Headlines

നിലംപരിശമാക്കാന്‍ ഇറാന്‍ ഒരുക്കം; യുഎസ് സൈന്യം ഖാര്‍ഗ് ദ്വീപ് പിടിച്ചാല്‍ കുവൈത്ത് ലക്ഷ്യമിടുന്നു | Iran Tactical Move; If US Seize Kharg Island Iran Plan To Kuwait Through Southern Iraq, Latest Updates


Gulf

oi-Ashif N

അമേരിക്കക്കും ഇസ്രായേലിനും എതിരെ ശക്തമായ ഒരുക്കം ഇറാന്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 60 ദിവസം തുടര്‍ച്ചയായ യുദ്ധം ഇല്ലാതിരുന്ന വേളയില്‍ ഇറാന്‍ രഹസ്യമായി കരുത്ത് കൂട്ടിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെയും അറബ് രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഏതാനും ദിവസങ്ങള്‍ മാത്രം ആക്രമണം നടന്നത് ഒഴിച്ചാല്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ ശക്തമായ പോര് ഉണ്ടായിരുന്നില്ല.

മിസൈല്‍ നിര്‍മാണം, മിസൈല്‍ കൃത്യത ശക്തമാക്കല്‍, രഹസ്യവിവര ശേഖരണം, വിപ്ലവ സേനയുടെ നവീകരണം, സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും വിപ്ലവ സേനയുടെ നിയന്ത്രണം, അയല്‍രാജ്യങ്ങളിലെ സായുധ സംഘങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളിലായിരുന്നു കഴിഞ്ഞ രണ്ടു മാസം ഇറാന്‍ ശ്രദ്ധിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിനിര്‍ത്തല്‍ കാലം പരമാവധി ഉപയോഗപ്പെടുത്തി എന്ന് വപ്ലവ ഗാര്‍ഡ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഹുസൈന്‍ മുഹിബ്ബി അടുത്തിടെ പറഞ്ഞിരുന്നു.

iran plan to move against kuwait and us allies

അമേരിക്കയുടെ ശ്രദ്ധ ഹോര്‍മുസ് പാത തുറക്കുന്നതിലായിരുന്നു. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ജലമേഖലയില്‍ നാവിക സേനയെ അമേരിക്ക ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇറാന് മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കാനായിരുന്നു അമേരിക്ക ശ്രദ്ധ. എന്നാല്‍ അമേരിക്ക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആഗോള സാമ്പത്തിക രംഗത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്താനും വന്‍ ആക്രമണത്തിന് തയ്യാറെടുക്കാനുമാണ് എന്ന് ഇറാന്‍ കരുതുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്‍ സൈന്യത്തില്‍ വലിയ പരിഷ്‌കാരം അടുത്തിടെ നടപ്പാക്കിയിരുന്നു. പഴയ ഇറാഖ് യുദ്ധകാലത്തെ പ്രമുഖരെ വീണ്ടും സുപ്രധാന പദവികളില്‍ നിയമിച്ചിട്ടുണ്ട്. ഇറാഖ്, യമന്‍, ലബനാന്‍ എന്നിവിടങ്ങളിലെത്തി ഇറാന്‍ സൈന്യത്തിലെ ഉന്നതര്‍ സായുധ സംഘങ്ങളുമായി ചര്‍ച്ച നടത്തിയത്രെ. സൗദി അറേബ്യയിലെ ഊര്‍ജ കേന്ദ്രങ്ങള്‍ അടുത്തിടെ ഇറാഖില്‍ നിന്നും യമനില്‍ നിന്നുമുള്ള സംഘങ്ങള്‍ ആക്രമിച്ചിരുന്നു. ഇതിന് പിന്നില്‍ ഇറാന്റെ സഹായമുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഇറാന്‍ സൈന്യം ജോര്‍ദാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയ വേളയിലാണ് ഹൂതികളും ഇറാഖി സംഘങ്ങളും സൗദിയില്‍ ആക്രമണം നടത്തിയത്. ഇനി ഇറാനുമായി ധാരണയ്ക്കില്ല എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ഇറാന് അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍ ഒമാനെയും ആക്രമിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഇറാന്‍ വെള്ള പതാക ഉയര്‍ത്തി കീഴടങ്ങിയതായി പ്രഖ്യാപിക്കണം എന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

ശക്തമായ സൈനിക നീക്കം അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഇറാന് ആശങ്കയുണ്ട്. ഈ വേളയില്‍ പേര്‍ഷ്യന്‍ കടലിലൂടെ പോകുന്ന കേബിളുകള്‍ നശിപ്പിക്കുക, കുവൈത്തിലും ബഹ്‌റൈനിലും ഷിയാ വിഭാഗക്കാരെ ഉപയോഗിച്ച് ആഭ്യന്തര കുഴപ്പങ്ങള്‍ സൃഷ്ടിക്കുക, കുവൈത്തിലേക്ക് കരയാക്രമണം നടത്തുക എന്നീ പദ്ധതികള്‍ ഇറാന് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കുവൈത്തിലെ ദ്വീപില്‍ മല്‍സ്യബന്ധന ബോട്ടില്‍ ആറ് ഇറാന്‍ സൈനികര്‍ എത്തി എന്ന് കഴിഞ്ഞ മെയില്‍ വാര്‍ത്ത വന്നിരുന്നു. യുഎസ് സൈന്യം ഇറാന്റെ ഖാര്‍ഗ് ദ്വീപ് പിടിച്ചാല്‍ തെക്കന്‍ ഇറാഖിലൂടെ കയറി കുവൈത്ത് പിടിക്കാനുള്ള നീക്കം ഇറാന്‍ നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *