Headlines

വന്ദേഭാരത് സീറ്റുകള്‍ കൂട്ടി; ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസം, തിങ്കളാഴ്ച മുതല്‍ വെയ്റ്റിങ് ലിസ്റ്റ് കുറയും | Bengaluru Ernakulam Vande Bharat Seat Capacity Increased; Waiting List To Decrease From Monday, Details


Travel

oi-Ashif N

കൊച്ചി: എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ സീറ്റുകള്‍ വര്‍ധിപ്പിച്ചു. കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 16 ആക്കി ഉയര്‍ത്തിതോടെ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാം. തിങ്കളാഴ്ച മുതലാണ് പുതിയ 16 കോച്ചുള്ള വന്ദേഭാരത് സര്‍വീസ് ആരംഭിക്കുക. രാവിലെ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും ഉച്ചയ്ക്ക് ശേഷം എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുമാണ് സര്‍വീസ്.

ലക്ഷക്കണക്കിന് മലയാളികളാണ് ബെംഗളൂരുവില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നത്. ഇവര്‍ക്ക് ആശ്രയം ഇന്റര്‍സിറ്റിയും വന്ദേഭാരത് ട്രെയിനുമാണ്. ബസ് സര്‍വീസ് ആശ്രയിക്കുന്നവരും കുറവല്ല. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്നവരുമുണ്ട്. വിമാന സര്‍വീസ് തേടുന്നവരും ഏറെ. എന്നാല്‍ വന്ദേഭാരത് സീറ്റുകള്‍ കൂട്ടിയത് യാത്രക്കാര്‍ക്ക് ആശ്വാസമാണ്.

bengaluru vande bharat seat increases

കഴിഞ്ഞ വര്‍ഷമാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്. എട്ട് കോച്ചുള്ള ട്രെയിന്‍ ആയതിനാല്‍ 530 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിച്ചിരുന്നത്. ഇനി 16 ആയി ഉയരുമ്പോല്‍ 598 അധിക സീറ്റുകള്‍ ലഭിക്കും. മൊത്തം 1128 പേര്‍ക്ക് യാത്ര ചെയ്യാം. ഓണത്തിനുള്ള തിരക്ക് കുറയാനും വഴിയൊരുങ്ങും. ഓണത്തിന് വലിയ തിരക്കുള്ള ഓഗസ്റ്റ് 21, 22 ദിവസങ്ങളിലും മാസവസാനവും നിലവില്‍ ബുക്കിങ് ഫുള്‍ ആണ്. എന്നാല്‍ പുതിയ സീറ്റുകള്‍ തിങ്കളാഴ്ച മുതല്‍ എത്തുന്നതോടെ വെയ്റ്റിങ് ലിസ്റ്റ് കുറയും.

രാവിലെ 5.50നാണ് ബെംഗളൂരുവില്‍ നിന്ന് കൊച്ചിയ്യിലേക്ക് ട്രെയിന്‍ പുറപ്പെടുക. തമിഴ്‌നാട്ടിലൂടെ പാലക്കാട് വഴി തൃശൂരിലൂടെയാണ് ട്രെയിന്‍ ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തുന്നത്. മടക്ക സര്‍വീസ് അര മണിക്കൂറിന് ശേഷം 2.20നാണ്. രാത്രി 11 മണിയോടെ ബെംഗളൂരുവില്‍ എത്തും. ട്രെയിന്‍ വൈകുന്നു എന്ന പരാതി അടുത്തിടെ ഉണ്ടായിരുന്നു. അതിനിടെയാണ് വെള്ളിയാഴ്ച എറണാകുളത്ത് വച്ച് വന്ദേഭാരത് എക്‌സ്പ്രസില്‍ ചത്ത പാമ്പിനെ കണ്ടെത്തിയത്.

സി-6 കോച്ചിലെ 27ാം നമ്പര്‍ സീറ്റിലായിരുന്നു ചത്ത അണലി. ടിടിഇയും മറ്റു ഉദ്യോഗസ്ഥരും എത്തി ഇതിനെ എടുത്തു മാറ്റി. അതേസമയം, ശുചീകരണം കഴിഞ്ഞ ശേഷം എങ്ങനെയാണ് പാമ്പിനെ കാണുന്ന സാഹചര്യമുണ്ടായത്, പാമ്പ് എവിടെ നിന്ന് വന്നു തുടങ്ങിയ കാര്യങ്ങള്‍ റെയില്‍വെ അന്വേഷിക്കുന്നുണ്ട്. ശുചീകരണ തൊഴിലാളികള്‍ പാമ്പിനെ എടുത്തു മാറ്റിയ ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്.

കേരളത്തില്‍ നിലവില്‍ മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം കാസര്‍കോട്, തിരുവനന്തപുരം മംഗലാപുരം, എറണാകുളം ബെംഗളൂരു എന്നീ റൂട്ടുകളിലാണിത്. വൈകാതെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കേരളത്തിന് ലഭിക്കുമെന്ന് വാര്‍ത്തയുണ്ട്. ഗോവ മംഗലാപുരം വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണം എന്ന ആവശ്യവും ശക്തമാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *