Headlines

ബെംഗളൂരു റോഡുകളിലെ 74 ശതമാനം കുഴികളും അടച്ചെന്ന് ജിബിഎ; 2600 എണ്ണം ഇനിയും ബാക്കിയെന്ന് റിപ്പോർട്ട് | GBA Claims 74 Percent Of Potholes On Bengaluru Roads Filled; Report Indicates 2600 Still Remain


India

oi-Nidhin Illikkambath

ബെംഗളൂരു: ബെംഗളൂരുവിലെ അഞ്ച് നഗര കോർപ്പറേഷനുകളിലായി കണ്ടെത്തിയ റോഡിലെ കുഴികളിൽ ഏകദേശം 74 ശതമാനവും അടച്ചതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. കർണാടക ഹൈക്കോടതിയെയാണ് ജിബിഎ ഇക്കാര്യം അറിയിച്ചത്. കണ്ടെത്തിയ 10,000ത്തിലധികം കുഴികളിൽ ഏകദേശം 2600 എണ്ണം ഇപ്പോഴും അറ്റകുറ്റ പണികൾ നടത്തേണ്ടതുണ്ട്.

ചീഫ് ജസ്‌റ്റിസ് വിഭു ബഖ്റു, ജസ്‌റ്റിസ് കെഎസ് ഹേമലേഖ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുന്നിലാണ് ജിബിഎ ഇക്കാര്യം അറിയിച്ചത്. അറ്റകുറ്റപ്പണി തുടരുന്നതിനാൽ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ജിബിഎ ആവശ്യപ്പെട്ടു. എന്നാൽ സത്യവാങ്മൂലം നൽകാൻ ജൂലൈയിൽ തന്നെ അവസാന അവസരം നൽകിയിരുന്നുവെന്ന് കോടതി വാക്കാൽ ചൂണ്ടിക്കാട്ടി.

bengaluru

ജിബിഎയുടെ കണക്കുകൾ പ്രകാരം ഏപ്രിൽ വരെ ബെംഗളൂരുവിൽ ഏകദേശം 1,02,022 റോഡ് കുഴികൾ കണ്ടെത്തിയിരുന്നു. പ്രധാന റോഡുകളിലെയും ആർട്ടീരിയൽ റോഡുകളിലെയും കുഴികൾ അടയ്ക്കണമെന്നും മഴവെള്ളം ഒഴുകുന്ന ഓടകളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് വിജയൻ മേനോനും മറ്റ് ചിലരും 2015ൽ നൽകിയ പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

റോഡിലെ കുഴികൾ മൂലം ഉണ്ടായ അപകടങ്ങളിൽ മരണങ്ങളും പരിക്കുകളും സംഭവിച്ചതുമായി ബന്ധപ്പെട്ട് എത്ര എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് അടുത്ത വാദത്തിനിടെ അറിയിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വാക്കാൽ നിർദേശിച്ചു. കേസ് സെപ്റ്റംബർ 16ന് വീണ്ടും പരിഗണിക്കും.

2024 സെപ്റ്റംബറിൽ, റോഡുകളിലെ കുഴികൾ കണ്ടെത്താനും അവ അടയ്ക്കാനും റോഡുകൾ സുരക്ഷിതമായി പരിപാലിക്കാനും ഓരോ വർഷവും സ്വീകരിക്കുന്ന സംവിധാനത്തിന്റെ വിശദാംശങ്ങൾ കോടതിയിൽ സമർപ്പിക്കാൻ അന്നത്തെ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നീട് ബിബിഎംപിയ്ക്ക് പകരം ജിബിഎ നിലവിൽ വന്നു.

ബെംഗളൂരുവിലെ റോഡുകളുടെ മോശം അവസ്ഥയും കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങളും തുടർച്ചയായി ശ്രദ്ധയിൽപ്പെടുന്ന സാഹചര്യത്തിലാണ് ഇടപെടൽ. ഏറ്റവും ഒടുവിലുണ്ടായ സംഭവത്തിൽ മലയാളിയായ 32കാരി ഹെബ്ബഗോഡിയിൽ മരിച്ചിരുന്നു. ഇരുചക്രവാഹനത്തിൽ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി കുഴി ഒഴിവാക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ ജീവനക്കാരിയായ യുവതി സുഹൃത്തിനൊപ്പമാണ് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്‌തിരുന്നത്. കുഴി ഒഴിവാക്കുന്നതിനിടെ വാഹനം ഓടിച്ചിരുന്നയാൾക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടതോടെ യുവതി റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ എത്തിയ വാഹനം യുവതിയുടെ ദേഹത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ യുവതി മരിച്ചു. ഇതോടെ പ്രതിഷേധം ശക്തമാവുകയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *