Headlines

ഇറാന് വമ്പന്‍ ലോട്ടറി; യുദ്ധത്തിനിടെ കോടികള്‍ ലഭിക്കാന്‍ വഴിയൊരുങ്ങി, എങ്കിലും പരസഹായം വേണം | Big Lottery For Iran: Huge Amount Gas Reserve Discovered In South Amid Iran US Tension, Details


Gulf

oi-Ashif N

തെഹ്‌റാന്‍: ആറ് മാസത്തോളമായി യുദ്ധത്തിലാണ് ഇറാന്‍. അമേരിക്കയും ഇസ്രായേലുമാണ് മറുഭാഗത്ത്. ഒട്ടേറെ എണ്ണ-വാതക മേഖലകള്‍ക്ക് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. പാലങ്ങള്‍ തകര്‍ക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇതില്‍പ്പെടും. എങ്കിലും പിന്നോട്ടില്ലെന്നും അമേരിക്ക ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നുമാണ് ഇറാന്റെ നിലപാട്.

അതിനിടെ, ഇറാന് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഇറാനില്‍ വമ്പന്‍ വാതക ശേഖരം കണ്ടെത്തിയിരിക്കുകയാണ്. ഫാര്‍സ് പ്രവിശ്യയിലാണ് ഏഴര ലക്ഷം കോടി ക്യൂബിക് ഫീറ്റ് വാതകം കണ്ടെത്തിയിരിക്കുന്നത്. ഖനനം ചെയ്ത് കയറ്റുമതി ചെയ്താല്‍ കോടികള്‍ കൊയ്യാം. അതിന് വിദേശ നിക്ഷേപം ആവശ്യമാണ് എന്നതാണ് മറ്റൊരു കാര്യം.

iran discovered huge gas reserve

ആറ് ലക്ഷത്തോളം ക്യൂബിക് ഫീറ്റ് വാതകം ഖനനം ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് കണ്ടെത്തിയത് എന്ന് ഇറാന്റെ എണ്ണ വകുപ്പ് മന്ത്രി മുഹ്‌സിന്‍ പാക് നജാദ് പറയുന്നു. ഊര്‍ജ മേഖലയ്ക്ക് വലിയ ഉണര്‍വേകുന്ന കണ്ടെത്തലാണിത്. ലോകത്തെ ഏറ്റവും വലിയ വാതക പാടങ്ങളില്‍ ഒന്നാണ് ഇറാനും ഖത്തറും അതിര്‍ത്തി പങ്കിടുന്ന സൗത്ത് പാര്‍സ്. ഇവിടെ 15 വര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന അത്രയും അളവിലാണ് കണ്ടെത്തിയ പുതിയ വാതക ശേഖരം.

ഗ്യാസ് കോണ്ടന്‍സേറ്റും കണ്ടെത്തിയവയില്‍പ്പെടും. ആയിരം കോടി ഡോളറില്‍ അധികം സമ്പാദിക്കാനുള്ള വഴിയാണ് ഇറാന് മുമ്പില്‍ തെളിഞ്ഞിരിക്കുന്നത്. കഴിയുംവേഗം ഇവ ഖനനം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് എണ്ണ വകുപ്പ് മന്ത്രി വിശദീകരിച്ചു. എന്നാല്‍ ഏത് രാജ്യത്ത് നിന്നാണ് ഇറാനിലേക്ക് നിക്ഷേപം വരിക എന്ന ചോദ്യം ബാക്കിയാണ്.

അമേരിക്കന്‍ ഉപരോധം കാരണം ഇറാനിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം വരുന്നില്ല. യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ നിക്ഷേപം ലഭിക്കാന്‍ വളരെ പ്രയാസമാണ്. ഇതാണ് ഇറാന്‍ നേരിടുന്ന വലിയ വെല്ലുവിളി. മാത്രമല്ല, കടുത്ത വൈദ്യുതി പ്രതിസന്ധിയും ഇറാന്‍ നേരിടുന്നുണ്ട്. നിലവില്‍ വൈദ്യുതി മതിയായ അളവില്‍ ലഭ്യമല്ലാത്തത് കാരണം, ജനങ്ങളോട് ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍.

ആറ് മാസമായി തുടരുന്ന യുദ്ധത്തിനിടെ ഇറാനിലെ പല വാതക കേന്ദ്രങ്ങളും അമേരിക്ക ആക്രമിച്ചിട്ടുണ്ട്. ഇതോടെ വാതക ഉല്‍പ്പാദനം മന്ദഗതിയിലാണ്. ഇതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം. ഇറാനില്‍ കൂടുതല്‍ വാതക ശേഖരമുള്ള സൗത്ത് പാര്‍സിലെ കേന്ദ്രങ്ങളിലും അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇറാനെ സമ്മര്‍ദ്ദത്തിലാക്കി വരുതിയിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ ഇതുവരെ ഇറാന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചയുടെ സ്വരം കേട്ടിട്ടില്ല. യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെട്ടിരിക്കുകയാണ് എന്ന് ഇറാന്‍ പറയുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *