Last Updated:
തങ്ങൾക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളും കാർട്രാക്ക് കമ്പനി അധികൃതർ നിഷേധിച്ചു
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലുള്ള പ്രമുഖ വാഹന ട്രാക്കിംഗ് കമ്പനിയായ ‘കാർട്രാക്കിന്റെ’ (Cartrack) റോസ്ബാങ്ക് ഓഫീസിൽ 29 വയസ്സുകാരിയായ കോൾ സെന്റർ ഏജന്റ് ജിസിന ധ്ലാധ്ല കുഴഞ്ഞുവീണു മരിച്ച സംഭവം രാജ്യാന്തര തലത്തിൽ വലിയ ചർച്ചയാകുന്നു. കടുത്ത ജോലിഭാരവും മാനേജ്മെന്റിന്റെ കടുത്ത മാനസിക പീഡനവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെ കമ്പനിക്കെതിരെ വൻ ജനരോഷമാണ് ഉയരുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ജിസിന, കഠിനമായ ജോലിഭാരം കാരണം കടുത്ത മാനസിക-ശാരീരിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഉൾപ്പെടെ വിശ്രമമില്ലാതെ ദീർഘനേരം ജോലി ചെയ്യാൻ ജിസിന നിർബന്ധിതയായിരുന്നു. മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളിൽ തനിക്ക് കടുത്ത അസുഖമാണെന്ന് സൂപ്പർവൈസർമാരെ അറിയിക്കുകയും രണ്ടാഴ്ചയ്ക്കിടെ രണ്ട് തവണ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തിട്ടും കമ്പനി അസുഖ അവധി (Sick Leave) അനുവദിച്ചില്ലെന്ന് മാത്രമല്ല, നിർബന്ധപൂർവ്വം ജോലിക്ക് ഹാജരാകാൻ ആവശ്യപ്പെടുകയാണുണ്ടായത്. അവധി ആവശ്യപ്പെട്ടതിന് കമ്പനി ജിസിനയ്ക്ക് ഔദ്യോഗികമായി താക്കീത് (Warning) നൽകിയതായും, ജോലിയിൽ തിരിച്ചെത്തിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും ജിസിനയുടെ അമ്മയും അമ്മായിയും വെളിപ്പെടുത്തി.
സംഭവ ദിവസം ഓഫീസിലെത്തിയ ജിസിനയ്ക്ക് കടുത്ത അസുഖം അനുഭവപ്പെട്ടിട്ടും മാനേജ്മെന്റ് അധികൃതർ വേദനസംഹാരി (Painkiller) കഴിച്ച് ജോലി തുടരാനാണ് നിർദ്ദേശിച്ചത്. തുടർന്ന് ഓഫീസിലെ ശുചിമുറിയിൽ ജിസിന കുഴഞ്ഞുവീഴുകയായിരുന്നു. ജിസിന കുഴഞ്ഞുവീണ വിവരം കമ്പനി അധികൃതർ കുടുംബത്തെ സമയത്തിന് അറിയിച്ചില്ലെന്നും, കൃത്യസമയത്ത് പാരാമെഡിക്കൽ ജീവനക്കാരെ വിളിച്ച് അടിയന്തര വൈദ്യസഹായം നൽകുന്നതിൽ കമ്പനി മനഃപൂർവ്വം വീഴ്ച വരുത്തിയെന്നും കുടുംബം ആരോപിക്കുന്നു.
അതേസമയം, തങ്ങൾക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളും കാർട്രാക്ക് കമ്പനി അധികൃതർ നിഷേധിച്ചു. അസുഖം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജിസിനയെ ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നുവെന്നും, വൈദ്യസഹായം ലഭ്യമാക്കാൻ വൈകിയിട്ടില്ലെന്നുമാണ് കമ്പനിയുടെ വാദം. എന്നാൽ, ഈ അവകാശവാദം തള്ളി സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മരണത്തിലേക്ക് നയിച്ച യഥാർത്ഥ സാഹചര്യങ്ങൾ കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രശസ്ത സോഷ്യൽ മീഡിയ ക്രിയേറ്റർമാർ ഈ വിഷയം ഏറ്റെടുത്തതോടെ അന്താരാഷ്ട്ര തലത്തിൽ തന്നെ കമ്പനിയുടെ ‘ടോക്സിക്’ തൊഴിൽ സംസ്കാരത്തിനെതിരെ (Toxic Work Culture) വൻ ജനരോഷമാണ് ഉയരുന്നത്. കമ്പനിയിലെ കടുത്ത ജോലി സമ്മർദ്ദത്തെക്കുറിച്ച് മുൻ ജീവനക്കാരും ഉപഭോക്താക്കളും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ കയ്പേറിയ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. തൊഴിലാളികൾക്ക് അസുഖം വരുമ്പോഴോ മറ്റ് കുടുംബ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴോ കൃത്യമായ സംരക്ഷണം നൽകാൻ കഴിയാത്തവിധം ക്രൂരമാണ് നിലവിലെ തൊഴിൽ നിയമങ്ങളെന്നും, ഇതിനെതിരെ ദേശീയ തലത്തിൽ നിയമനിർമ്മാണം നടത്തണമെന്നുമുള്ള ആവശ്യവും ശക്തമായിട്ടുണ്ട്.
