Headlines

കേരള പോലീസിന് കൈയ്യടി; 13കാരിയെ കണ്ടെത്തിയത് ഒഡീഷയിലെ വനമേഖലയില്‍, സഞ്ചരിച്ചത് 4000 കിമീ | 13 Year Old Girl Found In Odisha Forest Area; Kerala Police Traveled 4000 Kilometers, Details Inside


Kerala

oi-Ashif N

കൊച്ചി: കാണാതായ 13 വയസുകാരിയെ കണ്ടെത്താന്‍ കേരള പോലീസ് റോഡ് മാര്‍ഗം സഞ്ചരിച്ചത് 4,000 കിലോമീറ്ററോളം. ഒഡിഷയിലെ നക്‌സല്‍ സ്വാധീന മേഖലയില്‍ നിന്ന് 13കാരിയെ കണ്ടെത്തി. കുറുപ്പംപടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയത്.

ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പോലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടന്‍ സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും സൂചന ലഭിച്ചില്ല.

kerala police found girl in odisha

ദൗത്യത്തില്‍ പങ്കാളികളായ പോലീസ് സംഘം

സാങ്കേതികവിദ്യയുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സേലത്തെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നതായി പോലീസ് മനസിലാക്കി.

കുറുപ്പംപടിയില്‍ നിന്നുള്ള പോലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെഎസ് സുദര്‍ശന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലേക്ക് യാത്ര തിരിച്ചു.

ഒഡിഷയില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന നിര്‍ണായക വിവരം ലഭിച്ചത്. പ്രദേശം നക്‌സല്‍ സ്വാധീന മേഖലയാണെന്നും അവിടേക്കുള്ള യാത്ര അപകടകരമാണെന്നും മനസിലാക്കിയ അന്വേഷണ സംഘം എന്തുവന്നാലും കുട്ടിയെ കണ്ടെത്തുമെന്ന് ഉറപ്പിച്ച് ഓഗസ്റ്റ് 18ന് ഒഡിഷയിലെത്തി.

പകല്‍ സമയത്ത് പോലീസ് വാഹനങ്ങള്‍ ഇവിടേക്ക് പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്ന് ബഞ്ചനഗര്‍ പോലീസ് അറിയിച്ചു. തുടര്‍ന്ന് അര്‍ധരാത്രിയോടെ പ്രദേശത്തേക്ക് പോകാന്‍ തീരുമാനിച്ചു. എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ ആയുധധാരികളായ എട്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തോടൊപ്പം നിയോഗിച്ചു. കുറുപ്പംപടി സംഘത്തിനും സുരക്ഷയ്ക്കായി ആയുധങ്ങള്‍ നല്‍കി.

രാത്രി 12 മണിയോടെ വനമേഖലയിലൂടെ ഏകദേശം 40 കിലോമീറ്റര്‍ സഞ്ചരിച്ച് പോലീസ് സംഘം ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റര്‍ അകലെയായി വാഹനങ്ങള്‍ നിര്‍ത്തി. ഒറ്റനിരയായി കാട്ടിലൂടെ നടന്ന് പ്രദേശത്തേക്ക് പ്രവേശിച്ചു. കാട്ടിനുള്ളില്‍ സ്ഥിതിചെയ്യുന്ന അഞ്ച് വീടുകളില്‍ അലോകിന്റെ വീട് കണ്ടെത്തുന്നതും ദുഷ്‌കരമായിരുന്നു. ഒടുവില്‍ വീട് തിരിച്ചറിഞ്ഞ് പോലീസ് സംഘം വീടിന് ചുറ്റും വളയം തീര്‍ത്തു. ഇതിനിടെ സമീപ വീടുകളിലുള്ളവരും ഉണര്‍ന്നു.

ചെറിയ വാക്കുതര്‍ക്കത്തിനൊടുവില്‍ പോലീസ് അലോകിനെയും കാണാതായ പെണ്‍കുട്ടിയെയും കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെയും അലോകിനെയും സുരക്ഷിതമായി ബഞ്ചനഗര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം കേരളത്തിലേക്ക് മടങ്ങി. സബ് ഇന്‍സ്‌പെക്ടര്‍ കെ.എം അബി, സീനിയര്‍ സിപിഒ മാരായ എന്‍പി ബിന്ദു, അരുണ്‍ കെ കരുണന്‍, രജിത് രാം എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *