Headlines

ഇന്ത്യയ്ക്ക് ജോലി ചെയ്തത് പതിറ്റാണ്ടുകള്‍; ഇപ്പോള്‍ പൗരത്വം ചോദിക്കുന്നു, നവദീപ് സുരി ആശങ്കയില്‍ | Served India For Decades; Now Seeking Citizenship In SIR, Ex IFS Officer Navdeep Suri Concerned


India

oi-Ashif N

വോട്ടര്‍പട്ടികയുടെ എസ്‌ഐആര്‍ നടപടികള്‍ക്കിടെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനോട് പൗരത്വം തെളിയിക്കാനുള്ള രേഖ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. നിരവധി രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മുന്‍ ഐഎഫ്എസ്് ഓഫീസര്‍ നവദീപ് സുരിക്കാണ് ഈ ദുരനുഭവം. കൈവശമുള്ള തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കാണിച്ചെങ്കിലും പൗരത്വം തെളിയിക്കുന്ന മറ്റു രേഖകള്‍ ചോദിക്കുകയായിരുന്നു.

യുഎസ്, യുഎഇ, ഈജിപ്ത്, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നയതന്ത്ര ഉദ്യോഗസ്ഥനാണ് നവദീപ് സുരി. മുന്‍ അംബാസഡര്‍ ആയ ഇദ്ദേഹം തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 30 വര്‍ഷത്തിലേറെ ഇന്ത്യന്‍ ഫോറിന്‍ സര്‍വിസില്‍ പ്രവര്‍ത്തിച്ച പഞ്ചാബിലെ അമൃതസര്‍ സ്വദേശിയാണ് ഈ 67കാരന്‍.

sir punjab

ബിഎല്‍ഒയെ സമീപിച്ച് വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും നല്‍കി. എല്ലാം ഓകെയാണ് എന്ന് ബിഎല്‍ഒ പറഞ്ഞു. എന്നാല്‍ അധികം വൈകാതെ കൂടുതല്‍ രേഖ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് മെസ്സേജ് കിട്ടി. 2003ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയ കാര്യം. അന്ന് താന്‍ ലണ്ടനില്‍ രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിക്കുകയായിരുന്നു എന്ന് അറിയിച്ചു. എന്നാല്‍ പാസ്‌പോര്‍ട്ട് രേഖ വേണം എന്നായി അടുത്ത ചോദ്യം.

ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന രേഖകളുമായി എത്തണമെന്ന് ആവശ്യപ്പെട്ട് ബിഎല്‍ഒ നോട്ടീസ് കൊടുത്തിരിക്കുകയാണ്. ഇന്ത്യയെ വിവിധ രാജ്യങ്ങളില്‍ പ്രതിനിധീകരിച്ച വ്യക്തിക്ക് പോലും പൗരത്വം തെളിയിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന ആശങ്കയും സുരി പങ്കുവച്ചു. 2019ലാണ് ഇദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചതും അമൃതസറിലെ വീട്ടില്‍ സ്ഥിരതാമസമാക്കിയതും.

തിരഞ്ഞെടുപ്പ് കമ്മീഷനോ, പഞ്ചാബ് സര്‍ക്കാരോ, കേന്ദ്ര സര്‍ക്കാരോ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പഞ്ചാബില്‍ എസ്‌ഐആറിന്റെ രണ്ടാംഘട്ട പരിശോധനകള്‍ നടക്കുകയാണ്. ആദ്യഘട്ടം ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 3 വരെ ആയിരുന്നു. ഇതുവരെ 1.94 കോടി ആളുകളുടെ രേഖകള്‍ പരിശോധിച്ചു. 20 ലക്ഷത്തിലധികം വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്താണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ് പഞ്ചാബില്‍.

117 നിയമസഭാ മണ്ഡലങ്ങളില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് പട്ടിക പരിശോധിച്ച് ആക്ഷേപങ്ങള്‍ അറിയിക്കാന്‍ സെപ്തംബര്‍ 12 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ എട്ട് വരെ പരാതിക്കാരുടെ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 12ന് പ്രസിദ്ധീകരിക്കും. പഞ്ചാബില്‍ എഎപിയാണ് അധികാരത്തില്‍. ഇത്തവണ ഭരണം പിടിക്കാനുള്ള എല്ലാ ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. എഎപിയുടെ പ്രധാന നേതാക്കള്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *