Headlines

ഇറാന്‍ തന്ത്രം മാറ്റി; കൈയ്യിലെത്തുക 10000 കോടി, ഒമാന്‍ കൂടെ നിന്നേക്കും, ട്രംപ് ഔട്ട് | Iran Changed The Tactics; Plan Ready To Accumulate 10000 Cr From Hormuz, Discuss With Iran


Gulf

oi-Ashif N

ഇറാനെതിരായ ആക്രമണം അമേരിക്കക്ക് കനത്ത തിരിച്ചടി നല്‍കുന്നു എന്ന വിവരം നേരത്തെ വന്നതാണ്. എന്നാല്‍ ലോക രാജ്യങ്ങള്‍ക്കെല്ലാം അതു തിരിച്ചടിയാകുന്നു എന്ന വിവരമാണ് ഇപ്പോള്‍ വരുന്നത്. ഹോര്‍മുസ് കടല്‍ പാതയില്‍ ടോള്‍ പിരിക്കാന്‍ ഒരുങ്ങുകയാണ് ഇറാന്‍. ഒമാനുമായി വിഷയത്തില്‍ ചര്‍ച്ച നടത്തി ധാരണയിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഹോര്‍മുസ് വഴി കപ്പലുകള്‍ പോയിരുന്നത് സൗജന്യമായിട്ടാണ്. ഏത് രാജ്യത്തിന്റെ കപ്പലുകള്‍ക്കും എത്രതവണ വേണമെങ്കിലും പോകാമായിരുന്നു. യുദ്ധത്തിന്റെ പര്യവസാനം അഞ്ച് മാസം കഴിയുമ്പോള്‍ ഈ യാത്ര ചെലവേറിയതാകാന്‍ പോകുന്നു എന്നാണ് വിവരം. ടോള്‍ പിരിച്ച് പണം സമ്പാദിക്കാനുള്ള മാര്‍ഗമാക്കി മാറ്റുകയാണ് ഇറാന്‍. ടോള്‍ പിരിവ് തുടങ്ങിയാല്‍ ചരക്കുകള്‍ ചെലവേറിയതാകുന്നത് എല്ലാ രാജ്യങ്ങള്‍ക്കും തിരിച്ചടിയാണ്.

iran oman toll in hormuz

ഹോര്‍മുസ് വഴി പോകുന്ന കപ്പലുകളിലെ ചരക്ക് മൂല്യത്തിന്റെ ഏഴ് ശതമാനം ടോള്‍ തുകയായി പിരിക്കണം എന്നാണ് ഇറാന്‍ താല്‍പ്പര്യപ്പെടുന്നത്. സമ്മര്‍ദ്ദം ശക്തമായാല്‍ ഇത് അഞ്ച് ശതമാനമാക്കി കുറച്ചേക്കും. എന്നാല്‍ മൂന്ന് ശതമാനം മതി എന്നാണ് ഒമാന്റെ നിലപാട്. അന്തിമ കരാറില്‍ എത്തിയിട്ടില്ലെങ്കിലും ടോള്‍ വരുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള രീതിയില്‍ കപ്പലുകള്‍ ചരക്കുമായി പോകുകയാണെങ്കില്‍ ഒരു ദിവസം ഹോര്‍മുസില്‍ നിന്ന് ഇറാന് 385 മില്യണ്‍ പിരിച്ചെടുക്കാന്‍ സാധിക്കും. വര്‍ഷത്തില്‍ 10000 കോടി ഡോളറും. ഏഴ് ശതമാനം വച്ച് കണക്കാക്കുമ്പോഴാണ് ഈ തുക ഇറാന് ലഭിക്കുക. യുദ്ധം കാരണം വന്ന നഷ്ടം നികത്താന്‍ മറ്റു വഴിയില്ല എന്ന വാദമാണ് ഇറാന്‍ മുന്നോട്ട് വെക്കുന്നത്. അതായത്, നഷ്ടം ലോക രാജ്യങ്ങള്‍ക്ക് മുകളില്‍ ചുമത്തുകയാണ് ഇറാന്‍.

കപ്പലുകള്‍ പോകേണ്ടത് ഇറാന്‍ പറയുന്ന വഴി

ഇറാനുമായും ഒമാനുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ഹോര്‍മുസ് കടലിടുക്ക്. സൈനികമായി ബലം ഇറാനാണ്. അതുകൊണ്ടുതന്നെ ഇറാന്‍ മുന്നോട്ട് വെക്കുന്ന ഉപാധിയെ ഒമാന്‍ പൂര്‍ണമായും തള്ളില്ല. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം സുപ്രധാന ആവശ്യങ്ങള്‍ ഒമാന്റെ മുന്നില്‍ ഇറാന്‍ വച്ചിട്ടുണ്ട്. ഒമാന്‍ ഈ ആവശ്യങ്ങള്‍ പൂര്‍ണമായി തള്ളുന്നില്ല. വൈകാതെ അന്തിമ രൂപത്തിലുള്ള കരാര്‍ വരും.

ഹോര്‍മുസിലൂടെ പോകുന്ന കപ്പലുകള്‍ക്ക് ഇറാന്‍ നിര്‍ദിഷ്ട പാത ഒരുക്കുമെന്ന വിദേശകാര്യ സഹമന്ത്രി കാസിം ഗരീബാബാദി പറഞ്ഞു. ഇതുവഴിയാകണം എല്ലാ കപ്പലുകളും യാത്ര ചെയ്യേണ്ടത് എന്ന നിര്‍ദേശമാണ് ഇറാന്‍ മുന്നോട്ട് വച്ചത് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ടോള്‍ പിരിക്കാനുള്ള സൗകര്യത്തിനാണ് ഇറാന്‍ ഈ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഒമാന്റെ പാതയിലൂടെ പോകുമ്പോള്‍ ഇറാന് ടോള്‍ പിരിക്കാന്‍ സാധിക്കില്ല. ഒമാന് ടോള്‍ പിരിക്കണം എന്ന നിര്‍ബന്ധവുമില്ല.

സൂയസ് കനാല്‍, പാനമ കനാല്‍, തുര്‍ക്കിഷ് കടലിടുക്ക് എന്നിവയെല്ലാം നിലവില്‍ ടോള്‍ പിരിക്കുന്ന ജല പാതകളാണ്. മനുഷ്യ നിര്‍മിതവും കപ്പലുകള്‍ക്ക് വേണ്ട സഹായവും ഒരുക്കുന്നു എന്നതാണ് ഇതിന് കാരണം. എന്നാല്‍ ഹോര്‍മുസ് പ്രകൃതിയില്‍ നിലവിലുള്ള ചരക്കുപാതയാണ്. ഇവിടെ ഇറാന്‍ ഇതുവരെ സുരക്ഷ ഒരുക്കുന്നില്ല. കപ്പലുകള്‍ക്ക് നങ്കൂരമിടാനുള്ള സൗകര്യവും ഒരുക്കിയിട്ടില്ല. ടോള്‍ പിരിക്കുന്നതിന് പകരമായി ഈ സൗകര്യങ്ങള്‍ ഇറാന്‍ ചെയ്യുമോ എന്നാണ് ഇനി അറിയേണ്ടത്. ഇക്കാര്യം ശരിവെച്ച് കരാര്‍ ഒപ്പുവച്ചാല്‍ യുദ്ധത്തിന്റെ പര്യവസാനം ഇറാന് സാമ്പത്തിക ലാഭം കൂടി ലഭിക്കാന്‍ പോകുന്നു എന്നതാണ് വരാന്‍ പോകുന്ന മാറ്റം.



Source link

Leave a Reply

Your email address will not be published. Required fields are marked *