Headlines

ഇറാന്‍ കൂടുതല്‍ വെട്ടിലാകും; മൂന്നാം അസ്ത്രം പുറത്തെടുത്ത് യുഎസ്, കൈ നനയാതെ മീന്‍ പിടിക്കല്‍ | Iran US Tension: After Strike And Sanction US Plan To Create Internal Issues In Iran, Here Is How


International

oi-Ashif N

കഴിഞ്ഞ ജനുവരിയില്‍ ഇറാന്‍ ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ശക്തിപ്പെട്ടിരുന്നു. വിദ്യാര്‍ഥികളും വനിതാ പ്രവര്‍ത്തകരുമെല്ലാം ഇതിന്റെ ഭാഗമായി. സാമ്പത്തിക പ്രതിസന്ധി ആയിരുന്നു ഈ പ്രതിഷേധത്തിന് ഒരു കാരണം. സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു അമേരിക്ക. ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്കയും ഇസ്രായേലും പ്രക്ഷോഭകരോട് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ സമരം ഇറാന്‍ ഭരണകൂടം അടിച്ചൊടുക്കി. നിരവധി പേരെ തടവിലാക്കി. പലരെയും ശിക്ഷിച്ചു. വിദേശ ശക്തികളുടെ സഹായത്തോടെയാണ് സമരം എന്ന് ഇറാന്‍ ഭരണകൂടം ആരോപിച്ചു. പഴയ രാജഭരണം തിരിച്ചുവരണം എന്ന് ചിലര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. 1979ല്‍ നടന്ന വിപ്ലവത്തോടെയാണ് ഷാ ഭരണകൂടം ഇറാനില്‍ അവസാനിച്ചത്. അവസാനത്തെ ഷാ ഭരണാധികാരി ആയിരുന്ന മുഹമ്മദ് റസാ പഹ്ലവിയുടെ മകന്‍ റസാ പഹ്ലവി ഇപ്പോള്‍ വിദേശത്താണ്.

iran internal issues promot by us

ഈ സമരം പെട്ടെന്ന് നില്‍ക്കാന്‍ കാരണം അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക നീക്കം നടത്തിയതോടെയാണ്. കഴിഞ്ഞ ഫെബ്രുവരി 28ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഇ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ അമേരിക്കക്കും ഇസ്രായേലിനെയും എതിരായ വികാരം രാജ്യത്ത് ശക്തിപ്പെട്ടു. അവരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരായ പ്രതിഷേധവും ശക്തമായി.

സൈനിക നീക്കം നടത്തി ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുകയായിരുന്നു അമേരിക്കയുടെ ആദ്യ പദ്ധതി. ഇത് പരാജപ്പെട്ടപ്പോഴാണ് സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയത്. ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കുമെതിരെ നിലവില്‍ അമേരിക്കയുടെ ഉപരോധമുണ്ട്. ഈ രണ്ട് അസ്ത്രങ്ങളും അതിവേഗമുള്ള വിജയത്തിലേക്ക് നയിക്കില്ലെന്ന് ബോധ്യമായതോടെ അമേരിക്ക മൂന്നാമത്തെ അടവ് പുറത്തെടുത്തു.

ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന ഇറാന്റെ പ്രദേശത്ത് കുര്‍ദ് വിമതര്‍ സംഘടിതരാണ്. പാകിസ്താനോട് ചേര്‍ന്ന പ്രദേശത്ത് ബലൂച് വിമതരുമുണ്ട്. ഈ രണ്ട് സായുധ സംഘങ്ങള്‍ക്കും പിന്തുണ നല്‍കുന്നത് അമേരിക്കയും ഇസ്രായേലുമാണ് എന്ന് ഇറാന്‍ ആരോപിക്കുന്നു. ഈ രണ്ട് മേഖലയിലുമുള്ള ചില സംഘങ്ങളെ ഇറാന്‍ തീവ്രവാദ സംഘടനകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.

പിജെഎകെ, പിഡികെഐ, പിഎകെ തുടങ്ങി നിരവധി കുര്‍ദ് സംഘടനകള്‍ ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 8000ത്തോളം ഇറാനിയന്‍ കുര്‍ദുകള്‍ മേഖലയില്‍ സജീവമാണ് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനില്‍ ആക്രമണം നടത്താന്‍ ഇവര്‍ അമേരിക്കയുടെയും ഇസ്രായേിലിന്റെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നുവത്രെ. മതിയായ ആയുധങ്ങളില്ല എന്നാണ് കുര്‍ദുകള്‍ പറയുന്നത്. സൈനിക നീക്കത്തിന് അമേരിക്കയില്‍ നിന്ന് വ്യക്തമായ നിര്‍ദേശം കാത്തിരിക്കുകയാണ് ഇവര്‍. അതേമസമയം, ഈ അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കിയിരിക്കുകയാണ് ഇറാന്‍.

ആഭ്യന്തരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുക, വിമത സായുധ സംഘങ്ങളെ സജ്ജരാക്കുക, വിപ്ലവ സേനയില്‍ ഭിന്നതയുണ്ടാക്കുക ഈ വഴികളെല്ലാം അമേരിക്ക പയറ്റുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക ഞെരുക്കം ശക്തമാകുമ്പോള്‍ ഇറാനില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്ന പ്രതീക്ഷയാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പങ്കുവെച്ചത്.



Source link

Leave a Reply

Your email address will not be published. Required fields are marked *