോടെയാണ് കാണുന്നത്. ഈ സഖ്യത്തില്‍ ബംഗ്ലാദേശും ഈജിപ്തും വൈകാതെ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



Source link

Leave a Reply

Your email address will not be published. Required fields are marked *