Headlines

ഓണച്ചെലവ് കൂടും.. 2200 രൂപ കൂടി കടമെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍; മൂന്ന് മാസം കൊണ്ട് 14400 കോടി കടം!! | VD Satheesan Lead UDF Govt Will Borrow Rs 2200 Cr More To Deal Onam Expense, Total Debt Near 15000 Cr


Kerala

oi-Jithin TP

കേരളം 2200 കോടി രൂപ കടമെടുക്കുന്നു. ഓണക്കാല ചെലവ് നേരിടാന്‍ എന്ന കാരണം പറഞ്ഞാണ് യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നത്. കപ്പത്രലേലം ചൊവ്വാഴ്ച നടക്കും. ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍, ബോണസ്, ഉത്സവബത്ത എന്നിവ ഉള്‍െപ്പടെ ഏകദേശം 10,000 കോടി രൂപയാണ് ഓണക്കാലത്ത് ചെലവാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് 2200 കോടി രൂപ കൂടി കടമെടുക്കുന്നത്.

അതേസമയം 2200 കോടി രൂപ കൂടി കടമെടുക്കുന്നതോടെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള കടമെടുപ്പ് 14400 കോടി രൂപയാവും. കടമെടുപ്പ് പരിധി കൂട്ടണം എന്ന് കേന്ദ്രത്തോട് സര്‍ക്കാര്‍ ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധ്യത കുറവാണ്. അതേസമയം കടമെടുപ്പിന് പുറമെ ട്രഷറി വഴിയുള്ള സമാഹരണത്തിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

VD Satheesan

ഇതിനായി ട്രഷറിയില്‍ ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 30 വരെ പ്രത്യേക നിക്ഷേപ സമാഹരണം തുടങ്ങി. രണ്ട് വര്‍ഷമോ അതില്‍ കൂടുതല്‍ കാലത്തേക്കോ ഉള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കാനാണ് തീരുമാനം. പുതുതായുള്ള നിക്ഷേപങ്ങള്‍ക്ക് പൊതുജനത്തിന് 7.75 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനവും ലഭിക്കുന്ന തരത്തിലായിരിക്കും പലിശ പരിഷ്‌കരിക്കുക.

നിലവില്‍ ഇത് 7.5% ആണ്. സെപ്റ്റംബര്‍ 30 നുശേഷമുള്ള നിക്ഷേപങ്ങള്‍ക്ക് പഴയ നിരക്കിലായിരിക്കും പലിശ. ഒരുവര്‍ഷം അധികമായി സ്വീകരിക്കുന്ന നിക്ഷേപം സംസ്ഥാനത്തിന്റെ കടമായിക്കണ്ട് അടുത്ത വര്‍ഷത്തെ വായ്പാപരിധിയില്‍ തുല്യമായ തുക കുറയ്ക്കും എന്നതിനാല്‍ ട്രഷറി നിക്ഷേപം ദീര്‍ഘകാലത്തേക്ക് പ്രയോജനപ്പെടില്ല. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ പൊതുകടം പെരുകുന്നതിനെതിരെ വലിയ വിമര്‍ശനം ഉന്നയിച്ചവരാണ് യുഡിഎഫ്.

എന്നാല്‍ യുഡിഎഫ് അധികാരത്തിലെത്തിയിട്ടും കടമെടുപ്പില്‍ കുറവൊന്നുമില്ല. സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് മാസം മാത്രം കഴിയുമ്പോഴാണ് കടമെടുപ്പ് 14400 കോടി രൂപ കടക്കുന്നത്. ആദ്യ രണ്ട് മാസം കൊണ്ട് തന്നെ വി ഡി സതീശന്‍ സര്‍ക്കാര്‍ 10400 കോടി രൂപ കടമെടുത്തിരുന്നു. ഡിസംബര്‍ വരെ അനുവദിച്ച കടമെടുപ്പ് പരിധിയുടെ പകുതിയോളം ഇതിനകം കേരളം കടമെടുത്ത് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

പത്ത് കൊല്ലത്തെ ഇടത് ഭരണത്തില്‍ സംസ്ഥാനത്തെ പൊതുകടം ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിരിക്കുമ്പോള്‍ യുഡിഎഫ് ഉന്നയിച്ച പ്രധാന വിമര്‍ശനം. അധികാരത്തിലെത്തിയതിന് പിന്നാലെ പുറത്തിറക്കിയ ധവളപത്രത്തിലും പൊതു കടം പെരുകുന്നതിലുളള ആശങ്ക പങ്കുവെച്ചിരുന്നു. എന്നാല്‍ കടമെടുപ്പിന്റെ കാര്യത്തില്‍ വി.ഡി.സതീശന്‍ സര്‍ക്കാരും പിന്നിലല്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഭരണത്തിലേറി രണ്ട് മാസത്തിനകം സര്‍ക്കാര്‍ 10400 കോടി രൂപ പൊതുവിപണിയില്‍ നിന്ന് വായ്പയെടുത്തിരുന്നു. മെയ് 26 നായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ ആദ്യം കടമെടുത്തത്. ഓണക്കാലത്ത് എടുക്കാന്‍ പോകുന്നതടക്കം ആറ് തവണയാണ് ഇതുവരെ കടമെടുത്തത്. ഡിസംബര്‍ വരെയുളള സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 23000 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാരുകള്‍ വായ്പയെടുക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *