Headlines

സ്വര്‍ണം മാത്രമല്ല… ബിറ്റ്‌കോയിനും വമ്പന്‍ കുതിപ്പ്.. ഇത് അപൂര്‍വം; ഡോളറിനെ കാത്തിരിക്കുന്നത് വീഴ്ചയോ | Gold Investment: Gold and Bitcoin Rose Together In August, Will Dollar Face Big Backlash, Details


International

oi-Jithin TP

ആഗസ്റ്റ് മാസത്തില്‍ സ്വര്‍ണത്തിനും ബിറ്റ്‌കോയിനും ഉണ്ടായത് അസാധാരണമായ കുതിപ്പ്. ഇവ രണ്ടിന്റെയും മൂല്യം ഒരേസമയം വര്‍ധിക്കുന്നത് പതിവില്ലാത്തതാണ്. സാധാരണഗതിയില്‍, ഈ രണ്ട് ആസ്തി വിഭാഗങ്ങളും വ്യത്യസ്തമായാണ് പെരുമാറുന്നത്. സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് വലിയ പ്രാധാന്യമുണ്ട്. നിക്ഷേപകര്‍ക്ക് ആശങ്കയോ ഭയമോ തോന്നുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ വില ഉയരുന്നു.

എന്നാല്‍, ലാഭക്കൊതി മൂലം നിക്ഷേപകര്‍ വിപണിയിലേക്ക് കടന്നുവരുമ്പോള്‍ പലപ്പോഴും ബിറ്റ്കോയിനാണ് നേട്ടമുണ്ടാക്കാറുള്ളത്. അതുകൊണ്ട് തന്നെ, ഇവ രണ്ടും ഒരേ ദിശയില്‍ ഒരേസമയം ഉയരുന്നത് അപൂര്‍വ്വമായ ഒരു കാര്യമാണ്. എന്നിരുന്നാലും, നിക്ഷേപകര്‍ക്ക് അവ നല്‍കുന്ന സന്ദേശം ഒന്നുതന്നെയാണ്. അമേരിക്കയില്‍, സര്‍ക്കാര്‍ കടം 40 ട്രില്യണ്‍ ഡോളര്‍ കടന്നിരിക്കുന്നു.

Gold Investment

പണപ്പെരുപ്പം വര്‍ധിച്ചുവരികയും യുഎസ് ഡോളറിന്റെ ഭാവിയിലുള്ള ആശങ്ക നിക്ഷേപകര്‍ക്കിടയില്‍ ശക്തമാവുകയും ചെയ്യുന്നു. സര്‍ക്കാരുകള്‍ക്ക് ഇഷ്ടാനുസരണം അച്ചടിച്ച് മൂല്യം കുറയ്ക്കാന്‍ കഴിയാത്ത ആസ്തികളിലേക്ക് തങ്ങളുടെ സമ്പത്ത് മാറ്റി സംരക്ഷിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്.

ഒരു കറന്‍സിയുടെ വാങ്ങല്‍ ശേഷിയിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോള്‍, പരിമിതമായ ലഭ്യതയുള്ള ആസ്തികളുടെ വില വര്‍ധദ്ധിക്കുമെന്ന് മാഷ്റെക് ക്യാപിറ്റലിലെ മള്‍ട്ടി-അസറ്റ് ആന്‍ഡ് അബ്സല്യൂട്ട് റിട്ടേണ്‍ വിഭാഗം മേധാവി ആന്‍ഡ്രിയാസ് ആന്തിസ് പറയുന്നു. ‘ഖനന ഉല്‍പ്പാദനത്തിന്റെ വേഗതയില്‍ മാത്രമേ സ്വര്‍ണത്തിന്റെ ലഭ്യത വര്‍ധിപ്പിക്കാന്‍ കഴിയൂ, അതേസമയം, ബിറ്റ്കോയിന്റെ ലഭ്യത അതിന്റെ രൂപകല്‍പ്പന പ്രകാരം തന്നെ പരിമിതപ്പെടുത്തിയിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

പണപ്പെരുപ്പം, സര്‍ക്കാര്‍ കടം, പരമ്പരാഗത കറന്‍സികളുടെ ദീര്‍ഘകാല മൂല്യം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ നിക്ഷേപകര്‍ ഇവ രണ്ടിനെയും ആശ്രയിക്കാന്‍ തുടങ്ങി. സ്വര്‍ണവില 4,600 ഡോളറിന് മുകളിലെത്തിയപ്പോള്‍, മെയ് മാസത്തിന് ശേഷം ആദ്യമായി ബിറ്റ്കോയിന്‍ വില 80,000 ഡോളര്‍ കടന്നു. ഇപ്പോള്‍ യുഎസ് ഡോളര്‍ തിരിച്ചുവരവ് നടത്തുകയാണ്. ഇതോടെ വിപണിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യവും ഉയരുന്നു.

മധ്യേഷ്യയിലെ സംഘര്‍ഷം നീണ്ടുനില്‍ക്കുന്നതോടെ എണ്ണവില വീണ്ടും ഉയരുകയാണ്. ഇത് പണപ്പെരുപ്പം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. പലിശനിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരാനോ അല്ലെങ്കില്‍ അവ വര്‍ധിപ്പിക്കാനോ യുഎസ് ഫെഡറല്‍ റിസര്‍വിനെ ഇത് നിര്‍ബന്ധിതരാക്കിയേക്കാം. അങ്ങനെയൊരു സാഹചര്യത്തില്‍, ഡോളര്‍ അടിസ്ഥാനമാക്കിയുള്ള ആസ്തികള്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആകര്‍ഷകമായിത്തീരുന്നു.

ഇതിന്റെ ഫലമായി ഡോളര്‍ ശക്തിപ്പെട്ടപ്പോള്‍, സ്വര്‍ണവില 4,300 ഡോളറിലേക്ക് താഴ്ന്നു. ബിറ്റ്കോയിന്‍ വില 77,000 ഡോളറിന് താഴേക്ക് വീണു. സ്വര്‍ണത്തിന്റെയും ബിറ്റ്കോയിന്റെയും ഒരേസമയത്തുള്ള മുന്നേറ്റം യാദൃശ്ചികമല്ലെന്ന് ദുബായിലെ എസ്ടിപി പാര്‍ട്ണേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവായ ടോണി ഹാള്‍സൈഡ് പറയുന്നു.

‘പണത്തിന്റെ വാങ്ങല്‍ ശേഷിയെക്കുറിച്ചും സര്‍ക്കാര്‍ ധനകാര്യങ്ങളുടെ സുസ്ഥിരതയെക്കുറിച്ചുമുള്ള ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ നിക്ഷേപകര്‍ വിവിധ ആസ്തികളെയാണ് ഉപയോഗിച്ചിരുന്നത്. ഡോളര്‍ ഡീബേസ്മെന്റ് ട്രേഡ്’ എന്ന് വിളിക്കപ്പെടുന്ന പ്രക്രിയയുടെ ഭാഗമാണിത്. ഇതില്‍, ആശങ്കാകുലരായ നിക്ഷേപകര്‍ ഡോളറും യുഎസ് സര്‍ക്കാര്‍ ബോണ്ടുകളും വിറ്റ് സ്വര്‍ണം, ബിറ്റ്കോയിന്‍ തുടങ്ങിയ ഹാര്‍ഡ് അസറ്റുകള്‍ വാങ്ങുന്നു,’ അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ സ്വര്‍ണത്തെയും ബിറ്റ്കോയിനെയും നിക്ഷേപകര്‍ ഒരേപോലെ കാണരുതെന്ന് ഹാള്‍സൈഡ് പറയുന്നു. ‘മൂല്യം സൂക്ഷിച്ചുവെക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ സ്വര്‍ണത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. കൂടാതെ കേന്ദ്രബാങ്കുകളില്‍ നിന്ന് ഇതിന് വലിയ തോതില്‍ ആവശ്യക്കാരുമുണ്ട്. ബിറ്റ്കോയിന് പരിമിതമായ ലഭ്യത എന്ന സവിശേഷതയുണ്ടെങ്കിലും, അതിന്റെ വിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകുന്നു.

വിപണിയില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാകുന്ന സമയങ്ങളില്‍ ഒരു റിസ്‌ക് അസറ്റ് പോലെയാണ് അത് പെരുമാറുന്നത്. ബിറ്റ്കോയിനെ ‘ഡിജിറ്റല്‍ ഗോള്‍ഡ്’ എന്ന് വിളിക്കുന്നവരെ അവഗണിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സ്വര്‍ണത്തിന് സമാനമായ ചില ഗുണങ്ങള്‍ ഇതിനുണ്ടെങ്കിലും, വിപണിയിലെ വിവിധ ഘട്ടങ്ങളില്‍ സ്ഥിരതയോടെ സുരക്ഷിതമായ ഒരു ആസ്തി എന്ന നിലയിലുള്ള ഗുണങ്ങള്‍ തെളിയിക്കാന്‍ ഇതിന് ഇതുവരെ കഴിഞ്ഞിട്ടില്ല,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വകാര്യ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല കാര്യമായേക്കാം എന്നും ഹാള്‍സൈഡ് പറയുന്നു. ഇവ രണ്ടും വ്യത്യസ്ത രീതിയിലാണ് പെരുമാറുന്നത് എന്നതിനാല്‍, വൈവിധ്യവല്‍ക്കരിച്ച നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍ ഇവ രണ്ടിനെയും ഒന്നിച്ച് ഉള്‍പ്പെടുത്തുന്നത് ഗുണകരമാകും.

ഇന്ന് സ്വര്‍ണത്തിന്റെയും ബിറ്റ്കോയിന്റെയും വിലയില്‍ ഇടിവുണ്ടായിരിക്കുന്നു. കറന്‍സിയുടെ മൂല്യത്തകര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ള നിക്ഷേപ പ്രവണത മാറിമറിയുകയും ഡോളര്‍ തിരിച്ചുവരവ് നടത്തുകയും ചെയ്യുന്നു. പലിശനിരക്കുകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍, സ്വര്‍ണത്തിനും ബിറ്റ്കോയിനും ഒരേ പരിമിതികളുമുണ്ട്് ഇവയില്‍ നിന്ന് പലിശയോ ഡിവിഡന്റോ മറ്റ് ആദായങ്ങളോ ലഭിക്കുന്നില്ല.

പലിശനിരക്ക് കുറവായിരിക്കുമ്പോള്‍ ഇതൊരു വലിയ പ്രശ്‌നമല്ല. എന്നാല്‍ മൂലധനത്തിന് വലിയ റിസ്‌ക് എടുക്കാതെ തന്നെ പണത്തില്‍ നിന്നോ ബോണ്ടുകളില്‍ നിന്നോ 5 ശതമാനമോ 6 ശതമാനമോ ആദായം ലഭിക്കുമ്പോള്‍ ഇതൊരു പ്രശ്‌നമായി മാറുന്നു. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുന്നതിലേക്കുള്ള കര്‍ശനമായ നിലപാട് സ്വീകരിക്കുമോ എന്ന ആശങ്ക നിക്ഷേപകരുടെ റിസ്‌ക് എടുക്കാനുള്ള താല്‍പ്പര്യത്തെ ബാധിക്കുന്നു എന്ന് ഫോറെക്‌സ് ഡോട്ട് കോമിലെ ഗ്ലോബല്‍ മാക്രോ മാര്‍ക്കറ്റ് അനലിസ്റ്റായ ഫവാദ് റസാഖ്സാദ പറയുന്നു.

ഇതിന്റെ ഫലമായി ആഗോള ഓഹരികളും സ്വര്‍ണവും ബിറ്റ്കോയിനും എല്ലാം താഴേക്ക് പോകുന്നു. നിലവില്‍ സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായി കണക്കാക്കപ്പെടുന്നത് യുഎസ് ഡോളറാണ്. ഡോളറുമായി ബന്ധിപ്പിച്ച കറന്‍സികളില്‍ വരുമാനം നേടുന്നവര്‍ക്ക് ഇതൊരു നല്ല വാര്‍ത്തയാണ്. ഡോളര്‍ തകരുമെന്ന സമീപകാല ചര്‍ച്ചകള്‍ അമിതമായി ഊതിവീര്‍പ്പിച്ചതായിരുന്നു. ഇതാദ്യമായല്ല ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാകുന്നത്.

ഡോളറിന്റെ മൂല്യം കുറയുമെന്ന വാദം ശരിയായിരിക്കാമെങ്കിലും ആ പ്രക്രിയയ്ക്ക് പതിറ്റാണ്ടുകള്‍ വേണ്ടിവരും. 1999-ല്‍ യൂറോ നിലവില്‍ വന്നതിനുശേഷം ഡോളറിന് വലിയൊരു തകര്‍ച്ച നേരിടേണ്ടി വരികയും അടുത്ത ഒരു പതിറ്റാണ്ടിനുള്ളില്‍ അതിന്റെ മൂല്യത്തില്‍ 40 ശതമാനത്തോളം കുറവുണ്ടാവുകയും ചെയ്തു. എന്നിട്ടും ലോകത്തിലെ പ്രധാന കരുതല്‍ കറന്‍സി എന്ന സ്ഥാനം നിലനിര്‍ത്താന്‍ അതിന് കഴിഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *