Headlines

ഇറാന്‍ പറയുന്നത് ശരിയല്ല; തെളിവ് നിരത്തി ഖത്തര്‍, 16 പേര്‍ക്ക് പരിക്കേറ്റു, രേഖ ഭാഗികമായി ഉദ്ധരിക്കുന്നു | Qatar Rejected Iran Claims; Why Iran Selectively Quoting About Strike On Doha, Details Inside


Gulf

oi-Ashif N

ഇറാനെതിരെ കടുത്ത ഭാഷയില്‍ ഖത്തര്‍. രേഖകള്‍ ഭാഗികമായി ഉദ്ധരിച്ചാണ് ഇറാന്‍ തെറ്റിദ്ധാരണ പരത്തുന്നത് എന്ന് ഖത്തര്‍ പറയുന്നു. ഇറാന്റെ ആക്രമണം അമേരിക്കന്‍ കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നില്ലെന്നും സിവിലിയന്മാര്‍ക്കും ഊര്‍ജ കേന്ദ്രങ്ങള്‍ക്കും നേരെ ഇറാന്‍ ആക്രമണം നടത്തിയിട്ടുണ്ടെന്നും ഖത്തര്‍ വ്യക്തമാക്കി.

ഖത്തറിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമാണ് തങ്ങള്‍ ആക്രമണം നടത്തുന്നത് എന്നാണ് ഇറാന്റെ വാദം. എന്നാല്‍ ഖത്തര്‍ സമര്‍പ്പിച്ച രേഖകള്‍ ഭാഗമായി മാത്രം ഉദ്ധരിച്ചാണ് ഇറാന്‍ ഇക്കാര്യം പറയുന്നത് എന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു. പൈലറ്റുമാരെ കാണാതായ സംഭവത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരവെയാണ് പുതിയ വിവാദം..

qatar iran rift on middle east tension

ഇറാനും ഖത്തറും അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ലോകത്തെ പ്രധാന വാതക കേന്ദ്രമാണുള്ളത്. ഇറാനുമായി സൗഹൃദത്തില്‍ മുന്നോട്ട് പോയിരുന്ന ഖത്തറിലേക്ക് നിരവധി മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്. അമേരിക്കന്‍ സൈന്യം ഇറാനെ ആക്രമിക്കുമ്പോള്‍, ഇറാന്‍ തിരിച്ചടിക്കുന്നത് ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ്. ഖത്തറില്‍ അമേരിക്കന്‍ സൈനിക ക്യാമ്പുണ്ട് എന്നതാണ് കാരണം.

ഖത്തര്‍ അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷന്‍ യൂണിയന് (ഐടിയു) സമര്‍പ്പിച്ച രേഖ ഉദ്ധരിച്ച് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഖാഇ പറഞ്ഞ കാര്യങ്ങളാണ് പുതിയ വിവാദത്തിന് കാരണം. ഇറാന്‍ ആക്രമിച്ചത് ഖത്തറിലെ അമേരിക്കന്‍ കേന്ദ്രങ്ങളാണ് എന്നും സിവിലിയന്‍ കേന്ദ്രങ്ങള്‍ അല്ല എന്നും ഇറാന്‍ വക്താവ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ രേഖ ഭാഗികമായി ഉദ്ധരിക്കുകയാണ് ഇറാന്‍ ചെയ്യുന്നതെന്ന് ഖത്തര്‍ തിരിച്ചടിച്ചു.

മാര്‍ച്ച് 18ന് ഇറാന്‍ ഖത്തറിലെ വാതക കേന്ദ്രം ആക്രമിച്ചിരുന്നു. ഇക്കാര്യം ഇസ്മാഈല്‍ ബാഖഇയും സമ്മതിക്കുന്നു. എന്നാല്‍ ഈ കേന്ദ്രം ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് അമേരിക്ക ഉപയോഗിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ”ഖത്തറിന്റെ ഔദ്യോഗിക രേഖ യുഎന്നിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇറാന് ആവശ്യമെങ്കില്‍ അത് ഉപയോഗിക്കാം. അല്ലാതെ സുരക്ഷാ അവലോകനത്തിന് വേണ്ടി തയ്യാറാക്കിയ രേഖ ഭാഗികമായി മാത്രം ഉപയോഗിക്കരുത്” എന്ന് മാജിദ് അല്‍ അന്‍സാരി പറഞ്ഞു.

മാര്‍ച്ച് ഒന്നിന് യുഎന്‍ രക്ഷാസമിതിക്ക് ഖത്തര്‍ ഒരു രേഖ നല്‍കിയിട്ടുണ്ട്. സാധാരണക്കാരെയും വാണിജ്യ കേന്ദ്രങ്ങളെയും ജനങ്ങളുടെ താമസ കേന്ദ്രങ്ങളെയും ഇറാന്‍ ലക്ഷ്യമിട്ടത് സംബന്ധിച്ച് അതില്‍ വ്യക്തമായി പറയുന്നുണ്ട്. 16 പേര്‍ക്ക് പരിക്കേറ്റ കാര്യവും വിശദീകരിച്ചിട്ടുണ്ട്. 83 മിസൈലുകളും 12 ഡ്രോണുകളും ഇറാന്‍ ഖത്തറിലേക്ക് അയച്ചു എന്നും ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ 20നും ഖത്തര്‍ യുഎന്നിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതിലും ഇറാന്റെ ആക്രമണം എങ്ങനെ ആയിരുന്നു എന്ന് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തറലെ വാതക കേന്ദ്രം എന്നത് പൊതുജനങ്ങളുടേതാണ്. ആഗോള ഊര്‍ജ സുരക്ഷയ്ക്ക് വളരെ പ്രധാനപ്പെട്ട കേന്ദ്രമാണത് എന്നും ഖത്തര്‍ പ്രതിനിധി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ ഒരു തര്‍ക്കത്തിലും ഖത്തര്‍ ഭാഗമല്ല. അതുകൊണ്ടുതന്നെ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നത് ന്യായീകരിക്കാന്‍ ഇറാന് സാധിക്കില്ലെന്നും മാജിദ് അല്‍ അന്‍സാരി വ്യക്തമാക്കി.



Source link

Leave a Reply

Your email address will not be published. Required fields are marked *