Headlines

സ്റ്റാലിനെതിരായ വിജയിയുടെ പരിഹാസം… അതൃപ്തി അറിയിച്ച് സിപിഎമ്മും സിപിഐയും | CPM and CPI Expressed Strong Disagreement with CM Joseph Vijay’s Offensive Gesture Against MK Stalin


India

oi-Jithin TP

മുന്‍മുഖ്യമന്ത്രി സ്റ്റാലിനെതിരായ മുഖ്യമന്ത്രി ജോസഫ് വിജയിയുടെ അധിക്ഷേപകരമായ ആംഗ്യത്തില്‍ കടുത്ത വിയോജിപ്പുമായി സിപിഎമ്മും സിപിഐയും. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന നേതാവാണ് എംകെ സ്റ്റാലിനെന്നും അദ്ദേഹത്തിനെതിരെ രാഷ്ട്രീയ വിയോജിപ്പുകള്‍ രേഖപ്പെടുത്തേണ്ടത് അധിക്ഷേപത്തിലൂടെ അല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം പറഞ്ഞു.

നിയമസഭയില്‍ മുന്‍ ഡിഎംകെ സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് വിജയ് തന്റെ താടി ഒരു കൈകൊണ്ട് ഉയര്‍ത്തിപ്പിടിക്കുന്നത് പോലെയുള്ള ആംഗ്യം കാണിച്ചത്. ഇത് അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ മര്‍ദനത്തില്‍ താടിയെല്ലിന് പരിക്കേറ്റ സ്റ്റാലിനെ പരിഹസിച്ചതാണെന്ന തരത്തില്‍ വ്യാഖ്യനിക്കപ്പെട്ടതോടെയാണ് വിവാദമായത്.

CPM and CPI

മിസ നിയമത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനിടെ വിജയ്, സ്റ്റാലിനെതിരെ ബോഡി ഷെയിമിംഗ് നടത്തിയെന്നാണ് ആക്ഷേപം. ടിവികെ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സിപിഎമ്മും സിപിഐയും തന്നെ മുഖ്യമന്ത്രിയുടെ പ്രവൃത്തി അനുചിതമാണ് എന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരപീഡനങ്ങളാണ് സ്റ്റാലിന്‍ നേരിട്ടതെന്ന് ഷണ്‍മുഖം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന, മുതിര്‍ന്ന നേതാവായ ഒരാളെ ഇത്തരത്തില്‍ അവഹേളിക്കുന്നത് ഉത്തരവാദിത്തമില്ലാത്ത നടപടിയാണെന്നും ഇഡി ആരോപണങ്ങള്‍ തെളിവായി ഉദ്ധരിക്കുന്നത് അനുചിതമാണെന്നും പിണറായി വിജയനെയും അരവിന്ദ് കെജ്രിവാളിനെയും ഇ ഡി വേട്ടയാടിയത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐയും നടപടിയില്‍ വിജയിയെ കുറ്റപ്പെടുത്തി രംഗത്തെത്തി.

കേവലഭൂരിപക്ഷമില്ലാത്ത ടിവികെ സര്‍ക്കാര്‍ ഭരിക്കുന്നത് ഇടത് പാര്‍ട്ടികളുടെ കൂടി പിന്തുണ കൊണ്ടാണ്. നേരത്തെ മന്ത്രിസഭയില്‍ ചേരാന്‍ ഇടത് പാര്‍ട്ടികളെ വിജയ് നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും സിപിഎമ്മും സിപിഐയും ഇത് നിരസിക്കുകയായിരുന്നു. വര്‍ഗീയ കക്ഷികള്‍ കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലേറുന്നത് തടയാനാണ് തങ്ങള്‍ വിജയ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് എന്നും ഇത് മന്ത്രിസഭയില്‍ ചേരാതെയായിരിക്കും എന്നുമാണ് ഇടത് പാര്‍ട്ടികള്‍ അറിയിച്ചത്.

അതേസമയം വിജയ് സര്‍ക്കാരിന്റെ പല നടപടികളും ഇടത് പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചിട്ടുമുണ്ട്. അതിനിടെ ഇന്ന് ടിവികെ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ല എന്ന് സിപിഎമ്മും സിപിഐയും അറിയിച്ചിട്ടുണ്ട്. നിയമസഭയില്‍ ഭരണകക്ഷിക്ക് നല്‍കുന്ന പുറത്തുനിന്നുള്ള പിന്തുണ തുടരുമെന്നും ടിവികെയും സഖ്യകക്ഷികളും ചേര്‍ന്ന് ഒരു ‘പൊതു മിനിമം പരിപാടി’ രൂപീകരിക്കാന്‍ നിര്‍ദ്ദേശമുണ്ടെന്നും സിപിഎം പറഞ്ഞു.

അതില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ഷണ്‍മുഖം പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കില്ലെങ്കിലും ടിവിക്കെയ്ക്ക് പുറത്തുനിന്നുള്ള പിന്തുണ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാാണ്ഡ്യന്‍ പ്രസ്താവനയില്‍ അറിയിച്ചു. ടിവികെയെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് മന്ത്രിമാരായ എന്‍. ആനന്ദ്, ആദവ് അര്‍ജുന, സി.ടി.ആര്‍. നിര്‍മ്മല്‍ കുമാര്‍, രാജ്‌മോഹന്‍ എന്നിവര്‍ കഴിഞ്ഞ ആഴ്ച സിപിഐ, സിപിഎം ഓഫീസുകള്‍ സന്ദര്‍ശിച്ചിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *